തിരുവനന്തപുരം: സിനിമാ സംഘടനകളുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചയ്ക്ക് പിന്നാലെ സംസ്ഥാനത്ത് സിനിമാ തിയേറ്ററുകൾ ജനുവരി13 മുതൽ തുറക്കും. തമിഴ് സൂപ്പർതാരം വിജയ്‌യുടെ പൊങ്കൽ ചിത്രമായ മാസ്റ്ററാണ് തിയേറ്ററിൽ ആദ്യമെത്തുന്നത്. തുടർന്ന് മലയാള സിനിമകൾ മുൻഗണനാ അടിസ്ഥാനത്തിൽ റിലീസ് ചെയ്യുമെന്ന് ഫിലിംചേംബർ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സിനിമയുടെ മുതൽമുടക്ക് അനുസരിച്ച് റിലീസ് ചെയ്യേണ്ട തിയേറ്ററുകളുടെ എണ്ണം തീരുമാനിക്കുമെന്നും ചേംബർ അറിയിച്ചു. നിർമ്മാതാക്കളും തിയേറ്റർ ഉടമകളും തമ്മിലുണ്ടായത് കുടു0ബപ്രശ്നമാണെന്നും അത് പൂർണമായും പരിഹരിച്ചുവെന്നും ഭാരവാഹികൾ പറഞ്ഞു.
മുഖ്യമന്ത്രിയുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് രഞ്ജിത്ത്, ജനറൽ സെക്രട്ടറി ആന്റോ ജോസഫ്, ഹംസ, ഫിലിം ചേംബർ പ്രസിഡന്റ് വിജയ കുമാർ, ഫിയോക്ക് ജനറൽ സെക്രട്ടറി ബോബി എന്നിവർ കൂടികാഴ്ച നടത്തിയിരുന്നു. പിന്നാലെ തിയേറ്റർ ഉടമകളുടെയും നിർമ്മാതാക്കളുടെയും ഉപാധികൾ മുഖ്യമന്ത്രി അംഗീകരിക്കുകയും പ്രതിസന്ധിയിൽ ആയിരുന്ന സിനിമാ വ്യവസായത്തെ കരകയറ്റാൻ ഉതകുന്ന രീതിയിലുള്ള ഇളവുകൾ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് തിയേറ്ററുകൾ തുറക്കാൻ ധാരണയായത്.