vaccine

ന്യൂഡൽഹി: കൊവിഡ് വാക്സിനേഷന്റെ ആദ്യ ഘട്ടത്തിൽ ഡോക്ടർമാർ, ആരോഗ്യപ്രവർത്തകർ, പൊലീസുകാർ തുടങ്ങിയ കൊവിഡ് മുന്നണി പോരാളികൾ ഉൾപ്പെടുന്ന മൂന്ന് കോടി പേർക്ക് വാക്സിൻ നൽകുന്നതിന്റെ ചിലവ് കേന്ദ്ര സർക്കാർ വഹിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

സംസ്ഥാനങ്ങളല്ല, കേന്ദ്ര സർക്കാരാണ് ഇവർക്കുള്ള സൗജന്യ വാക്സിനേഷന്റെ ചിലവ് വഹിക്കുക എന്നാണ് രാജ്യത്തെ മുഖ്യമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം വ്യക്തമാക്കിയത്. ശുചീകരണ തൊഴിലാളികൾ, സൈനിക, അർദ്ധ സൈനികവിഭാഗങ്ങൾ എന്നിവരും ആദ്യഘട്ടത്തിൽ വാക്സിൻ ലഭിക്കുന്നവരിൽ ഉൾപ്പെടുമെന്നും മോദി വ്യക്തമാക്കി.

സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം വാക്സിനേഷൻ സംബന്ധിച്ച തയ്യാറെടുപ്പുകൾ എന്നിവയാണ് അദ്ദേഹം മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോൺഫറൻസിൽ വിലയിരുത്തിയത്.

ജനങ്ങൾക്ക് ഫലപ്രദമായ കൊവിഡ് വാക്സിനുകൾ നൽകാനായി രാജ്യത്തെ ശാസ്ത്രജ്ഞരും ആരോഗ്യ വിദഗ്ധരും വേണ്ട മുൻകരുതലുകൾ സ്വീകരിച്ചിട്ടുള്ളതായും അദ്ദേഹം കൂടിക്കാഴ്ചയ്ക്ക് ശേഷം അറിയിച്ചു. വാക്സിൻ സ്വീകരിച്ച ശേഷവും ജനങ്ങൾ രോഗ പ്രതിരോധ മാർഗങ്ങൾപിന്തുടരേണ്ടതുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി.

അതേസമയം, സെറം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയിൽ നിന്നും 1.1 കോടി അസ്‌ട്രാസെനേക്കാ കൊവിഡ് വാക്സിൻ ഡോസുകൾ വാങ്ങാനുള്ള കരാറും കേന്ദ്ര സർക്കാർ നൽകിയിട്ടുണ്ട്. ഈ മാസം പതിനാറാം തീയതി മുതലാണ് രാജ്യത്ത് വാക്സിൻ വിതരണം ആരംഭിക്കുക.