പരിശുദ്ധമായ ഭാവനാവിലാസത്തിൽ തെളിഞ്ഞനുഭവിക്കുന്ന സൗന്ദര്യമാണ് സത്യമെന്നു പറഞ്ഞ കാല്പനിക കവികളിൽ ഇളമുറക്കാരനായ ജോൺ കീറ്റ്സ് എന്ന കവിരാജകുമാരൻ അന്ത്യനിദ്രയിൽ വീണുപോയിട്ട് ഫെബ്രുവരി 23ന് രണ്ടുനൂറ്റാണ്ട് തികയുന്നു
സൗന്ദര്യത്തിന്റെ പൂമ്പൊടി അനുവാചക ഹൃദയത്തിലാകെ പരത്തിയ കാല്പനിക കവിയായിരുന്നു ജോൺ കീറ്റ്സ്. പ്രകൃതിയുടെ ശ്രീകോവിലിനരികിൽ നിന്ന് സോപാനസംഗീതമാലപിച്ചവരായിരുന്നു കാല്പനിക കവികൾ. കാല്പനിക കാലഘട്ടത്തിന് ഉദയദീപം തെളിച്ച വേഡ്സ് വർത്തിനെ പ്രകൃതിയുടെ മുഖ്യപുരോഹിതനായി മാത്യു ആർനോൾഡ് വിശേഷിപ്പിച്ചു. ചാരുഭാവനയുടെ പൂഞ്ചിറകിലേറ്റി മനസിനെ കവികൾ നിത്യതയിലണച്ചു നിറുത്തി. ശോകമയമായ ജീവിതത്തെ അത്യുദാരമായ ഭാവനകളാൽ സ്വർഗത്തോളമുയർത്തി നിർത്തിയവരാണ് കാല്പനികകവികൾ. ആ ഭാവനകളിൽ ഏകാന്തജീവിതത്തിന്റെ ലാവണ്യവും വിശുദ്ധിയും നിറഞ്ഞു നിന്നിരുന്നു.' My imagination is a monastery. And I am its monk" എന്നെഴുതിയ കീറ്റ്സിന്റെ വാക്കുകളിൽ ഭാവനയുടെ പാവനത്വം തുളുമ്പി നിൽക്കുന്നുണ്ട്. പരിശുദ്ധമായ ഭാവനാവിലാസത്തിൽ തെളിഞ്ഞനുഭവിക്കുന്ന സൗന്ദര്യമാണ് സത്യമെന്നു പറഞ്ഞത് കാല്പനിക കവികളിൽ ഇളമുറക്കാരനായ ഈ കവി തന്നെയാണ്. അങ്ങനെയുള്ള ജോൺകീറ്റ്സ് എന്ന കവിരാജകുമാരൻ അന്ത്യനിദ്രയിൽ വീണുപോയിട്ട് 2021 ഫെബ്രുവരി 23ന് രണ്ടുനൂറ്റാണ്ട് തികയുന്നു.
അന്നൊരു ശിശിരകാല സന്ധ്യയിൽ പ്രിയസുഹൃത്തായ ചാൾസ് ബ്രൗണുമായി സംസാരിച്ചിരിക്കയായിരുന്നു കീറ്റ്സ്. പെട്ടെന്നുതന്നെ അദ്ദേഹത്തിന്റെ ശബ്ദം കാലങ്കോഴിയുടെ കുറുകൽ പോലെയായിതീർന്നു. അത് വരണ്ടചുമയായി മാറി, ഒടുവിൽ അദ്ദേഹം രക്തം ഛർദ്ദിച്ചു. രക്തത്തുള്ളികൾ കണ്ട് കീറ്റ്സ് ബ്രൗണിനോടായി പറഞ്ഞു ''ഇതെന്റെ മരണവാറന്റാണ്. ഇതെന്നെയും കൊണ്ടേ പോകൂ.""സഹോദരനായ ടോമിനെ യമപുരിയിലേക്കയച്ച ക്ഷയരോഗം വല്ലാതെ ബാധിച്ചു കഴിഞ്ഞുവെന്ന് അദ്ദേഹം മനസിലാക്കി. അപോത്തിക്കരിയായി പരിശീലനം നേടിയ കീറ്റ്സിന് അതറിയാൻ പ്രയാസമുണ്ടായില്ല. ചൂടുകൂടുതലുള്ള ഇടം ആശ്വാസമേകുമെന്ന് ഡോക്ടർ ഉപദേശിച്ചു. അങ്ങനെയാണ് കീറ്റ്സ് റോമിലേക്ക് പോകാൻ തീരുമാനിച്ചത്. മരിയക്രൗതർ എന്ന പായ്ക്കപ്പലിൽ 1820 നവംബർ മാസം 15ന് കീറ്റ്സും സുഹൃത്തായ ജോസഫ്സെവേണും റോമിലെത്തിച്ചേർന്നു. വലിയൊരു കലാകാരനായിരുന്ന സെവേൺ പ്രതിഭാശാലിയായ യുവകവിയെ സഹായിക്കണമെന്ന ദൃഢനിശ്ചയത്തോടെയാണ് വന്നത്. റോമിലെ, പ്രസിദ്ധമായ സ്പാനിഷ് സ്റ്റെപ്പിനരികെയുള്ള കെട്ടിടത്തിൽ അവർ താമസിച്ചു. ആ കെട്ടിടം ഇന്ന് Keats - Shelley House എന്ന് അറിയപ്പെടുന്നു. സാഹിത്യകാരന്മാരുടെയും മറ്റും സന്ദർശനകേന്ദ്രമാണിവിടം. മൂന്നുമാസത്തിലധികം കീറ്റ്സും സെവേണും റോമിൽ താമസിച്ചു. ജീവിതത്തിലേക്ക് തിരിച്ചുവരാമെന്ന പ്രത്യാശ ആദ്യമെല്ലാം കീറ്റ്സിനുണ്ടായിരുന്നു. രാപ്പകലുകൾ കടന്നുപോകെ പ്രത്യാശക്കുമേൽ മരണത്തിന്റെ ഇരുൾ നിഴൽ വീഴുന്ന പോലെയായി. അതിനെ ഹാർദ്ദമായി സ്വീകരിക്കാൻ തന്നെ തീരുമാനിച്ചു. സുഹൃത്തായ സെവേൺ മാത്രം സഹായമായി, സാന്ത്വനമായി അരികിലുണ്ടായിരുന്നു. ഒടുവിലാ പ്രാണന്റെ തിരിനാളം ആളിയണഞ്ഞപ്പോൾ ചാരത്തായി ആ ചങ്ങാതി മാത്രമേ ഉണ്ടായിരുന്നുള്ളൂ. കീറ്റ്സിന്റെ വേർപാട് ലോകത്തെ അറിയിച്ചതും അന്ത്യനിമിഷങ്ങളെക്കുറിച്ച് രേഖപ്പെടുത്തിയതും സെവേൺ ആയിരുന്നു.
മരണമെത്തിയ നാളിൽ കീറ്റ്സ് വളരെ ശാന്തനായി കാണപ്പെട്ടു. ജാലകവാതിലിലൂടെ കടന്നുവന്ന അപരാഹ്നസൂര്യന്റെ രശ്മികളേറ്റു മുഖം അധികം പ്രസന്നമായി. മൃദുവായ സ്വരത്തിൽ ഇങ്ങനെ പറഞ്ഞു ''സെവേൺ...ഞാൻ...എന്നെയൊന്നു താങ്ങിയുയർത്തി ഇരുത്തൂ... ഞാൻ മരിക്കുകയാണ്. ഞാനൊന്നു സുഖമായി മരിക്കട്ടെ. ഭയപ്പെടരുത്. ഓ അത് വന്നു കഴിഞ്ഞു. ദൈവത്തിന് നന്ദി.""
1821 ഫെബ്രുവരി മാസം 23 ലെ വെള്ളിയാഴ്ചയായിരുന്നു അന്ന്. അതേമാസം തന്നെ 27-ാം തീയതി ചാൾസ് ബ്രൗണിനെഴുതിയ കത്തിൽ സെവേൺ എല്ലാം വിവരിച്ചിട്ടുണ്ട്. ഏതോ രാപ്പാടിയുടെ മധുരഗാനം പോലെ ജോൺ കീറ്റ്സ് അനന്തതയിലെങ്ങോ മറഞ്ഞുപോയി. മരണത്തെ ഇത്രമേൽ സൗമ്യമായി, ധീരമായി സ്വീകരിച്ച കവിയുണ്ടോ...? കവിരാജകുമാരൻ ഉണ്ടാവുമോ?
സൗന്ദര്യത്തെ ഉപാസിച്ച ജോൺകീറ്റ്സിന് പൂക്കളെ ഏറെ ഇഷ്ടമായിരുന്നു. ചേതോഹാരക്കാഴ്ചകളുള്ള പ്രകൃതി സൗന്ദര്യം തുളുമ്പിനിൽക്കുന്ന ഇടത്തിലായിരിക്കണം തനിക്ക് കുഴിമാടം ഒരുക്കേണ്ടതെന്ന് കീറ്റ്സ് സെവേണിനോട് പറഞ്ഞിരുന്നു. അങ്ങനെയാണ്, സൈപ്രസ് മരങ്ങൾ തണൽ വീശിനിന്ന വയലറ്റും ഡെയ്സിയും പൂമഞ്ചമൊരുക്കിയ റോമിലെ പ്രൊട്ടസ്റ്റന്റ് സെമിത്തേരി, സെവേൺ കണ്ടെത്തിയത്. അന്ന് അതൊരു തുറസായ ഇടമായിരുന്നു. കത്തോലിക്കരല്ലാത്ത അനേകം പ്രതിഭാശാലികളുടെ അന്ത്യവിശ്രമസ്ഥാനമാണവിടം. ഇറ്റലിയുടെ നീലവാനവും മലരണിശോഭയും ഹരിതശിരസുയർത്തി വെൺമേഘങ്ങളെ ഉരുമി നിൽക്കുന്ന വൃക്ഷങ്ങളുമുള്ള ആ ഭൂമി ചിത്രകാരനായ സെവേണിനെ ആകർഷിച്ചതിൽ അത്ഭുതമില്ല. അത്രമേൽ മധുരസുന്ദരമായ ഇടത്തിലാണടക്കം ചെയ്യുന്നതെങ്കിൽ മരണത്തെ തന്നെ ഒരാൾ പ്രേമിച്ചുപോകുമെന്ന് 'ആഡനെയ്സ്" എന്ന കവിതയുടെ ആമുഖത്തിൽ ഷെല്ലി എഴുതി. ഷെല്ലിയുടെ ഭൗതികാവശിഷ്ടവും ഇവിടെയാണ് അടക്കം ചെയ്തിട്ടുള്ളത്.
ലണ്ടനിലെ മോഗേയ്റ്റിൽ 1795, ഒക്ടോബർ മാസം 31 നാണ് ജോൺ കീറ്റ്സ് പിറന്നത്. പിതാവായ തോമസ് കീറ്റ്സ് ഒരു കുതിരാലയത്തിലെ പരിചാരകനായിരുന്നു. മുപ്പത്തിയൊന്നു വയസുണ്ടായിരുന്ന തോമസ് പത്തൊൻപത് വയസുകാരിയായ ഫ്രാൻസസ് ജെന്നിങ്സിനെ വിവാഹം കഴിച്ചു. അവരുടെ മൂത്തപുത്രനായിരുന്നു ജോൺ കീറ്റ്സ്. ഫാനി എന്ന ചെല്ലപ്പേരുണ്ടായിരുന്ന ഫ്രാൻസസ് മേരി സഹോദരിയും ജോർജ്, തോമസ് എന്നിവർ കീറ്റ്സിന്റെ സഹോദരന്മാരായിരുന്നു. ലണ്ടനിൽ നിന്ന് പതിനഞ്ചു മൈൽ അകലെയുള്ള എൻഫീൽഡ് എന്ന സ്ഥലത്തെ സ്കൂളിൽ കീറ്റ്സിനെ ചേർത്തു. പഠനം തുടങ്ങി വർഷം ഒന്നായതേയുള്ളൂ. പിതാവ് കുതിരപ്പുറത്തുനിന്ന് വീണ് മരണമടഞ്ഞു. ദുഃഖത്തിന്റെ നീറ്റലാറുംമുന്നേ മാതാവ് മറ്റൊരാളെ വിവാഹം കഴിച്ചു.
എൻഫീൽഡ് സ്കൂളിലെ ഹെഡ്മാസ്റ്ററുടെ മകനായ ചാൾസ് ക്ലൗഡൻ ക്ലർക്കുമായുള്ള സൗഹൃദം, കീറ്റ്സിന്റെ കാവ്യജീവിതത്തിൽ കൂടുതൽ പ്രകാശം പരത്തി. കവിയായ ലീഹന്റിനെ കീറ്റ്സിനു പരിചയപ്പെടുത്തിയത് ചാൾസായിരുന്നു. കീറ്റ്സിന്റെ ആദ്യകവിതയായ 'O solitude" ഉം കവിതാപുസ്തകവും ലോകത്തിനു പരിചയപ്പെടുത്തിയത് ലീഹന്റായിരുന്നു. പി.ബി.ഷെല്ലി, എസ്. റ്റി കോളറിഡ്ജ്, ഹാസ്ളെറ്റ്, റെനോൾഡ് തുടങ്ങിയ പ്രതിഭാശാലികളുമായി കീറ്റ്സ് സൗഹൃദത്തിലായത് ലീയിലൂടെയായിരുന്നു. ഇസബെല്ല എന്ന ശാലീന പെൺകൊടിയിൽ പ്രഥമാനുരാഗം നാമ്പിട്ടതും ഇക്കാലയളവിലായിരുന്നു. ഈ അനുരാഗിണിയെ ഓർത്തായിരിക്കണം Isabella, or the Pot of Basil എന്ന കവിതയിലൂടെ കവിയുടെ പ്രേമമാനസം പതഞ്ഞൊഴുകിയത്. കാവ്യരംഗത്ത് കാലുറപ്പിക്കും മുന്നേ 1818ൽ കീറ്റ്സ് എഴുതിയ നീണ്ടകവിതയായിരുന്നു Endymion. നിഷ്ക്കരുണമായ വിമർശനങ്ങൾക്ക് ആ കവിത ശരവ്യമായി.
1818 ൽ കീറ്റ്സിന്റെ പ്രിയസഹോദരൻ ടോം ക്ഷയരോഗമെന്ന മഹാമാരിവന്ന് മരണമടഞ്ഞു. ടോമിന്റെ വേർപാടിൽ ഹൃദയമുരുകി നിന്ന് കീറ്റ്സിനെ ഉറ്റസുഹൃത്തായ ചാൾസ് ബ്രൗൺ സ്വന്തം വീടായ വെന്റ് വർത്ത്പ്ലെസിലേക്ക് ക്ഷണിച്ചു. പതിനേഴുമാസക്കാലം കീറ്റ്സ് അവിടെ താമസിച്ചു. അതെല്ലാം കവിതയുടെ മലർമാസക്കാലങ്ങളായിരുന്നു. കവിയൊരു കിന്നരകുമാരനായി മാറി. അങ്ങനെ അനർഗളമായൊഴുകിയ ഗീതികളായിരുന്നു Ode to a Nightingale, Ode on a Grecian Urn, Ode on Melancholy, Ode to Indolence മുതലായുള്ള കവിതകൾ. മരം തളിരിടുന്നതുപോലെ സ്വാഭാവികമായി വേണം കവിത സംഭവിക്കേണ്ടതെന്ന് കീറ്റ്സ് ഒരിക്കൽ എഴുതി. സർഗസൗന്ദര്യം ചാർത്തിനിൽക്കുന്ന Ode to a Nightingale ആണോ Ode on a grecian Urn ആണോ ജോൺ കീറ്റ്സിന് ഷേയ്ക്സ്പിയറിനു തൊട്ടുപിന്നിലുള്ള സ്ഥാനം ഉറപ്പിച്ചതെന്ന് നിരൂപകന്മാർ സന്ദേഹിക്കുന്നു. വൃക്ഷം സ്വാഭാവികമായി തളിരണിഞ്ഞത് മാത്രമല്ല, 'lightwinged dryad of the trees"- വനദേവതയുടെ ലോലമായ പൂഞ്ചിറകു വീശുന്ന മൃദുസ്വരവും കീറ്റ്സിന്റെ കവിതകളിൽ കേൾക്കാം.
പ്രേമത്തിന്റെ മധുരനൊമ്പരമറിയാത്ത മാനസം ഉണ്ടാവില്ല; കവിതയുടെ തരളതരംഗിണി അലകളുയർത്തിയ കീറ്റ്സിന്റെ തരുണമാനസത്തിലും പ്രേമമുദിച്ചു; വെന്റ് വർത്ത്പ്ലെസിലെ അയൽക്കാരിയായിരുന്ന ഫാനി ബ്രൗനീയായിരുന്നു പ്രേമഭാജനം. ഊഷ്മളമായ വേനൽക്കാലത്ത് രണ്ടുചിത്രശലഭങ്ങളെപ്പോലെ മൂന്നുനാളെങ്കിലും ഒരുമിച്ചുകഴിയാൻ പറ്റിയിരുന്നെങ്കിലെന്ന് കീറ്റ്സ് അവൾക്കെഴുതി. ആ ആഗ്രഹം സഫലമായില്ല. ഏതൊരു കാമുകന്റെയും ഹൃദയതാളുകളിൽ കോറിയിടേണ്ടവയാണ് കീറ്റ്സ് ഫാനിയ്ക്കെഴുതിയ വാക്കുകൾ. ഒരു കത്തിൽ കീറ്റ്സ് എഴുതി ''മനുഷ്യർ മതത്തിനുവേണ്ടി ആത്മഹത്യചെയ്യുന്നതോർത്ത് ആശ്ചര്യപ്പെട്ടിട്ടുണ്ട് ഞാൻ; ഞെട്ടിപ്പോയിട്ടുണ്ട്. ഇന്നെനിക്ക് ആ നടുക്കമില്ല, ഞാൻ തന്നെ എന്റെ മതത്തിനുവേണ്ടി മരിക്കാൻ തയ്യാറാണ്. പ്രേമമാണ് എന്റെ മതം. അതിനായി എനിക്ക് മരിക്കാൻ കഴിഞ്ഞെങ്കിൽ നിനക്കായി എനിക്ക് മരിക്കാൻ കഴിഞ്ഞെങ്കിൽ. പ്രേമമാണെന്റെ മതം; നീ മാത്രമാണതിലെ വിശ്വാസപ്രമാണം." കീറ്റ്സിന്റെ വിയോഗത്തിനുശേഷം പന്ത്രണ്ടുവർഷം കഴിഞ്ഞ് ഫാനി, ലൂവിലിൻഡോ എന്നയാളെ വിവാഹം കഴിച്ചു. രോഗശമനത്തിനായി റോമിലേക്ക് പോയപ്പോൾ ഫാനിയെ കുറിച്ചുള്ള ചിന്തകൾ മാത്രമായിരുന്നു കീറ്റ്സിന്റെ മനസിൽ ഭാരമായിരുന്നത്.
കാല്പനിക കാലത്തെ പിൻമുറക്കാരായിരുന്നു ബൈറണും, ഷെല്ലിയും, കീറ്റ്സും. പ്രായത്തിൽ ഇളയത് കവിരാജകുമാരനായിരുന്ന കീറ്റ്സായിരുന്നു. കാലത്തിനു പിൻപേ വന്ന കീറ്റ്സ്, കവി യശസിൽ മുൻപനായിത്തീർന്നതാണ് ചരിത്രം. വെള്ളത്തിൽ എഴുതപ്പെട്ട പേരുള്ള ഒരാൾ ഇവിടെ ശയിക്കുന്നു എന്ന് തന്റെ ശവകുടീരത്തിൽ എഴുതിവയ്ക്കണമെന്ന് കീറ്റ്സ് അഭിലഷിച്ചിരുന്നു. വേഗത്തിൽതന്നെ വിസ്മരിക്കപ്പെടുമെന്ന് കവി ചിന്തിച്ചിരിക്കണം. രണ്ട് നൂറ്റാണ്ട് കഴിഞ്ഞിട്ടും ഒരിക്കലും യാത്രചൊല്ലിപ്പോകാതെ പൂക്കാലം പോലെ കീറ്റ്സ് അനുവാചക ഹൃദയങ്ങളിൽ വർണമഴയായി പെയ്തു നിൽക്കുന്നു. ഹെലിക്കൺ മലയിൽ നിന്നുറവയെടുത്ത് കാവ്യധാരയായൊഴുകി ലാവണ്യനിലാവിലുറഞ്ഞുപോയവനായിരുന്നു ജോൺ കീറ്റ്സ്. കഷ്ടിച്ചു കാൽനൂറ്റാണ്ടുകാലമേ ജോൺകീറ്റ്സ് ഭൂമിയിൽ ജീവിച്ചിരുന്നുള്ളൂ. കാലം കുറഞ്ഞ ദിനമെങ്കിലുമർത്ഥ ദീർഘമായിരുന്നു ജോൺകീറ്റ്സിന്റെ ജീവിതം. ജോൺകീറ്റ്സ് തങ്ങിയിരുന്ന മുറിയും അന്ത്യവിശ്രമസ്ഥാനവും കുറച്ചുവർഷങ്ങൾക്കുമുൻപ് സന്ദർശിച്ചത് ഈ ലേഖകന്റെ സ്മൃതിപഥത്തിൽ മായാതെ നിൽക്കുന്നു.