ന്യൂഡൽഹി: കൊവിഡ് പ്രതിരോധത്തിനുളള കൊവിഷീൽഡ് വാക്‌സിനായി കേന്ദ്ര സർക്കാരിൽ നിന്ന് പർച്ചേസ് ഓർഡർ ലഭിച്ചതായി സെറം ഇൻസ്‌റ്റിറ്റ്യൂട്ട് അധികൃതർ സ്ഥിരീകരിച്ചു. ഒരു ഡോസിന് 200 രൂപ നിരക്കിൽ വാക്‌സിൻ ലഭ്യമാക്കാനാണ് പദ്ധതി. ഇന്ന് രാത്രിയോടെതന്നെ ഓർഡറനുസരിച്ച് നൽകിത്തുടങ്ങുമെന്നാണ് സെറം അധികൃതർ അറിയിച്ചു.
അതേസമയം ഉടൻതന്നെ കൂടുതൽ വാക്‌സിനുകൾക്ക് ഓർഡർ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. മുഖ്യമന്ത്രിമാരുമായുളള യോഗത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്. ആരോഗ്യപ്രവർത്തകരിൽ സ്വകാര്യമേഖലയിലുളളവർക്കും ആദ്യഘട്ടത്തിൽ വാക്‌സിൻ നൽകുമെന്നും ആദ്യഘട്ടത്തിൽ മൂന്ന് കോടി പേർക്കാണ് കൊവിഡ് പ്രതിരോധ വാക്‌സിൻ നൽകുകയെന്നും സിറം ഇൻസ്‌റ്റിറ്റ്യൂട്ടിന് ഒരുകോടി ഡോസ് വാക്‌സിനുകൾക്ക് ഓർഡർ നൽകിയതായും പ്രധാനമന്ത്രി പറഞ്ഞു. ആരോഗ്യ പ്രവർത്തകർ, പൊലീസ്, ശുചീകരണ തൊഴിലാളികൾ എന്നിവർക്കും അൻപത് വയസിന് മുകളിലുളള ജീവിതശൈലി രോഗമുളളവർ, അൻപത് വയസിൽ താഴെയുളള ഗുരുതര രോഗമുളളവർ എന്നിവർക്കാണ് വാക്‌സിൻ വിതരണത്തിൽ മുൻഗണന.
വാക്‌സിൻ വിതരണ ചെലവ് നേരിടാൻ കൊവിഡ് സെസിനായി കേന്ദ്രം ആലോചിക്കുന്നുണ്ട്. അടുത്ത ബജറ്റിൽ ഈ നികുതി കൊണ്ടുവരാനാണ് ആലോചന. അധികവരുമാനമുളളവരിൽ നിന്നാകും ഈ നികുതി ഈടാക്കുക. എന്നാൽ മുൻപുതന്നെ കേന്ദ്രത്തിന്റെ ഈ ആലോചന പ്രതിപക്ഷപാർട്ടികൾ ശക്തമായി എതിർത്തിരുന്നു.