ന്യൂഡൽഹി: ഗാൽവാൻ താഴ്‌വരയിലേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിച്ച ചൈനീസ് പട്ടാളത്തെ സധൈര്യം നേരിട്ട കേണൽ സന്തോഷ് ബാബു ഉൾപ്പെടെയുള്ള 16 ബിഹാർ ബറ്റാലിയനിലെ അഞ്ച് സൈനികർക്ക് റിപ്പബ്ലിക്ക് ദിന പരേഡിൽ രാജ്യത്തിന്റെ ആദരം. ഇവർക്ക് മരണാനന്തര ബഹുമതിയായി ധീരതയ്ക്കുള്ള മെഡൽ സമ്മാനിക്കുമെന്നാണ് വിവരം. സർക്കാരുമായി ബന്ധപ്പെട്ട ഉന്നതതല വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്.
എന്നാൽ, എത്ര പേർക്കാണ് ബഹുമതി നൽകുകയെന്ന കാര്യം പ്രതിരോധ മന്ത്രാലയമോ സൈനിക വൃത്തങ്ങളോ പുറത്തുവിട്ടിട്ടില്ല. ചൈനീസ് സൈന്യത്തോട് ധീരമായി പോരാടി ജീവത്യാഗം ചെയ്ത രണ്ട് മുതിർന്ന ഉദ്യോഗസ്ഥർക്കും മൂന്ന് സൈനികർക്കുമായിരിക്കും ബഹുമതി നൽകുകയെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.