തിരുവനന്തപുരം : സാധാരണക്കാരായ കർഷകർക്ക് ജീവിതത്തിൽ താങ്ങായി കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതിയാണ് പി എം കിസാൻ പദ്ധതി. വർഷം ആറായിരം രൂപ കർഷകർക്ക് അവരുടെ ബാങ്ക് അക്കൗണ്ടിൽ എത്തിക്കുന്ന ഈ കേന്ദ്ര പദ്ധതിക്ക് ലഭിച്ച സ്വീകാര്യത വളരെ വലുതാണ്. എന്നാൽ കർഷകരെന്ന വ്യാജേന നിരവധി പേർ പദ്ധതിയിൽ പങ്കാളികളായി പണം കൈപ്പറ്റുന്നു എന്ന ആക്ഷേപവും ഉയർന്നിരുന്നു. ഇതേ തുടർന്ന് ആദായ നികുതി നൽകുന്ന സമ്പന്നഗണത്തിൽ പെട്ടവരിൽ നിന്നും കിസാന പദ്ധതിയിൽ പങ്കാളികളായവരെ ഒഴിവാക്കുന്ന നടപടികൾ ആരംഭിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഇത്തരക്കാരുടെ വിവരങ്ങൾ കേന്ദ്ര സർക്കാർ പുറത്ത് വിട്ടിട്ടുണ്ട്.
ഇതിൻപ്രകാരം കേരളത്തിൽ ആദായനികുതി അടയ്ക്കുന്ന 15163 ആളുകൾ കർഷകർക്കുള്ള ധനസഹായം കൈപ്പറ്റുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ജില്ല തിരിച്ചുള്ള ഇവരുടെ വിവരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലിസ്റ്റ് പ്രകാരം എറണാകുളം ജില്ലയിൽ നിന്നുമാണ് കൂടുതൽ അനർഹർ പദ്ധതിയുടെ ആനുകൂല്യങ്ങൾ സ്വീകരിച്ചിരിക്കുന്നത്. 2079 പേരാണ് ഇവിടെ അനർഹമായി പദ്ധതിയിൽ ചേർന്നിട്ടുള്ളത്. ആദായനികുതി അടയ്ക്കുന്ന ഇത്തരക്കാർ പി എം കിസാൻ പദ്ധതി വഴി സ്വന്തമാക്കിയ തുക ഇനി തിരിച്ചടയ്‌ക്കേണ്ടിവരും. ഇതു സംബന്ധിച്ചുള്ള നടപടികൾ സ്വീകരിക്കാൻ കൃഷി ഡയറക്ടർ ജില്ലകളിലെ പ്രിൻസിപ്പൽ കൃഷി ഓഫീസർമാർക്ക് നിർദേശം നൽകി കഴിഞ്ഞിട്ടുണ്ട്. ഇതിനായുള്ള ബാങ്ക് അക്കൗണ്ടും ആരംഭിച്ചു കഴിഞ്ഞു.
സാധാരണക്കാരായ കർഷകർക്കാണ് കിസാൻ പദ്ധതി പ്രകാരം പണം ലഭിക്കുക. 2000 രൂപവീതം ഒരു വർഷത്തിൽ മൂന്ന് തവണയായി ആകെ ആറായിരം രൂപയാണ് പദ്ധതിയിൽ അംഗമായവർക്ക് അക്കൗണ്ടിൽ എത്തുന്നത്. കേരളത്തിൽ മാത്രം 36.7 ലക്ഷം അപേക്ഷകരാണ് ഈ പദ്ധതിയിലുള്ളത്. 2019 ഫെബ്രുവരി 24നാണ് രാജ്യമെമ്പാടുമുള്ള കർഷകർക്ക് ആശ്വാസവുമായി പദ്ധതി ആരംഭിച്ചത്. പദ്ധതിയുടെ മാർഗ നിർദേശത്തിൽ ആദായനികുതി അടയ്ക്കുന്നവർ ഈ പദ്ധതിയിൽ അംഗങ്ങളാവരുതെന്ന് പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ടായിരുന്നു.