സ്നേഹരശ്മികൾ കൊണ്ട് ശ്രീനാരായണഗുരു വേലുവിനെ വാല്മീകിയാക്കി മാറ്റിയ വാല്മീകിക്കുന്ന് ഇന്ന് കാരുണ്യത്തിന്റെ വെളിച്ചം ചൊരിയുന്നു
ശ്രീനാരായണ ഗുരുദേവന്റെ പാദസ്പർശത്താൽ പരിപാവനമായി തീർന്ന ഭൂമിയാണ് ശ്രീനാരായണഗിരി - ഗുരുദേവന്റെ ധ്യാനഭൂമിക. വൃക്ഷങ്ങളാൽ നിബിഢമായ 30 ഏക്കറോളം വരുന്ന ഭൂമിയാണിത്. ഗ്രാമസൗന്ദര്യത്തിന്റെ സ്വപ്നഭൂമികയാണിവിടം. ഗുരുദേവൻ ആലുവ അദ്വൈതാശ്രമത്തിൽ താമസിക്കുമ്പോൾ ഇവിടെ കുന്നിന്റെ മുകളിലുള്ള ശിലാപീഠത്തിൽ മണിക്കൂറുകളോളം ധ്യാനനിരതനായിട്ടുണ്ട്. അന്ന് ഇവിടം അറിയപ്പെട്ടിരുന്നത് ''വാല്മീകിക്കുന്ന്""എന്നപേരിലായിരുന്നു. അതിന്റെ പിന്നിലൊരു കഥയുണ്ട് - ഒരു കൊലപാതകകുറ്റത്തിന് ജയിൽ ശിക്ഷ അനുഭവിച്ച് മോചിതനായ വേലു എന്നയാൾ ഗുരുദേവന് എഴുതി നൽകിയ കുന്നാണിത്. വേലു ജയിൽ മോചിതനായി വന്നപ്പോൾ സമൂഹം അയാളെ അംഗീകരിച്ചില്ല. അയാൾ ഗുരുവിനെ ശരണം പ്രാപിച്ച് സാത്വികനായി. ശിഷ്ടജീവിതം ഗുരുവിന് സമർപ്പിച്ചു. ഗുരു അയാൾക്ക് വാല്മീകി എന്ന പേര് നൽകി. കാട്ടാളനിൽ നിന്ന് വാല്മീകി മഹർഷിയിലേയ്ക്കുള്ള ഉയർച്ചയെ അനുസ്മരിച്ചാണ് ഗുരു ആ പേര് നൽകിയത്. ആർക്കും വിച്ഛേദിക്കാൻ കഴിയാത്ത സ്നേഹ രശ്മികൾ കൊണ്ടാണ് ഗുരു വേലുവിനെ വാല്മീകിയാക്കിയത്. അങ്ങനെയാണ് ഈ കുന്നിന് വാല്മീകിക്കുന്ന് എന്ന പേരുവന്നത്.
ആലുവാ- പെരുമ്പാവൂർ റൂട്ടിൽ 5 കിലോമീറ്റർ കിഴക്കോട്ടുചെന്നാൽ തോട്ടുമുഖം പാലം കഴിഞ്ഞ് വലതുവശത്തേക്ക് ഒരു റോഡുണ്ട്. വളഞ്ഞുപുളഞ്ഞു പോകുന്ന ആ റോഡിൽകൂടി ഏതാണ്ട് ഒന്നര കിലോമീറ്റർ പോയാൽ ശ്രീനാരായണഗിരിയിലെത്താം. സഹോദരൻ അയ്യപ്പൻ പലപ്പോഴും ഗുരുവുമായി ഇവിടെ വച്ചു സംസാരിച്ചിരുന്നിട്ടുണ്ട്. അപ്പോൾ സ്വാമികൾ ഈ കുന്നിനെക്കുറിച്ച് എപ്പോഴും ഒരു കാര്യം പറഞ്ഞിരുന്നു. 'വലിയ വലിയ സ്ഥാപനങ്ങൾ ഇവിടെ ഉയർന്നുവരും. അന്ന് ലോകത്തിന്റെ ശ്രദ്ധ ഇവിടെ പതിയും. അയ്യപ്പൻ ഇത് മറക്കരുത്."വലിയ സ്ഥാപനങ്ങൾ എന്നതുകൊണ്ട് കൂറ്റൻ കെട്ടിടങ്ങളോ പണക്കൊഴുപ്പോ അല്ല സ്വാമികൾ ഉദ്ദേശിച്ചത്. മനുഷ്യദുരിതങ്ങളെ അഭിമുഖീകരിക്കാനും അവയ്ക്ക് പരിഹാരം ഉണ്ടാക്കാനും ശ്രമിക്കുന്ന ഒരു യാഗഭൂമിയായി ഇത് മാറണം എന്നായിരുന്നു സ്വാമിയുടെ മനസിൽ. ഇത് മനസിലാക്കിയ സഹോദരൻ അയ്യപ്പൻ ആതുരശുശ്രൂഷയ്ക്ക് ആവശ്യമുള്ള സ്ഥാപനങ്ങൾ ഇവിടെ വരണമെന്ന് കരുതി പ്രവർത്തനം ആരംഭിച്ചു. ഇതിനെല്ലാം പണം ആവശ്യമല്ലേ എന്ന് കൂടെ ഉണ്ടായിരുന്നവർ ചോദിച്ചു. സഹോദരന്റെ മറുപടി ''തെണ്ടണം, മടികൂടാതെ തെണ്ടണം."" എന്നായിരുന്നു.
നാരായണഗുരുസ്വാമികൾ പ്രവചിച്ചത് വൃഥാവിലാവുകയില്ല. നാം പ്രയത്നിക്കണമെന്നു മാത്രം. അങ്ങനെ ശ്രീനാരായണ സേവികാസമാജത്തിന്റെ പ്രവർത്തനം അവിടെ ആരംഭിച്ചു. അതിന്റെ കാര്യദർശിയായി പാർവതി അയ്യപ്പനെ സ്ഥാനം ഏൽപ്പിക്കുകയും ചെയ്തു.
ദാനശീലനായ അയ്യാക്കുട്ടി ജഡ്ജിയുടെ മകളായിരുന്നു പാർവതിയമ്മ. കർമ്മപഥത്തിൽ സൂര്യനെപ്പോലെ ജ്വലിച്ചുനിന്നു പാർവതിയമ്മ. പാർവതിയമ്മയുടെ ചിന്തയും കർമ്മങ്ങളും ഒരൊറ്റ ലക്ഷ്യത്തിൽ ഉറച്ചുനിന്നു. അനാഥരായ ശിശുക്കൾക്കും അശരണരായ വനിതകൾക്കും ഒരഭയകേന്ദ്രം സ്ഥാപിക്കുക. അങ്ങനെ 1964 നവംബർ 22-ാം തീയതി എറണാകുളം എസ്.എൻ.വി. സദനത്തിൽവച്ച് 'ശ്രീനാരായണ സേവികാ സമാജത്തിന്" രൂപം കൊടുത്തു. കൺവീനറായി പാർവതി അയ്യപ്പനെ തിരഞ്ഞെടുത്തു. ഗിരിയുടെ ഒരുഭാഗത്ത് ഒരു ചെറിയ കുടിൽകെട്ടി പാർവതിയമ്മ അവിടെ താമസമാക്കി. കുടിലിന് വെളിയിൽ മൂന്ന് വെട്ടുകല്ലുകൾ കൂട്ടിയിട്ട് അടുപ്പുണ്ടാക്കി, വിറകും ചുള്ളികളും ശേഖരിച്ച് ആഹാരം പാകം ചെയ്തു. ആദ്യകാലത്ത് പണത്തിന് നന്നേ ബുദ്ധിമുട്ടി. ചുറ്റുവട്ടത്തുള്ളവർ കൃഷിസാധനങ്ങൾ കൊണ്ടുചെന്നു കൊടുത്തു. ചിലർ കുന്ന് വെട്ടിനികത്തി പടവുകൾ കെട്ടി ശ്രമദാനം നടത്തി. അശരണരായ കുട്ടികൾ എവിടെ ഉണ്ടെന്നറിഞ്ഞാലും പാർവതിയമ്മ അവിടെചെന്ന് അവരെ ഗിരിയിലേക്ക് കൂട്ടിക്കൊണ്ടുവന്ന് ശുശ്രൂഷിച്ചു മിടുക്കരാക്കി. ഈ സേവനകേന്ദ്രത്തിന് പരാശ്രയം കൂടാതെ കഴിയാൻ പറ്റിയ സാമ്പത്തിക സ്ഥിതിയെപ്പറ്റിയാണ് പാർവതിയമ്മ ചിന്തിച്ചു കൊണ്ടിരുന്നത്.
ആ ഇടയ്ക്ക് ഉത്സവപറമ്പുകളിലെ സാംസ്കാരിക സമ്മേളനങ്ങൾക്ക് പാർവതിയമ്മയെ ക്ഷണിക്കുമായിരുന്നു. പ്രസംഗം കഴിയുമ്പോൾ സാനുമാഷ് (പ്രൊഫ. എം.കെ.സാനു) ഉൾപ്പെടെയുള്ളവർ പാട്ടപിരിവിന് ഇറങ്ങുമായിരുന്നു എന്ന് അദ്ദേഹത്തിന്റെ 'പാർവതിയമ്മ, അശരണരുടെ അമ്മ" എന്ന ഗ്രന്ഥത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. ഇതല്ലേ വാസ്തവത്തിലുള്ള ഈശ്വരപൂജ? ഇപ്രകാരം എന്തെങ്കിലും പ്രവർത്തിക്കാതെ അമ്പലത്തിലോ പള്ളിയിലോ പോയിട്ട് എന്തുഗുണം? എന്നാണ് പാർവ്വതിയമ്മ ചോദിച്ചിരുന്നത്.
ശ്രീനാരായണസേവികസമാജം ഇവിടെ പ്രവർത്തിച്ചുതുടങ്ങിയപ്പോൾ ഈ കുന്നിന് 'ശ്രീനാരായണഗിരി " എന്ന് നാമകരണം ചെയ്തു. സേവികാസമാജത്തിന്റെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി ബാലാരിഷ്ടതകളെല്ലാം കടന്ന് ഇന്ന് നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമായി ഇത് മാറി. ഗുരുമന്ദിരം - ധ്യാനാത്മകമായ നിശബ്ദതയാണ് അവിടെ തളംകെട്ടി നിൽക്കുന്നത്. ഗുരുധ്യാനത്തിലിരുന്ന ഗുരുപീഠത്തെ ശ്രീകോവിലായി സങ്കൽപ്പിച്ചുകൊണ്ട് ചെറുതെങ്കിലും മനോഹരമായ ഒരു ഗുരുമന്ദിരം ഇവിടെ പണിതിട്ടുണ്ട്. പരിസ്ഥിതിയ്ക്ക് പോറലേൽക്കാതെയാണ് ഇതിന്റെ നിർമ്മാണം. നിറയെ വൃക്ഷലതാദികളാണ്. ഗിരിയിലെ കുട്ടികൾ പാതയുടെ രണ്ടുവശവും ചെടികൾ വച്ച് മനോഹരമാക്കിയിട്ടുണ്ട്. കാനനഭൂമിയിലെ ഈ ഗുരുമന്ദിരത്തിന് മുന്നിൽ കണ്ണടച്ചുനിൽക്കുമ്പോൾ ഗുരുവിന്റെ അദൃശ്യസാന്നിദ്ധ്യം നമുക്ക് അനുഭവപ്പെടും. ഇവിടത്തെ വൃക്ഷലതാദികൾ പോലും ശ്രീനാരായണമന്ത്രം ജപിക്കുന്നുണ്ട്. നമ്മെ തഴുകി തലോടിയെത്തുന്ന കുളിർകാറ്റിലുമുണ്ട് ശ്രീനാരായണമന്ത്രം. വിവാഹം, പേരിടീൽ തുടങ്ങിയ മംഗളകർമ്മങ്ങൾ നടത്തുവാനായി പ്രകൃതി സൗഹാർദമായി ആർക്കിടെക്ട് ആർ.കെ. രമേശ് രൂപകൽപ്പന ചെയ്തതാണിത്. മുകളിലേക്ക് പടവുകൾ കെട്ടിയിട്ടുണ്ട്.
ഗുരുമന്ദിരത്തിന് താഴെ സഹോദരൻ അയ്യപ്പന്റെയും ഭാര്യ പാർവതിയമ്മയുടേയും അന്ത്യവിശ്രമസ്ഥലങ്ങളാണ്. ഇങ്ങനെ ഒരു സ്ഥാപനം പടുത്തുയർത്താൻ അശ്രാന്തം പരിശ്രമിച്ച ആ മഹത് വ്യക്തികൾക്ക് ഇതിനേക്കാൾ പറ്റിയ ഒരു അന്ത്യവിശ്രമസ്ഥലമില്ലല്ലോ. ജോലിയുള്ള അമ്മമാരെ സഹായിക്കാനായി കൊച്ചുകുട്ടികൾക്കുവേണ്ടിയുള്ള ക്രഷ് ഇവിടെ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ ഐ.സി.ഡി.എസ്. പ്രൊജക്റ്റിന്റെ കീഴിൽ ഒരു അംഗൻവാടിയും ഉണ്ട്. ഗർഭിണികളായ സ്ത്രീകൾക്കും മുലയൂട്ടുന്ന അമ്മമാർക്കും പോഷകാഹാരവും നൽകിവരുന്നു. ക്രഷിലെയും അംഗൻവാടിയിലെയും കുട്ടികൾക്ക് പോയി വരാൻ വാഹനസൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. 52 വർഷം മുമ്പ് ആരംഭിച്ച എസ്.എൻ.ജി. എൽ.പി. സ്കൂളിലാണ് സമീപപ്രദേശങ്ങളിലെ സാധാരണക്കാരുടെ മക്കളും ഗിരിയിലെ കുഞ്ഞുങ്ങളും പഠിക്കുന്നത്. സർക്കാർ അംഗീകാരമുള്ള എയ്ഡഡ് സ്കൂളാണിത്. ഇപ്പോൾ ഇംഗ്ലീഷ് മീഡിയം ഡിവിഷനും ആരംഭിച്ചിട്ടുണ്ട്.
21 വയസുവരെയുള്ള കുട്ടികളുടെ താമസസ്ഥലമാണ് ആനന്ദഭവനം. 94 കുട്ടികളാണ് ഇപ്പോൾ ഇവിടെ താമസിക്കുന്നത്. ഇവിടുത്തെ എൽ.പി. സ്കൂളിലെ പഠനത്തിനുശേഷം ഇവരെ ആലുവ എസ്.എൻ.ഡി.പി. സ്കൂളിലും ഗവൺമെന്റ് സ്കൂളിലും ചേർക്കുന്നു. അതിനുശേഷം അവരവരുടെ അഭിരുചിക്കനുസരിച്ച് ഉന്നതവിദ്യാഭ്യാസത്തിനായി അയയ്ക്കുന്നു. 21 വയസിനും 59 വയസിനും ഇടയ്ക്ക് പ്രായമുള്ളവർക്കാണ് ശാന്തിമന്ദിരത്തിൽ താമസസൗകര്യം നൽകുന്നത്. ഇവിടെയുള്ളവരിൽ എം.ഫിലും പി.ജിയും ചെയ്യുന്നവരും ജോലി ചെയ്യുന്നവരുമൊക്കെയുണ്ട്. ശാന്തിമന്ദിരത്തിന് ഗ്രാന്റ് ലഭിക്കാത്തതിനാൽ മുഴുവൻ ചെലവും വഹിക്കുന്നത് സമാജം തന്നെയാണ്. ഇവിടത്തെ അന്തേവാസികൾ ഇവിടത്തെ തന്നെ അടുക്കള, സമാജത്തിന്റെ വകയായുള്ള ബേക്കറി, പ്രിന്റിംഗ് പ്രസ്, കറിപൗഡർ യൂണിറ്റ്, വൃദ്ധസദനം എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിക്കുന്നു.
60 വയസിന് മുകളിൽ പ്രായമുള്ളവർക്കാണ് വൃദ്ധസദനം ഒരുക്കിയിരിക്കുന്നത്. 75 പേരെ താമസിപ്പിക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും സ്ഥല പരിമിതി മൂലം 55 അംഗങ്ങളാണ് ഇപ്പോൾ ഇവിടെയുള്ളത്. ഒരു ലൈബ്രറിയും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. 1966 ജൂൺ 10-ന് സഹോദരൻ അയ്യപ്പനും പാർവതിയമ്മയും സമാജം പ്രവർത്തകരും ചേർന്നാണ് ശ്രീനാരായണ ലൈബ്രറി ആരംഭിച്ചത്. ഇപ്പോൾ ഏതാണ്ട് 30,000 ത്തിൽ പരം പുസ്തകങ്ങൾ ഇവിടെയുണ്ട്. കൂടാതെ ഒരു ഇ-ലൈബ്രറിയും ഉണ്ട്. ഗ്രന്ഥശാലയുടെ കീഴിൽ വനിതാവേദി, ബാലവേദി, ജൈവകൃഷി സംരംഭം, ഡാൻസ്ക്ലാസ്, ലിറ്റിൽ തിയേറ്റർ മുതലായവയും പ്രവർത്തിക്കുന്നുണ്ട്.
ഇവിടത്തെ അന്തേവാസികളായിരുന്ന 72 പെൺകുട്ടികളെ വിവാഹം കഴിപ്പിച്ചയച്ചു. ഇടയ്ക്ക് അവരുടെ കുടുംബസംഗമവും നടത്താറുണ്ട്. ആനന്ദഭവനത്തിലെ കുട്ടികളുടെ താമസത്തിലും പഠന ആവശ്യത്തിനുമായി ഇപ്പോഴത്തെ സൗകര്യം മതിയാകില്ല. 2.5 കോടി രൂപ ചിലവഴിച്ച് മൂന്നുനിലയിൽ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം രണ്ടുവർഷം മുമ്പ് നടത്തി നിർമ്മാണപ്രവർത്തനങ്ങൾ ആംരംഭിച്ചു. അതിന്റെ അവസാന പണിയിലാണിപ്പോൾ. ഈ ഉദ്യമത്തിന് വേണ്ടി സമാജം സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുന്നുണ്ട്.
ഈ സ്ഥാപനം നടത്തിക്കൊണ്ടുപോകാൻ ആവശ്യമായ ഭീമമായ തുക സംഭാവനയായി നൽകുന്നത് ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള ഉദാരമതികളാണ്. കൂടാതെ ജന്മദിനം, വിവാഹവാർഷികം, ചരമദിനം ഇതോടനുബന്ധിച്ച് ഇവിടെ സദ്യ നടത്താറുണ്ട്. ഇതുരണ്ടുമാണ് ഗിരിയിലെ പ്രധാന വരുമാനമാർഗങ്ങൾ. കറിപൗഡർ യൂണിറ്റിൽ നിന്നും ബേക്കറിയിൽ നിന്നും വരുമാനം ഉണ്ടായിരുന്നു. കൊവിഡ് കാലമായപ്പോൾ എല്ലാത്തിനും മാന്ദ്യം സംഭവിച്ചു.ആനന്ദഭവനത്തിനും വിശ്രമമന്ദിരത്തിനും ഗവൺമെന്റിൽ നിന്നും നാമമാത്രമായ ഗ്രാന്റാണ് ലഭിക്കുന്നത്. സഹോദരൻ അയ്യപ്പന്റെ സ്മരണാർത്ഥം പണിതിരിക്കുന്ന കെട്ടിടത്തിലാണ് സമാജത്തിന്റെ ഓഫീസും ശാന്തിമന്ദിരവും പ്രവർത്തിക്കുന്നത്.
ഐഷാ ഗോപാലകൃഷ്ണൻ (സഹോദരൻ അയ്യപ്പന്റെ മകൾ) പ്രസിഡന്റും, ഷേർലി ടീച്ചർ സെക്രട്ടറിയും (പ്രൊഫ. ഷേർലി പ്രസാദ്, റിട്ട. പ്രിൻസിപ്പൽ മഹാരാജാസ് കോളേജ്, എറണാകുളം) പ്രൊഫ. എം.കെ. സാനുമാഷും (റിട്ട. മലയാളം പ്രൊഫസർ, മഹാരാജാസ് കോളേജ്) ഉൾപ്പെടെ 30 അംഗകമ്മിറ്റിയാണ് ഭരണം നടത്തുന്നത്. ഗുരുദേവൻ കണ്ട സ്വപ്നങ്ങൾ പൂവണിയാൻ അവരുടെ കൈകൾക്ക് ഗുരു കരുത്തുപകരട്ടെ! ശ്രീനാരായണഗിരിയെപ്പറ്റി കൂടുതലറിയാൻ താൽപര്യമുള്ളവർക്ക് താഴെപറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. 0484-2625258, 9496359655
(ലേഖികയുടെ ഫോൺ നമ്പർ:9048010007)