yesudas-song

ഒറ്റപ്പാലം: 'കാൽപ്പാടുകൾ' എന്ന സിനിമയെയും (1962) അതിന്റെ നിർമ്മാതാവായ രാമൻ നമ്പിയത്തിനെയും ചിത്രത്തിലെ 'ജാതിഭേദം മതദ്വേഷം...' എന്ന് തുടങ്ങുന്ന ഗുരുദേവ ശ്ലോകത്തെയും ഗന്ധർവ ഗായകൻ യേശുദാസിനൊരിക്കലും മറക്കാനാകില്ല. യേശുദാസ് എന്ന ഗായകന്റെ ശബ്ദം സിനിമയിൽ ആദ്യമായി റെക്കാഡ് ചെയ്യപ്പെട്ടത് കാൽപ്പാടുകളിലാണ്. എം.ബി.ശ്രീനിവാസനായിരുന്നു സംഗീത സംവിധായകൻ.

യേശുദാസ് എന്ന ഗായകന്റെ പിറവി ചെന്നൈയിലെ സ്റ്റുഡിയോയിലായിരുന്നു. ഗുരുദേവ ശ്ലോകത്തിന് പുറമേ കുമാരനാശാന്റെ 'ചണ്ഡാലഭിക്ഷുകി' എന്ന കവിതാശകലവും സിനിമയ്ക്കായി യേശുദാസ് പാടി. കാൽപ്പാടുകൾ സാമ്പത്തികമായി പരാജയപ്പെട്ടെങ്കിലും പാട്ടുകളും യേശുദാസ് എന്ന നവാഗത ഗായകനും ശ്രദ്ധിക്കപ്പെട്ടു.


'കാൽപ്പാടുകളുടെ മുറിപ്പാടുകൾ' എന്ന പേരിൽ രാമൻ നമ്പിയത്ത് തന്റെ സിനിമാ അനുഭവം ആത്മകഥയാക്കി. അതിൽ, സിനിമയെക്കുറിച്ചും യേശുദാസിനെ കുറിച്ചും നമ്പിയത്ത് വിശദമായി പറയുന്നുണ്ട്. റെക്കാഡിംഗിന് രണ്ടുദിവസം മുമ്പ് യേശുദാസിന് പനി ബാധിച്ചു. സംഗീത സംവിധായകൻ എം.ബി.ശ്രീനിവാസൻ ഒരു തീരുമാനം പറഞ്ഞു. 'ഈ അവസ്ഥയിൽ യേശുദാസിനെ കൊണ്ട് പാടിക്കാനാവില്ല.' 'പടം പൊട്ടിയാലും യേശുദാസ് തന്നെ പാടട്ടെ' എന്നായിരുന്നു രാമൻ നമ്പിയത്തിന്റെ മറുപടി. പടം പൊട്ടി. രാമൻ നമ്പിയത്ത് എന്ന നിർമ്മാതാവ് കടം കയറി ആത്മഹത്യയെ പറ്റി ചിന്തിച്ചു. തൃശൂർ കണ്ടശ്ശാംകടവിലെ വീടും സ്ഥലവും വിറ്റുപെറുക്കി ഒറ്റപ്പാലം പത്തംകുളത്ത് അഭയം തേടി. കവിതയും എഴുത്തും കൃഷിയുമായി സിനിമ മറന്ന ജീവിതം.

ഒരിക്കൽ നമ്പിയത്തിനൊരു ആഗ്രഹം. മരിക്കുന്നതിന് മുമ്പ് യേശുദാസിനെ കാണണം. ആ ആഗ്രഹം സഫലീകരിച്ച് ഗാനഗന്ധർവൻ നമ്പിയത്തിന്റെ പത്തംകുളത്തെ വീട്ടിലെത്തി. കാൽപ്പാടുകളിലെ മുറിപ്പാടുകളിൽ എല്ലാമെഴുതി വെച്ച് ആറുവർഷം മുമ്പ് 90ാം വയസിൽ നമ്പിയത്ത് യാത്രയായി. യേശുദാസ് 81ാം പിറന്നാൾ ദിനത്തിൽ നമ്പിയത്തിനെ ഓർക്കാതിരുന്നിട്ടുണ്ടാവില്ല... ജാതിഭേദം മതദ്വേഷം പാടാതിരുന്നിട്ടുണ്ടാവില്ല...