car-sales

കൊച്ചി: കൊവിഡും സമ്പദ്‌മാന്ദ്യവും സൃഷ്‌ടിച്ച തിരിച്ചടിയിൽ നിന്ന് നേട്ടത്തിന്റെ ട്രാക്കിലേക്ക് ആഭ്യന്തര വാഹന വിപണിയുടെ കരകയറ്റം. ഡിസംബറിൽ മൊത്തം റീട്ടെയിൽ വാഹന വില്പന 11.01 ശതമാനം ഉയർന്നു. 18.44 ലക്ഷം വാഹനങ്ങൾ കഴിഞ്ഞമാസം പുതുതായി നിരത്തിലെത്തി. 2019 ഡിസംബറിൽ വില്പന 16.61 ലക്ഷമായിരുന്നു.

ക്രിസ്‌മസ്-പുതുവത്സര ഓഫറുകളും ജനുവരി മുതൽ വില ഉയരുമെന്നതും ഡിസംബറിലെ വില്പനയ്ക്ക് ആക്കംകൂട്ടിയെന്നാണ് വിലയിരുത്തൽ. ത്രീവീലറുകളും വാണിജ്യ വാഹനങ്ങളും ഒഴികെയുള്ളവ കഴിഞ്ഞമാസം വൻ തിരിച്ചുവരവ് നടത്തി. ടൂവീലർ വില്പന 11.88 ശതമാനം ഉയർന്ന് 14.24 ലക്ഷം യൂണിറ്റുകളിലെത്തി. 2.71 ലക്ഷം പുതിയ പാസ‍ഞ്ചർ വാഹനങ്ങൾ കഴിഞ്ഞമാസം വിറ്റഴിഞ്ഞു; 23.99 ശതമാനമാണ് വർദ്ധന. ട്രാക്‌ടർ വില്പന 51,​004 യൂണിറ്റുകളിൽ നിന്ന് 35.49 ശതമാനം ഉയർന്ന് 69,​105 യൂണിറ്റുകളായി.

ഡിസംബറിന്റെ നേട്ടം

ടൂവീലർ : 11.88%

3 വീലർ : -52.75%

പാസ‍ഞ്ചർ ശ്രേണി : 23.99%

ട്രാക്‌ടർ : 35.49%

വാണിജ്യ വാഹനം : -13.52%

ആകെ : 11.01%