കൊച്ചി: ഐ.ടി ഓഹരികളുടെ മികച്ച പ്രകടനത്തിന്റെ കരുത്തിൽ ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നലെ പുത്തൻ ഉയരത്തിൽ വ്യാപാരം അവസാനിപ്പിച്ചു. 486 പോയിന്റ് നേട്ടവുമായി 49,269ലാണ് സെൻസെക്‌സുള്ളത്. 137 പോയിന്റ് മുന്നേറിയ നിഫ്‌റ്റി 14,484ലുമെത്തി. രണ്ടും എക്കാലത്തെയും ഉയർന്ന ക്ളോസിംഗ് പോയിന്റാണ്.
ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി കമ്പനിയായ ടി.സി.എസിന്റെ മികച്ച മൂന്നാംപാദ പ്രവർത്തനഫലത്തിന്റെ ആവേശത്തിൽ ഐ.ടി ഓഹരികളിലാകെ ഇന്നലെ മികച്ച വാങ്ങൽ ദൃശ്യമായി. മാരുതി സുസുക്കി, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളുടെ മുന്നേറ്റവും തുണയായി. കൊവിഡ് കേസുകൾ കുറയുന്നതും വാക്‌സിൻ സജ്ജമാകുന്നതും നിക്ഷേപകർക്ക് ആവേശം പകർന്നു. വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ (എഫ്.പി.ഐ) ഇന്ത്യൻ ഓഹരികൾ വൻതോതിൽ വാങ്ങിക്കൂട്ടുന്നതും നേട്ടമാവുകയാണ്.