dog

അഹമ്മദ്നഗർ : ക്ഷേത്രദർശനത്തിനെത്തുന്നവരെ തലയിൽ തുമ്പിക്കൈ വച്ച് അനുഗ്രഹിക്കുന്ന ആനകളെ അയൽസംസ്ഥാനങ്ങളിൽ ചെന്നാൽ കാണാനാകും. അതു പോലെ ഒരു നായയും ഭക്തർക്ക് അനുഗ്രഹം നൽകി സമൂഹമാദ്ധ്യമങ്ങളിൽ പ്രസിദ്ധി നേടുകയാണ്. മഹാരാഷ്ട്രയിലെ അഹമ്മദ്നഗർ ജില്ലയിലെ സിദ്ധാടെക് പ്രദേശത്തെ സിദ്ധിവിനായക് ക്ഷേത്രത്തിലാണ് ഈ അപൂർവസംഭവം. ഇവിടെ ക്ഷേത്ര ദർശനം കഴിഞ്ഞ് പുറത്തേയ്ക്ക് ഇറങ്ങുന്ന വാതിലിനരികിലായിട്ടാണ് നായ ഇരിക്കുന്നത്. ഭക്തരുടെ കൈകളിൽ സ്പർശിക്കുന്ന നായ, തനിക്ക് നേരെ തലകുനിക്കുന്ന ആളിനെ അനുഗ്രഹിക്കുവാനും ഒട്ടും മടികാട്ടുന്നില്ല.

സമൂഹമാദ്ധ്യമങ്ങളിലാണ് നായയുടെ അനുഗ്രഹം വൈറലായി മാറിയിരിക്കുന്നത്. പതിനെട്ട് സെക്കന്റോളം ദൈർഘ്യമുള്ള വീഡിയോ പതിനായിരക്കണക്കിന് ലൈക്കുകളും ഷെയറും വാങ്ങിയാണ് മുന്നേറുന്നത്. നായസ്‌നേഹികളായ നിരവധി പേർ ഈ വീഡിയോയുടെ കീഴെ സന്തോഷത്തോടെ കമന്റ് ചെയ്തിട്ടുമുണ്ട്. രാജ്യത്തെ ക്ഷേത്രങ്ങളോട് ചേർന്ന് നിരവധി മൃഗങ്ങളെ ഇത്തരത്തിൽ ആരാധിക്കുന്നുണ്ട്. ആന, കാള, പശു, മുതല, നായ,കുരങ്ങ് തുടങ്ങി ഭൂമിയുടെ അവകാശികളായ സർവ്വ ചരാചരങ്ങളും ഈശ്വരതുല്യം കണ്ട് സംരക്ഷിക്കേണ്ടവയാണെന്ന സന്ദേശവും ഇതിലുണ്ട്.