തിരുവനന്തപുരം: നഗരത്തിന്റെ ഹൃദയഭാഗമായ കനകക്കുന്ന് കൊട്ടാരത്തിന് എതിർവശത്തുള്ള വാട്ടർ അതോറിട്ടിയുടെ സ്ഥലത്തെ കുട്ടികളുടെ പാർക്ക് ഉടൻ മുഖം മിനുക്കി പുത്തനാകും. പഴയ പാർക്കിന്റെ സ്ഥാനത്ത് ഇനി ഉണ്ടാവുക ആരെയും ആകർഷിക്കുന്ന ആധുനിക രീതിയിലുള്ള പുത്തൻ പാർക്കായിരിക്കും. നഗരത്തിൽ തന്നെ കുട്ടികളും മുതിർന്നവരും അടക്കം ഏറ്റവും കൂടുതൽ പേർ വിനോദത്തിനും വിശ്രമത്തിനുമെത്തുന്ന ഈ പാർക്ക് കാലങ്ങളായി അവഗണനയുടെ പടുകുഴിയിലായിരുന്നു. അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ തന്നെ പാർക്ക് നാശത്തിന്റെ വക്കിൽ എത്തി. തുടർന്നാണ് നഗരസഭയുടെ സ്‌മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി പാർക്കിനെ നവീകരിക്കാൻ തീരുമാനിച്ചത്. രണ്ട് മാസത്തോളമായി ഇവിടെ പണികൾ നടന്നുവരികയാണ്. 1.92 കോടിയുടെ നവീകരണ പാക്കേജാണ് സ്‌മാർട്ട് സിറ്രിയുടെ പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടൻസി തയ്യാറാക്കിയിട്ടുള്ളത്. ഒമ്പത് മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. രണ്ട് മാസം മുമ്പ് പണികൾ തുടങ്ങിയെങ്കിലും കൊവിഡ് പ്രതിസന്ധിയുള്ളതിനാൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർണതോതിൽ ആയിട്ടില്ല.
അടിമുടി മാറും
നിലവിൽ പാർക്കിലേക്കുള്ള വഴി കയറ്റമാണ്. പടികളൊന്നും തന്നെ ഇല്ലാത്തതിനാൽ കുട്ടികൾക്കും മുതിർന്നവർക്കും കയറുന്നതിനായി ഏറെ ബുദ്ധിമുട്ടേണ്ടി വരും. നിലവിലെ പ്രവേശന കവാടത്തിൽ പുതിയ പടികൾ സ്ഥാപിക്കും. ഇതിനൊപ്പം ഭിന്നശേഷി സൗഹൃദവും ആയിരിക്കും. അതിന്റെ ഭാഗമായി വീൽചെയറും മറ്റും കയറാൻ കഴിയുന്ന തരത്തിൽ പാതയും നിർമ്മിക്കും. ഇപ്പോഴത്തെ മതിലിന് പകരം കുറച്ചുകൂടി ഉയരത്തിൽ മറ്റൊരു മതിലും കെട്ടുന്നുണ്ട്. ഇതോടൊപ്പം പുതിയ ഗേറ്റും സ്ഥാപിക്കും. പ്രവേശന കവാടത്തിൽ സെക്യൂരിറ്റി കാബിനും നിർമ്മിക്കും. ഇതിന് സമീപത്തായി ഒരു ശിൽപവും സ്ഥാപിക്കാൻ ആലോചനയുണ്ട്. ഇതിനുള്ള പ്ളാറ്റ്ഫോം ഒരുക്കും. ഏത് ശിൽപം വേണമെന്നത് പിന്നീടായിരിക്കും തീരുമാനിക്കുക.
സവിശേഷതകൾ ഇതൊക്കെ
കുട്ടികളെ സാഹസികതയിലേക്ക് ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെ സ്ഥാപിക്കുന്ന റോപ് ബ്രിഡ്‌ജാണ് ഏറ്റവും വലിയ സവിശേഷത. ഇരുവശത്തും കയറുകൾ കൊണ്ട് കെട്ടിയുണ്ടാക്കിയ പാലത്തിലൂടെ കുട്ടികൾക്ക് സാഹസിക യാത്ര അനുഭവിക്കാം. ലൈഫ് സൈസ് ഓപ്പൺ ചെസ് ബോർഡ് ഏരിയ, റോളർ സ്‌കേറ്റിംഗ്, ഓപ്പൺ ജിം എന്നിവയും ഉണ്ടാകും. കുട്ടികളുടെ ഉയരത്തിന് അനുസരിച്ച് ക്രമീകരിക്കാനാവുന്ന സീറ്റുകളും സ്ഥാപിക്കും. കുട്ടികൾക്കൊപ്പം എത്തുന്ന മുതിർന്നവർക്ക് വിശ്രമിക്കുന്നതിനായി എൽഡേഴ്സ് കോർണറും നിർമ്മിക്കും. ഇതുകൂടാതെ രണ്ട് ഫുഡ് കിയോസ്‌കുകളും സജ്ജമാക്കും. കുട്ടികൾക്ക് ഓടിക്കളിക്കാനുള്ള ടോഡ്‌ലേഴ്സ് ഏരിയയിൽ മൃദുലമായ മെക്സിക്കൻ പുല്ലുകൾ നട്ടുപിടിപ്പിക്കും. കളിക്കുമ്പോൾ വീണാലും കുട്ടികൾക്ക് പരിക്ക് പറ്റുന്നത് ഒഴിവാക്കാൻ ഇതിലൂടെ കഴിയും.
പാർക്കിലെ നടപ്പാതകളും കുളങ്ങളും നവീകരിക്കുന്നുണ്ട്. കുളങ്ങൾ നവീകരിച്ച ശേഷം മ്യൂസിക്കൽ ഫൗണ്ടനും ഒരുക്കും.