സിഡ്നി : സിഡ്നി ക്രിക്കറ്റ് ടെസ്റ്റിൽ മാന്യതയ്ക്ക് നിരക്കാത്ത പ്രവൃത്തിയിലൂടെ ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത് വിവാദക്കുരുക്കിൽ. ഇന്ത്യൻ താരം ഋഷഭ് പന്തിന്റെ ‘ഗാർഡ് മാർക്ക്’ മത്സരത്തിന്റെ ഇടവേളയിൽ സ്മിത്ത് മായിക്കുന്നത് സ്റ്റമ്പ് ക്യാമറയിൽ പതിഞ്ഞതോടെയാണ് വിവാദം ഉടലെടുത്തത്. സ്റ്റമ്പിന്റെ സ്ഥാനം മനസ്സിലാക്കാൻ ബാറ്റ്സ്മാൻമാർ അംപയറിന്റെ സഹായത്തോടെ ക്രീസിൽ ബാറ്റുകൊണ്ട് അടയാളപ്പെടുത്തുന്നതാണ് ‘ഗാർഡ് മാർക്ക്’.
ബാറ്റിംഗിന്റെ ഇടവേളയിൽ ഇന്ത്യൻ ബാറ്റ്സ്മാൻമാർ വെള്ളം കുടിക്കാനായി പിച്ചിൽനിന്ന് മാറിയ സമയത്താണ് സംഭവം. താരങ്ങളുടെയും അമ്പയർമാരുടെയും ശ്രദ്ധ മാറിയ സമയത്ത് ക്രീസിലെത്തിയ സ്മിത്ത്, ആരുമറിയാതെ ഷൂ ഉപയോഗിച്ചാണ് ‘ഗാർഡ് മാർക്ക്’ മായിച്ചത്. ക്രീസിലെത്തിയ സ്മിത്ത് ഇടംകയ്യൻ ബാറ്റ്സ്മാനെ അനുകരിച്ച് ബാറ്റു ചെയ്യുന്നതായി ആക്ഷൻ കാണിക്കുന്നത് വിഡിയോയിൽ കാണാം. തുടർന്നാണ് നാലുചുറ്റും നോക്കിയശേഷം ഷൂ ഉപയോഗിച്ച് ക്രീസിലെ ‘ഗാർഡ് മാർക്ക്’ മായിച്ചത്.
പിന്നീട് ക്രീസിലെത്തിയ പന്ത് അമ്പയറിന്റെ സഹായത്തോടെ വീണ്ടും ‘ഗാർഡ് മാർക്ക്’ അടയാളപ്പെടുത്തിയാണ് ബാറ്റിംഗ് തുടർന്നത്.