ശംഖുംമുഖം ബീച്ചിന്റെ ശോചനീയവസ്ഥയെക്കുറിച്ച് ഈ ലേഖകൻ എഴുതിയ കുറിപ്പ് കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ മറ്റു പത്രങ്ങളും അതേറ്റെടുത്ത് ബീച്ചിനെ രക്ഷിക്കാൻ ലേഖന പരമ്പരകൾ ഇറക്കി. ദൗർഭാഗ്യവശാൽ നിർദേശങ്ങളൊക്കെ ചുരുങ്ങി കാനായിയുടെ പ്രതിമയുടെ സംരക്ഷണത്തിൽ മാത്രം ഒതുങ്ങുന്നു. അതിനടുത്തു കൊണ്ടിറക്കിയിരിക്കുന്ന ഹെലികോപ്ടർ എടുത്തു മാറ്റുന്നതോടെ വിവാദങ്ങൾക്ക് അറുതി വരുമെന്ന ധ്വനിയും വാർത്താകുറിപ്പുകളിൽ കാണുന്നു.
ശംഖുംമുഖം ബീച്ചിന്റെ ദുരിതം കാനായി പ്രതിമയുടെ സംരക്ഷണത്തിലൊതുങ്ങുന്നില്ല. പൊളിച്ചടുക്കിയില്ലെങ്കിലും ഹെലികോപ്ടറിനും വർഷങ്ങളുടെ ആയുസുപോലും ഉണ്ടാകില്ല. തുരുമ്പുശല്യം അതിതീവ്രമാണവിടെ. കാനായി രൂപകല്പനചെയ്ത ലാൻഡ് സ്ക്കേപ്പിംഗും നട്ടുവളർത്തിയ ചീലാന്തികളുമൊക്കയാണ് വംശനാശം നേരിടുന്നത്.
ഊരാളുങ്കൽ സൊസൈറ്റിക്കാർ ഡി.റ്റി.പി.സിയുടെ കരാർ വാങ്ങി വർഷങ്ങളായി ബീച്ചാകെ കുത്തിയിളക്കി എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു. ഒന്നു പൂർത്തീകരിക്കും മുമ്പേ കുത്തിയിളക്കി വേറൊന്നു പണിയുന്ന ഇടപാടാണ്. പതിനഞ്ചു വർഷമായി പണിതീർത്ത സുനാമി പാർക്കുകെട്ടിടത്തിലെ ഒരു മുറി ഡി.റ്റി.പി.സി ജീവനക്കാർ ഉപയോഗിക്കുന്നു. ബാക്കിയുള്ള സ്ഥലം തെരുവുനായ്ക്കളുടെ പാർപ്പിടമാണ്. ഒരു കാലത്ത് ബീച്ചിൽ ശ്ലാഘനീയമായി നടന്നിരുന്ന ഇൻഡ്യൻ കോഫി ഹൗസിനെ അടച്ചു പൂട്ടിച്ചു.
വഴിവാണിഭക്കാരെ കുടിയിരുത്താൻ പണികഴിപ്പിച്ച കോൺക്രീറ്റു കുടിലുകൾ വ്യാഴവട്ടം കഴിഞ്ഞിട്ടും തുറന്നിട്ടില്ല. ഇനി തുറക്കേണ്ടി വരില്ല, ഷട്ടറുകളെല്ലാം തുരുമ്പുതിന്നു കഴിഞ്ഞു. ബീച്ചിന്റെ നടപ്പാതയുടെ കാര്യം പറയേണ്ട കാര്യമില്ല, ഇപ്പോൾ അങ്ങനെയൊന്നില്ല. കടൽ കവർന്ന ഭാഗങ്ങൾ ഇതാ ശരിയാക്കുന്നു എന്ന മന്ത്രിവാഗ്ദാനം ജലരേഖയായി. എയർപോർട്ട് റോഡടച്ച് ഒരു കുടുക്കു വഴിയിയൂടെ ട്രാഫിക്ക് തിരിച്ചുവിടുന്ന അഭ്യാസം അഭംഗുരം തുടരുന്നു. വഴിയിലുള്ള സ്കൂൾ തുറക്കാൻ ഇനി
നടുറോഡിൽ കുത്തിയിരിപ്പു സത്യഗ്രഹം തന്നെ വേണ്ടിവന്നേക്കും. അത്ര ഭീകരമാണ് സ്കൂൾ ഗേറ്റിനു മുന്നിലൂടെയുള്ള ട്രാഫിക്ക്.
ശംഖുംമുഖം ബീച്ച് മീൻപിടുത്ത തുറമുഖമായി മാറി എന്നതാണ് വേറൊരുകാര്യം. സംസ്ഥാനത്തുള്ള മറ്റു ബീച്ചുകളെല്ലാം തുറന്ന്, പലതും മനോഹരമാക്കി സന്ദർശകർക്ക് തുറന്നുകൊടുത്തിട്ടും ശംഖുംമുഖം പ്രേതഭൂമിയായി തുടരുന്നു. ഈ ബീച്ചു ഭാഗത്തിന്
നഗരസഭയിൽ പ്രാതിനിധ്യം പോലുമില്ല, ഭരണം ഡി.റ്റി.പി.സിയുടെ കുത്തകയായി വച്ചിരിക്കുന്നതിൽ ദുരുദ്ദേശമുണ്ടെന്നുള്ളതിൽ സംശയമില്ല.
തലസ്ഥാനനഗരിയുടെ കണ്ണായ സ്ഥലം ഒരു കാലത്തും പണിതീരാത്ത ഇടമായി മാറ്റി വച്ചിരിക്കുന്നതിൽ തീർച്ചയായും അഴിമതിയുടെ കറയുണ്ട്. ദേശീയ റെക്കോർഡ് ഭേദിച്ചുകൊണ്ട് നഗരസഭയുടെ മേയറായ മിടുക്കി പെൺകൊടിയോട് സ്ഥലവാസിയായ ലേഖകൻ തൊഴുതപേക്ഷിക്കുന്നു. നഗരസഭ ഏറ്റെടുത്ത് ശംഖുംമുഖത്തെ രക്ഷിക്കൂ, നഗരചരിത്രത്തിൽ തങ്കലിപികളിൽ നഗരസഭ അദ്ധ്യക്ഷയുടെ നാമം കുറിക്കപ്പെടട്ടെ.
മധു എസ്. നായർ
ഫോൺ - 9387804668