canteen

തിരുവനന്തപുരം: ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകളും ഭരണതലത്തിലെ കെടുകാര്യസ്ഥതയും സ‌ർവീസ് റൂൾ ലംഘനങ്ങളും നടമാടുന്ന ആറ് അനധികൃത പൊലീസ് കന്റീനുകൾ പൂട്ടാൻ ഇതുസംബന്ധിച്ച് അന്വേഷിച്ച മൂന്നംഗ സമിതി ഡി.ജി.പിയോട് ശുപാർശ ചെയ്തു. ഇടുക്കി ജില്ലയിലെ തൊടുപുഴ,​ പീരുമേട്,​ കട്ടപ്പന, അടിമാലി,​ മൂന്നാർ,​ നെടുങ്കണ്ടം കന്റീനുകളാണ് പൂട്ടുക. പൊലീസ് കന്റീനുകളുടെ പ്രവർത്തനം പരിശോധിച്ച് റിപ്പോർട്ട് നൽകുന്നതിന് ഇടുക്കി എസ്.പി കറുപ്പസാമിയെ നേരത്തെ ഡി.ജി.പി ചുമതലപ്പെടുത്തിയിരുന്നു. കന്റീനുകൾ നേരിട്ട് സന്ദർശിച്ച ശേഷം കറുപ്പസാമി കഴിഞ്ഞ മാസം റിപ്പോർട്ട് നൽകി. കന്റീനുകളുടെ ഭൂമി ഉപയോഗിക്കുന്നത് സംബന്ധിച്ച് യാതൊരു വ്യവസ്ഥകളും പാലിക്കുന്നില്ലെന്നും കെട്ടിടങ്ങളുടെ നിർമ്മാണങ്ങളും മറ്റും ക്രമവിരുദ്ധമാണെന്നും എസ്.പി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.

കന്റീനുകൾ നിർമ്മിക്കുന്നതിനായി ഫണ്ടുകൾ സമാഹരിച്ചത് സംബന്ധിച്ച് വ്യക്തമായ രേഖകളൊന്നും തന്നെയില്ല. മാത്രമല്ല ശരിയായ രീതിയിൽ ഓഡിറ്റിംഗും നടന്നിട്ടില്ല. നിയമവിരുദ്ധ നടപടികൾ മറയ്ക്കുന്നതിന് വേണ്ടിയാണ് ക്ഷേമ, സന്നദ്ധ പ്രവർത്തനങ്ങളെ മറയാക്കിയതെന്നും റിപ്പോർട്ടിൽ കറുപ്പസാമി ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്നാണ് എറണാകുളം റേഞ്ച് ഡി.ഐ.ജി കലിരാജ് മഹേഷ് കുമാറിന്റെ നേതൃത്വത്തിൽ ഉന്നത സമിതിയെ ഡ‌ി.ജി.പി നിയോഗിച്ചത്. റെയിൽവേ എസ്.പി ആർ.നിശാന്തിനി, കണ്ണൂർ റൂറൽ എസ്.പി നവനീത് ശർമ എന്നിവരായിരുന്നു സമിതിയിലെ മറ്റ് അംഗങ്ങൾ.

 ഭൂമി കയ്യേറി കന്റീൻ സ്ഥാപിച്ചു

ലാഭം സ്വകാര്യ വ്യക്തികൾക്ക്

നെടുങ്കണ്ടം കന്റീനീൽ ഭക്ഷണം വിളമ്പുന്നതുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ തർക്കമാണ് അന്വേഷണത്തിൽ കലാശിച്ചത്. ആഭ്യന്തര വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമി കൈയേറി പൊലീസ് കന്റീനുകൾ സ്ഥാപിക്കുകയും അതിൽ നിന്ന് ലഭിച്ച ലാഭം സ്വകാര്യ വ്യക്തികളുടെ അക്കൗണ്ടിലേക്ക് മാറ്റുകയാണ് ചെയ്തത്. ഇഷ്ടമില്ലാതിരുന്നിട്ടും നിരവധി പൊലീസുകാരെ നിർബന്ധിച്ച് കാന്റീൻ ഡ്യൂട്ടി ചെയ്യിക്കുകയും ചെയ്തു. ഇതും വിവാദമായിരുന്നു. ബാങ്കുകളിൽ നിന്നും മറ്റ് ഉറവിടങ്ങളിൽ നിന്നും ഫണ്ട് സമാഹരിച്ച് പൊലീസിന്റെ ഭൂമിയിൽ കന്റീൻ കെട്ടി ഉയർത്തിയത് സംബന്ധിച്ച് നേരത്തെ തന്നെ വ്യാപാരികളുടെ അസോസിയേഷനും സംശയം പ്രകടിപ്പിച്ചിരുന്നു.

ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് കന്റീനുകളുടെ പ്രവർത്തനം അടിയന്തരമായി നിറുത്താൻ നിർദ്ദേശം നൽകി. കാന്റീനുകളുടെ സ്ഥാവര വസ്തുക്കൾ ഇടുക്കി എസ്.പി ഏറ്റെടുത്തു. നിർമ്മിച്ച കെട്ടിടങ്ങൾ നിയമപരമായി ക്രമപ്പെടുത്താനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്. അതിനുശേഷം പൊലീസുകാർക്കുള്ള മെസ് അവിടെ പ്രവർത്തിക്കും. അക്കൗണ്ടും വരവ് ചെലവ് കണക്കുകളും കൃത്യമായ ഇടവേളകളിൽ ഔഡിറ്റ് നടത്തി റിപ്പോർട്ട് സമർപ്പിക്കാനും ജില്ലാ പൊലീസ് മേധാവി നിർദ്ദേശിച്ചു.