ജിദ്ദ: പൊലീസോ മറ്റ് സുരക്ഷാ വകുപ്പുകളോ തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ടാൽ മൊബൈൽ ഫോണിലുള്ള ഡിജിറ്റൽ ഇഖാമ കാണിച്ചാൽ മതിയെന്ന് സൗദി പാസ് പോർട്ട് (ജവാസത്ത്) ഡയറക്ടറേറ്റ് അറിയിച്ചു. അബ്ഷിർ ഇൻഡിവിഡ്വൽ ആപ് ഇൻസ്റ്റാൾ ചെയ്ത് ഡിജിറ്റൽ ഇഖാമ മൊബൈൽ ഫോണിൽ സൂക്ഷിക്കുന്നവർ യഥാർഥ ഇഖാമയ്ക്ക് പകരം ഈ ഡിജിറ്റൽ രൂപം കാണിച്ചാൽ മതിയാകുമെന്ന് ജവാസത് വക്താവ് കേണൽ നാസിർ ബിൻ മുസലത്ത് അൽഉതൈബി വ്യക്തമാക്കി.
അബ്ഷിർ ആപ്പിൽ ദേശീയ ഇൻഫർമേഷൻ കേന്ദ്രവുമായി സഹകരിച്ച് പാസ്പോർട്ട് വകുപ്പ് ഡിജിറ്റൽ ഇഖാമ പതിപ്പ് ഒരുക്കിയിട്ടുണ്ട്. ഉയർന്ന സുരക്ഷ സവിശേഷതകളോട് കൂടിയ രേഖയാണിത്. ആപ്പിൽ പ്രവേശിച്ചാൽ സ്മാർട്ട് ഫോണുകളിലേക്ക് ഇഖാമ ഡൗൺലോഡ് ചെയ്യാൻ സാധിക്കും. ഒപ്പം ഡിജിറ്റൽ ഇഖാമയിലെ ക്യൂ.ആർ കോഡ് റീഡ് ചെയ്താൽ വ്യക്തിയെ സംബന്ധിച്ച മുഴുവൻ ഔദ്യോഗിക വിവരങ്ങളും കാണാൻ സാധിക്കും..
ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ പോർട്ടലായ 'അബ്ഷിർ' പുതുതായി ഇറക്കിയതാണ് ഇൻഡിവിഡ്വൽ ആപ്. ഭാവിയിൽ നിരവധി സവിശേഷതകൾ ഡിജിറ്റൽ ഇഖാമയിൽ ഉൾക്കൊള്ളിക്കും.