
തിരുവനന്തപുരം: സംസ്ഥാനത്തെ പോളിടെക്നിക്കുകളിൽ നടപ്പിലാക്കിയ എ.ഐ.സി.ടി.ഇ സ്‌കീമിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പോളിടെക്നിക് ലക്ചറർമാർ പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഇതിനു മുന്നോടിയായി 12ന് സംസ്ഥാനത്തെ എല്ലാ പോളിടെക്നിക്കുകളിലും കരിദിനമാചരിക്കും.
ഒരു വിഭാഗം അദ്ധ്യാപകർക്ക് ഉയർന്ന ശമ്പള നിരക്ക് അനുവദിച്ചെങ്കിലും എൻജിനിയറിംഗ് ലക്ചറർമാർക്ക് മാത്രം എ.ഐ.സി.ടി.ഇ സ്കീം നടപ്പാക്കിയതിൽ അർഹമായ പരിഗണന ലഭിച്ചില്ല. അപാകതകൾ പരിഹരിക്കുന്നതിനു വേണ്ടി ലക്ചറർമാരുടെ സംഘടനയ്ക്ക് സർക്കാർ നൽകിയ ഉറപ്പുകൾ പാലിച്ചില്ല.
എ.ഐ.സി.ടി.ഇ സ്‌കീം നടപ്പാക്കിയതിലെ അപാകതകൾ പരിഹരിക്കുക, ആറാം ശമ്പള പരിഷ്‌കരണത്തിൽ അനുവദിച്ച കരിയർ അഡ്വാൻസ് സ്‌കീം നടപ്പാക്കുക, എ.ഐ.സി.ടി.ഇ നിർദ്ദേശിച്ചിരിക്കുന്ന എല്ലാ ഇളവുകളും അനുവദിക്കുക, പുതിയ സ്‌കീമിലേക്ക് മാറ്റുമ്പോൾ 25% ഫിറ്റ്മെന്റ് ബെനിഫിറ്റ് പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ നടപ്പിലാക്കണമെന്ന് പോളിടെക്നിക് ലക്ചറർമാരുടെ സംഘടനയായ കെ.പി.സി.എൽ.എ സർക്കാരിനോട് ആവശ്യപ്പെട്ടു. അനുകൂല നടപടികൾ ഉണ്ടായില്ലെങ്കിൽ സംസ്ഥാനത്തെ മുഴുവൻ പോളിടെക്നിക് ലക്ചറർമാരെയും പങ്കെടുപ്പിച്ചു കൊണ്ട് പ്രത്യക്ഷസമരം നടത്തുമെന്ന് സംഘടന മുന്നറിയിപ്പ് നൽകി..