adnan-oktar

ഇസ്താംബുൾ : ടെലിവിഷനിലൂടെ മതപ്രബോധനം നടത്തി പ്രശസ്തനായ അദ്നാൻ ഒക്തറിനു തുർക്കി കോടതി 1,075 വർഷം തടവുശിക്ഷ വിധിച്ചു. ഹാറൂൺ യഹ്യ എന്ന തൂലികാ നാമത്തിൽ സാഹിത്യ സൃഷ്ടികളും നടത്തിയിരുന്നു. പത്തോളം കേസുകളിൽ കുറ്റക്കാരനെന്ന് കണ്ടാണ് ഇദ്ദേഹത്തെ കോടതി ശിക്ഷിച്ചത്. ലൈംഗികമായി ദുരുപയോഗം ചെയ്യൽ, വഞ്ചന, രാഷ്ട്രീയ, സൈനിക ചാരവൃത്തിക്ക് ശ്രമം തുടങ്ങി ഗുരുതരമായ കുറ്റങ്ങളാണ് അദ്നാൻ ഒക്തറിനു മേൽ
ചുമത്തിയിരിക്കുന്നത്.

സ്വന്തം ടെലിവിഷൻ ചാനലായ എ9ൽ അവതരിപ്പിക്കുന്ന പരിപാടികളിലൂടെയാണ് അദ്നാൻ ഒക്തർ പ്രശസ്തനായത്. എന്നാൽ ഈ പരിപാടിക്കെതിരെ തുർക്കിയിലെ ഇസ്ലാമിക പണ്ഡിതൻമാർ തുടർച്ചയായി വിമർശനം ഉന്നയിച്ചിരുന്നു. സ്ത്രീകളുമായി ഇഴുകിചേർന്നുള്ള നൃത്തങ്ങളും മറ്റും സംപ്രേഷണം ചെയ്യുന്നതിലായിരുന്നു എതിർപ്പ് ഉയർന്നിരുന്നത്. ലൈംഗിക ആരാധന പ്രോത്സാഹിപ്പിക്കുന്ന അദ്നാൻ ഒക്തറിനു നേരെ നടപടി വേണമെന്ന ആവശ്യവും ഉയർന്നിരുന്നു.

adnan-oktar

​​​​അതേസമയം അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന മതപ്രചാരകൻ ഫത്തുല്ല ഗുലനുമായി അദ്നാന് ബന്ധമുണ്ടെന്ന ആരോപണവും ഇടയ്ക്കുണ്ടായി. 2016ൽ രാജ്യത്തുണ്ടായ അട്ടിമറി ശ്രമത്തിൽ തുർക്കി സംശയിക്കുന്നയാളാണ് ഫത്തുല്ല ഗുലൻ. ഇതോടെയാണ് അദ്നാൻ ഒക്തറിനു മേൽ തുർക്കി നടപടി കടുപ്പിക്കുന്നത്. ഇദ്ദേഹത്തിന്റെ വീട്ടിൽ നടന്ന റെയിഡിൽ 69,000 ഗർഭനിരോധന ഗുളികകൾ പോലീസ് കണ്ടെത്തിയിരുന്നു. എന്നാൽ ചർമ്മരോഗങ്ങൾക്കായുള്ള ചികിത്സയ്ക്കായി സൂക്ഷിച്ചതാണിതെന്നാണ് ഇദ്ദേഹം മറുപടിയായി നൽകിയത്. ഇസ്താംബുൾ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ യൂണിറ്റ് സംഘമാണ് 2018 ജൂണിൽ ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.

കേസിൽ 236 പേരെയാണ് വിചാരണക്കോടതി വിസ്തരിച്ചത്. കോടതിക്ക് മുന്നാകെ തനിക്ക് ആയിരത്തോളം സ്ത്രീകളുമായി ബന്ധമുണ്ടെന്ന് അദ്നാൻ സമ്മതിച്ചിരുന്നു. 'സ്ത്രീകളോടുള്ള സ്‌നേഹം എന്റെ ഹൃദയത്തിൽ നിറഞ്ഞുനിൽക്കുന്നു. സ്‌നേഹം ഒരു മാനുഷിക ഗുണമാണ്. ഇത് ഒരു മുസ്ലീമിന്റെ ഗുണമാണ്,' ഒക്ടോബറിൽ വിചാരണയ്ക്കിടെ അദ്ദേഹം കോടതിക്ക് മുൻപാകെ മൊഴി നൽകി.

അതേസമയം അദ്നാൻ ബലാത്സംഗത്തിന് ഇരയാക്കി എന്നും, പീഡനത്തിന് ഇരയായതിനാൽ ഗർഭനിരോധന ഗുളികകൾ കഴിക്കാൻ നിർബന്ധിതരായെന്നും വെളിപ്പെടുത്തി നിരവധി സത്രീകളും രംഗത്തുവന്നിരുന്നു.