തിരുവനന്തപുരം: മുതിർന്ന സി.പി.എം നേതാവ് എം വി ഗോവിന്ദൻ മാസ്റ്റർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സ്ഥിരീകരിച്ച് സി പി എം വൃത്തങ്ങൾ. പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയംഗമായ ഗോവിന്ദൻ മാസ്റ്റർ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് മണ്ഡലത്തിൽ നിന്ന് ജനവിധി തേടുമെന്നാണ് വിവരം. 1996ലും 2001ലും എം വി ഗോവിന്ദൻ തളിപ്പറമ്പിൽ നിന്നാണ് നിയമസഭയിലേക്ക് എത്തിയത്.
കഴിഞ്ഞ രണ്ട് തവണയായി ജെയിംസ് മാത്യുവാണ് തളിപ്പറമ്പ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. ജെയിംസ് മാത്യു ഇത്തവണ മത്സര രംഗത്തുണ്ടാകില്ലെന്നാണ് സൂചന. ഇടതുപക്ഷത്തിന്റെ ഉറച്ച മണ്ഡലമാണ് തളിപ്പറമ്പ്. ആന്തൂർ ഉൾപ്പടെയുളള ഇടത് കോട്ടകൾ ഉൾപ്പെടുന്ന മണ്ഡലത്തിൽ ഗോവിന്ദൻ മാസ്റ്റർക്ക് വലിയ വെല്ലുവിളി നേരിടേണ്ടി വരില്ല. സി പി എം മുൻ സംസ്ഥാന സെക്രട്ടറിയായ കോടിയേരി ബാലകൃഷ്‌ണൻ ആരോഗ്യകാരണങ്ങളാൽ മാറി നിന്നപ്പോൾ എം വി ഗോവിന്ദനെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുമെന്നായിരുന്നു അഭ്യൂഹം. എന്നാൽ നറുക്ക് വീണത് വിജയരാഘവനായിരുന്നു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്ന് മാറി നിൽക്കുന്ന ഗോവിന്ദൻ മാസ്റ്റർ എ.കെ.ജി സെന്റർ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. സംഘടനപരമായ ഏകോപനം ഏറ്റെടുത്ത് നടത്തുന്ന അദ്ദേഹം പാർട്ടിയുടെ നാവായി മാദ്ധ്യമങ്ങളിൽ നിരന്തരം പ്രത്യക്ഷപ്പെടാറുണ്ട്. ഭരണത്തുടർച്ച ലക്ഷ്യമിടുന്ന സി പി എമ്മിന് അത്തരമൊരു അവസരമുണ്ടായാൽ മന്ത്രിസഭയിലെ സുപ്രധാന പദവിയിലേക്ക് വരെ പരിഗണിക്കാവുന്ന നേതാവാണ് എം വി ഗോവിന്ദൻ.
പ്രമുഖർ മാറിനിൽക്കും
സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ഇ.പി ജയരാജനും വീണ്ടും മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. മുഖ്യമന്ത്രി ധർമ്മടത്ത് നിന്നു തന്നെ വീണ്ടും ജനവിധി തേടും. ഇ പി ജയരാജൻ മട്ടന്നൂരിൽ നിന്ന് കല്യാശേരിയിലേക്ക് മാറിയേക്കുമെന്നാണ് സൂചന. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമല്ലാത്ത കേന്ദ്ര കമ്മിറ്റി അംഗം മന്ത്രി കെ.കെ ശൈലജ അങ്ങനെയെങ്കിൽ മട്ടന്നൂരിലേക്ക് മാറും. കടകംപളളി സുരേന്ദ്രനും കഴക്കൂട്ടത്ത് നിന്ന് മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.
അതേസമയം, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ മന്ത്രിമാർ തോമസ് ഐസക്കും എ കെ ബാലനും നാലു തവണ തുടർച്ചയായി മത്സരിച്ചതിനാൽ മാറി നിന്നേക്കും. തുടർച്ചയായി മൂന്ന് തവണയുൾപ്പെടെ പലതവണ മത്സരിച്ച മന്ത്രി ജി സുധാകരനും തിരഞ്ഞെടുപ്പ് ഗോദയിൽ നിന്ന് മാറി നിന്നേക്കാം. ആരോഗ്യം അനുവദിച്ചാൽ മാത്രം എം എം മണിക്ക് ഉടുമ്പൻചോലയിൽ സീറ്റ് കൊടുക്കാനാണ് സി പി എം ആലോചിക്കുന്നത്. സി രവീന്ദ്രനാഥ്, എ സി മൊയ്‌തീൻ, കെ ടി ജലീൽ തുടങ്ങിയവരുടെ കാര്യത്തിൽ കൂടുതൽ ചർച്ചകൾക്ക് ശേഷം മതി തീരുമാനം എന്നാണ് സി പി എം തീരുമാനിച്ചിരിക്കുന്നത്.