trump

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം യു.എസ് ജനപ്രതിനിധി സഭയിൽ ഡെമോക്രാറ്റുകൾ അവതരിപ്പിച്ചു. ബുധനാഴ്ചയോടെ വോട്ടെടുപ്പ് നടത്താനാണ് ആലോചിക്കുന്നത്. കഴിഞ്ഞ ദിവസം യു.എസ് ക്യാപിറ്റലിൽ ട്രംപ് അനുകൂലികൾ നടത്തിയ നടത്തിയ കലാപത്തിന് ട്രംപ് പ്രേരിപ്പിച്ചെന്ന് ആരോപിച്ചാണ് നടപടി. വൈസ് പ്രസിഡന്റ് മൈക്ക് പെൻസും മന്ത്രിസഭയും അദ്ദേഹത്തെ സ്ഥാനത്തുനിന്നും നീക്കണമെന്ന് ഡെമോക്രാറ്റുകൾ ആവശ്യപ്പെട്ടിരുന്നു. ഭരണഘടനയുടെ 25ാം ഭേദഗതി നടപ്പാക്കാനും ട്രംപിനെ വൈറ്റ്ഹൗസിൽ നിന്ന് നീക്കംചെയ്യാനും ഡെമോക്രാറ്റുകൾ പെൻസിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. താൻ തെരഞ്ഞെടുപ്പിൽ വിജയിച്ചെന്ന തെറ്റായ അവകാശവാദങ്ങളും ജനക്കൂട്ടത്തോട് നടത്തിയ പ്രസംഗവും ട്രംപ് അനുകൂലികളെ കലാപത്തിന് പ്രേരിപ്പിച്ചതെന്ന് ഇംപീച്ച്മെന്റ് ലേഖനത്തിൽ ചൂണ്ടിക്കാട്ടി.

എന്നാൽ ജോ ബൈഡന്‍ അധികാരമേറ്റടുത്ത് നൂറ് ദിവസങ്ങൾക്കു ശേഷം മാത്രമേ ഇംപീച്ച്‌മെന്റ് സെനറ്റിന്റെ പരിഗണനക്ക് സമർപ്പിക്കുകയുള്ളൂവെന്നാണ് സൂചന. ക്യാപിറ്റോൾ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് കാലാവധിക്ക് മുമ്പ് ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കം നടക്കുന്നത്.

അതിനിടെ ക്യാപ്പിറ്റോൾ കലാപത്തിന് ശേഷം ട്രംപും വൈസ് പ്രസിഡന്റ് മൈക്ക് പെൻസും സംസാരിച്ചിട്ടില്ലെന്ന റിപ്പോർട്ടും പുറത്ത് വരുന്നുണ്ട്. നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങിൽ മൈക്ക് പെൻസ് പങ്കെടുക്കുമെന്നും വ്യക്തമായിട്ടുണ്ട്. ഇതിനെ ബൈഡൻ സ്വാഗതം ചെയ്തു. ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ വ്യക്തമായിരുന്നു. എന്നാൽ വിട്ടുനിൽക്കുന്നതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല.

അതേസമയം ട്രംപിനെതിരെ ഇംപീച്ച്മെന്റ് നടപടികൾ ആരംഭിക്കുമെന്ന് യു.എസ് പ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസി അറിയിച്ചിരുന്നു.. ഭ്രാന്തുപിടിച്ച, ബുദ്ധിസ്ഥിരതയില്ലാത്ത അപകടകാരിയായ പ്രസിഡന്റാണ് ട്രംപ്. പ്രസിഡന്റ് സ്ഥാനത്ത് തുടരാൻ അർഹതയില്ലാത്ത ട്രംപിനെ അമേരിക്കൻ ഭരണഘടനയുടെ 25ാം ഭേദഗതി പ്രകാരം നീക്കണമെന്ന് വൈസ് പ്രസിഡന്റ് മൈക്ക് പെൻസിനോട് പെലോസി ആവശ്യപ്പെട്ടിരുന്നു.