walayar-

തിരുവനന്തപുരം: സർക്കാർ വാളയാർ കേസ് സിബിഐക്ക് വിടാനുള്ള തീരുമാനമെടുത്തത് നിൽക്കകള്ളിയില്ലാതെയാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ. സിബിഐക്ക് കേസ് കൈമാറാതിരിക്കാൻ സർക്കാർ പരമാവധി ശ്രമിച്ചു. പൊലീസ് ഉദ്യോഗസ്ഥന്മാരും, പ്രോസിക്യൂഷനും സർക്കാർ സഹായത്തോടെയാണ് വാളയാർ കേസ് അട്ടിമറിച്ചത്. പക്ഷേ കുടുംബത്തിന്റെ നിശ്ചയ ദാർഢ്യത്തിനും, ജനകീയ പ്രക്ഷോഭങ്ങൾക്കു മുന്നിൽ സർക്കാരിന് മുട്ട് മടക്കേണ്ടി വന്നുവെന്നും പി.സുധീർ പറഞ്ഞു.

സർക്കാരിന് ആത്മാർത്ഥതയുണ്ടെങ്കിൽ കേസ് അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്ഥന്മാർക്കെതിരെ നടപടിയെടുക്കണമെന്ന് സുധീർ ആവശ്യപ്പെട്ടു. അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടം മുതൽ കേസ് ആത്മഹത്യയാക്കി ഒതുക്കാനാണ് പൊലീസ് ശ്രമിച്ചത്. തെളിവുകളും, പ്രതികൾക്കെതിരായ വസ്തുത പരമായ മൊഴികളും ഉൾപ്പെടുത്താതെ കുറ്റപത്രം ദുർബലമാക്കിയെന്നും സംസ്ഥാന ജനറൽ സെക്രട്ടറി പറഞ്ഞു.

അതിന് നേതൃത്വം കൊടുത്ത അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി സോജന് ക്രൈംബ്രാഞ്ച് എസ്.പി യായി സംസ്ഥാന സർക്കാർ പ്രമോഷൻ നൽകിയത് കേസ് അട്ടിമറിച്ചതിലുള്ള പ്രത്യുപകാരമാണ്. സിപിഎമ്മുകാരായ പ്രതികളെ സംരക്ഷിക്കാൻ വേണ്ടിയാണ് സർക്കാർ വാളയാറിലെ ഇരകൾക്ക് നീതി നിഷേധിച്ചത്. സി ബി ഐ അന്വേഷണം പ്രഖ്യാപിച്ചതിലൂടെ കേസ് അട്ടിമറിച്ചതിന്റെ പാപഭാരത്തിൽ നിന്ന് സർക്കാരിന് രക്ഷപ്പെടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.