china

ബീജിംഗ്: കൊറോണ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ലോകാരോഗ്യ സംഘടനയുടെ വിദഗ്ദ്ധ സംഘം 14ന് ചൈനയിലെത്തുമെന്ന് റിപ്പോർ‌ട്ട്. വൈറസ് ആദ്യം റിപ്പോർട്ട് ചെയ്ത വുഹാനിലേക്ക് ഡബ്ലിയു.എച്ച്.ഒ സംഘത്തെ ചൈനീസ് ആരോഗ്യവിദഗ്ദ്ധരും അനുഗമിക്കും. അതേസമയം, കൊവിഡിന്റെ പുതിയ വകഭേദത്തെ ജപ്പാനിൽ കണ്ടെത്തി.

യു.കെ., ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത വൈറസ് വകഭേദങ്ങളിൽ നിന്ന് വളരെ വിഭിന്നമാണ് ഇപ്പോൾ കണ്ടെത്തിയ വൈറസ്. ബ്രസീലിൽ നിന്ന് ജപ്പാനിലെത്തിയ യാത്രക്കാരിലാണ് പുതിയ വകഭേദം കണ്ടെത്തിയതെന്ന് ജപ്പാൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. ജപ്പാൻ ലോകാരോഗ്യ സംഘടനയും മറ്റുരാജ്യങ്ങളുമായി ചേർന്ന് വൈറസിന്റെ പുതിയ വകഭേദത്തെക്കുറിച്ചുളള പഠനം നടത്തുകയാണ്..

പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയ വ്യക്തിക്ക് വിമാനത്താവളത്തിൽ എത്തുന്നത് വരെ രോഗലക്ഷണങ്ങൾ ഒന്നുംതന്നെ കാണിച്ചിരുന്നില്ല. എന്നാൽ പിന്നീട് ശ്വാസതടസം നേരിട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അതേസമയം വൈറസ് ബാധ സ്ഥിരീകരിച്ച മുപ്പതുകാരിക്ക് തലവേദന റിപ്പോർട്ട് ചെയ്തു. നേരത്തേ ബ്രിട്ടൺ, ദക്ഷിണാഫ്രിക്ക വകഭേദത്തിലുളള മുപ്പത് കൊവിഡ് കേസുകൾ ജപ്പാനിൽ റിപ്പോർട്ട് ചെയ്തിരുന്നു. പുതിയ വകഭേദം വളരെ വേഗത്തിൽ വ്യാപിക്കുന്നതിനാൽ വിദഗ്ദ്ധർ ആശങ്കയിലാണ്. ടോക്കിയോ പ്രദേശത്ത് വെള്ളിയാഴ്ച മുതൽ ജപ്പാൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.