ബംഗളൂരു: ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ വ്യോമപാത താണ്ടി നാല് വനിതാ പൈലറ്റുമാർ. ഇവർ നിയന്ത്രിച്ച എയർ ഇന്ത്യയുടെ ബോയിംഗ് 777 വിമാനം സാൻഫ്രാൻസിസ്‌കോയിൽ നിന്നും 16,000 കി.മീ പിന്നിട്ട് ബംഗളൂരു വിമാനത്താവളത്തിൽ എത്തി. 17 മണിക്കൂറെടുത്താണ് യാത്ര പൂർത്തിയാക്കിയത്. വളരെയധികം പരിചയസമ്പത്തും സാങ്കേതിക വൈദഗ്ദ്ധ്യവും ആവശ്യമുള്ള ഈ ദൗത്യത്തിന് ആദ്യമായാണ് വനിതാ വൈമാനികരുടെ സംഘത്തെ എയർ ഇന്ത്യ നിയമിക്കുന്നത്. ചരിത്രത്തിന്റെ ഭാഗമായതിൽ അഭിമാനമുണ്ടെന്ന് സംഘത്തെ സോയ അഗർവാൾ പറഞ്ഞു. തൻമയ് പപഗരി, ആകാംക്ഷ, ശിവാനി മാൻഹാസ് എന്നിവരായിരുന്നു ടീമിലെ മറ്റ് അംഗങ്ങൾ.2013 ൽ ബോയിംഗ് പറത്തിയ ഏറ്റവും പ്രായം കുറഞ്ഞ പൈലറ്റായിരുന്നു സോയ. നോർത്ത് പോളിലേക്ക് വിമാനം പറത്തിയ ആദ്യ വനിത കമാൻഡർ എന്ന പദവിയും ഇതോടെ സോയയ്ക്ക് സ്വന്തമായി.