ബ്രിട്ടൻ യൂറോപ്പിൽനിന്നും പൂർണമായും 'സ്വാതന്ത്ര്യം ' നേടിയ വേളയിൽ 'വ്യത്യസ്തമായും കൂടുതൽ മെച്ചമായും കാര്യങ്ങൾ ചെയ്യാനുള്ള കരുത്തും സ്വാതന്ത്ര്യവും നമ്മുടെ കൈകൾക്ക് ലഭിച്ചിരിക്കുന്നു' എന്നാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ അഭിപ്രായപ്പെട്ടത്.
2020 ജനുവരി 31ന് രാത്രി 11 ന് ( യൂറോപ്യൻ സമയം അർദ്ധരാത്രി 12 ) ഔദ്യോഗികമായി ബ്രിട്ടൻ, 27 രാജ്യങ്ങളുടെ, രാഷ്ട്രീയ സാമ്പത്തിക വ്യാപാര കൂട്ടായ്മയായ, യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്തു വന്നിരുന്നു.
അനുബന്ധ കാര്യങ്ങളിൽ തീരുമാനത്തിലെത്താൻ, 2020 ഡിസംബർ 31 വരെ സമയം നൽകിയിരുന്നു. ആദ്യം ഇരുവിഭാഗങ്ങളും കർശന നിലപാടുകളെടുത്തെങ്കിലും, പിന്നീട് സഹകരണ - വിട്ടുവീഴ്ചയുടെ പാതകളിലെത്തി.
2016 ജൂൺ 23 നായിരുന്നു ജനഹിതപരിശോധന. യൂണിയന്റെ ഭാഗമായി തുടരേണ്ടതാവശ്യമാണെന്ന പക്ഷക്കാരനായിരുന്നു അന്നത്തെ പ്രധാനമന്ത്രി ഡേവിഡ് കാമറോൺ. അദ്ദേഹത്തിന്റെ പാർട്ടിയിലെ പ്രമുഖനേതാവും, ലണ്ടൻ മേയറുമായിരുന്ന, ഇന്നത്തെ പ്രധാനമന്തി ബോറിസ് ജോൺസൺ വിട്ടുപോകണമെന്ന അഭിപ്രായക്കാരനും. പ്രതിപക്ഷമായിരുന്ന ലേബർപാർട്ടിയിൽ പോലും അഭിപ്രായ ഐക്യമുണ്ടായിരുന്നില്ല. വ്യാപാര, നിയമനീതിന്യായ വാണിജ്യ കാർഷിക രംഗങ്ങളിലെല്ലാമുള്ള, ബ്രസൽസ് കേന്ദ്രമായ യൂറോപ്യൻ യൂണിയന്റെ നിയന്ത്രണങ്ങളും നിബന്ധനകളും നിയമനിർമ്മാണത്തിനും, ഭരിക്കാനുമുള്ള ബ്രിട്ടീഷ് പാർലമെന്റിന്റെയും പൗരന്മാരുടെയും അവകാശത്തിലുള്ള കടന്നുകയറ്റമായി വ്യാഖ്യാനിക്കപ്പെട്ടു. യു.കെയുടെ സമ്പത്ത് യൂണിയൻ കൊള്ളയടിക്കുകയാണെന്നും, ഓരോ ആഴ്ചയും 350 ദശലക്ഷം പൗണ്ടാണ് ബ്രിട്ടൻ യൂണിയന് നൽകുന്നതെന്നുമുള്ള ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടു. 2004 നു ശേഷം കിഴക്കൻ യൂറോപ്പിലെ താരതമ്യേന ദരിദ്രരാജ്യങ്ങൾ, യൂണിയനിൽ ചേർന്നതോടെ അവിടെയുള്ളവർ, വലിയ തോതിൽ ബ്രിട്ടനിലേക്ക് കുടിയേറി ബ്രിട്ടീഷ് പൗരന്മാരുടെ നികുതിപ്പണം കൊണ്ട് കെട്ടിപ്പടുത്ത, സൗജന്യ, ആരോഗ്യസുരക്ഷ, സുരക്ഷാ സംവിധാനങ്ങളുടെ നേട്ടം കൊയ്യുന്നതായും സമർത്ഥിക്കപ്പെട്ടു. കുടിയേറ്റം വ്യാപകമായതോടെ ബ്രിട്ടീഷ് മൂല്യസംരക്ഷണത്തിനായി പ്രായമായവർ കൂട്ടത്തോടെ ബ്രെക്സിറ്റിന് അനുകൂലമായി വോട്ടുചെയ്തെന്നും പറയുന്നു. ഫലം വന്നപ്പോൾ വോട്ട് ചെയ്തവരിൽ 52 ശതമാനവും അനുകൂലമായി വിധിയെഴുതി. തുടർന്ന് രണ്ടു പ്രധാനമന്ത്രിമാരുടെ രാജിയും പാർലമെന്റിലേക്ക് രണ്ട് ഇടക്കാലതിരഞ്ഞെടുപ്പും നടന്നു.
തീരുവയില്ലാതെയും അളവിൽ നിയന്ത്രണമില്ലാതെയും പരസ്പര കയറ്റുമതിക്കും വില്‌പനയ്‌ക്കും അവസരമുള്ളതിനാൽ, ബ്രെക്സിറ്റിനു ശേഷവും ബ്രിട്ടന്റെ പ്രമുഖ വ്യാപാരപങ്കാളി യൂറോയൂണിയൻ രാജ്യങ്ങൾ തന്നെയാകും. ബ്രിട്ടന്റെ കയറ്റുമതിയുടെ 43 ശതമാനവും യൂറോ രാജ്യങ്ങളിലേക്കാണ്. ഇറക്കുമതിയുടെ പകുതിയോളം അവിടെ നിന്നാണ്. ടർക്കി, ഓസ്‌ട്രേലിയ, കാനഡ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളുമായും ബ്രിട്ടൻ സ്വതന്ത്രവ്യാപാര കരാറിലേർപ്പെട്ടു കഴിഞ്ഞു.
യൂറോപ്യൻ യൂണിയനിലെ അംഗരാജ്യങ്ങളുടെയെല്ലാം താത്‌പര്യങ്ങൾക്ക് കീഴടങ്ങിയെത്തുന്ന തീരുമാനങ്ങൾക്ക് ബ്രിട്ടന് ഇനി വഴങ്ങേണ്ട ആവശ്യമില്ലാത്തതിനാൽ, തങ്ങൾക്കനുകൂലമായ വ്യാപാരബന്ധത്തിൽ സ്വതന്ത്രമായി ഏർപ്പെട്ട് പഴയ 'ഗ്രേറ്റ് ബ്രിട്ടൻ ' ആയി മാറാനുള്ള അവസരമാണ്, വേർപിരിയലിലൂടെ ലഭിച്ചതെന്നാണ് അനുകൂലികളുടെ വാദം. ബ്രെക്സിറ്റ് ഫലം വന്നപ്പോൾ സംഭവിച്ചതുപോലെ പൗണ്ടിന്റെ മൂല്യമിടിഞ്ഞില്ലെന്നത് ശുഭോദർക്കമാണെന്നാണ് സാമ്പത്തികരംഗത്തിന്റെ ഉയിർത്തെഴുന്നേല്പ് സ്വപ്നം കാണുന്നവർ സമർത്ഥിക്കുന്നത്.
യൂറോപ്യൻ യൂണിയനുമായുള്ള അന്തിമകരാറിൽ സാധനങ്ങളുടെ അതിർത്തികടന്നുള്ള നീക്കങ്ങൾക്ക് തടസമില്ലെങ്കിലും ബാങ്കിങ്, ഇൻഷുറൻസ്, അക്കൗണ്ടിങ് തുടങ്ങിയ മേഖലകളിൽ സൗജന്യമുണ്ടാകില്ല. യൂറോരാജ്യങ്ങളിലെ പൗരന്മാർക്ക് ബ്രിട്ടനിൽ ജോലി ചെയ്യാനും താമസിക്കാനും നിയന്ത്രണമുണ്ടാകും. അതുപോലെ തിരിച്ചും. വിദ്യാഭ്യാസ യോഗ്യതകളിൽ പരസ്പരമുണ്ടായിരുന്ന അംഗീകാരവും ഇനിയുണ്ടാകില്ല. ലോകജനസംഖ്യയുടെ അഞ്ചുശതമാനമേ യൂറോ രാജ്യങ്ങളിലുള്ളൂ എങ്കിലും, ആഗോള മൊത്തവരുമാനത്തിന്റെ പതിനെട്ട് ശതമാനത്തിന്റെ ഉറവിടമാണിവിടം. മികച്ച ഉപഭോക്തൃശേഷിയുള്ള ജർമ്മനി, ഫ്രാൻസ്, നെതർലൻഡ്സ്, ഡെന്മാർക്ക് രാജ്യങ്ങളിൽ ബ്രിട്ടീഷ് കമ്പനികൾക്ക് പ്രവർത്തിക്കാനുള്ള കടമ്പകൾ ഇനിയേറെയാണ്. തിരിച്ചും ഉണ്ടാകാമെങ്കിലും കൂടുതൽ ബാധിക്കുന്നത് ബ്രിട്ടനെയാകും. കാരണം ബാങ്കിങ്, ഇൻഷുറൻസ്, അക്കൗണ്ടിംഗ്, റീട്ടെയിൽ വ്യാപാരം, വിനോദം, ടൂറിസം, ഹോട്ടൽ അടക്കമുള്ള സേവനമേഖലകളിൽ നിന്നുള്ള വരുമാനമാണ് ബ്രിട്ടന്റെ സാമ്പത്തിക മേഖലയുടെ 80 ശതമാനവും. അതിലാകട്ടെ അൻപത് ശതമാനവും, വിദേശങ്ങളിൽ പ്രത്യേകിച്ച്, യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ സേവനങ്ങൾ വഴി ലഭിക്കുന്നതും. 2019ലെ കണക്കനുസരിച്ച്, 82 ശതമാനം തൊഴിലും ഈ മേഖലയിലാണ്. ഇത് ഒരു വലിയ പരിധിവരെ പ്രധാന ബിസിനസ് കേന്ദ്രമെന്ന ലണ്ടന്റെ പദവിക്ക് മങ്ങലേൽപ്പിക്കുമോയെന്ന് കണ്ടറിയണം.
ഇന്ത്യയ്‌ക്ക് എന്തു നേട്ടം ?
യു.കെ യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്തുവന്നതോടെ നമുക്ക് വ്യാപാരബന്ധത്തിലേർപ്പെടാൻ കൂടുതലെളുപ്പമുള്ള പങ്കാളിയെ കിട്ടിയെന്ന് അനുമാനിക്കാം. വസ്ത്രങ്ങൾ, തുകൽ ഉത്‌പന്നങ്ങൾ, രാസവസ്തുക്കൾ, മരുന്നുകൾ തുടങ്ങിയവയാണ് നാം പ്രധാനമായും ബ്രിട്ടനിലേക്ക് കയറ്റി അയയ്‌ക്കുന്നത്. വിവരസാങ്കേതികവിദ്യ, ആർക്കിടെക്ചർ, ശാസ്ത്രഗവേഷണം, ബാങ്കിംഗ് തുടങ്ങിയ മേഖലകളിൽ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യമുള്ള ഇന്ത്യയിലെ പ്രൊഫഷണലുകൾക്ക്, ലോകനിലവാരത്തിലേക്ക് കടക്കാനും ഇന്ത്യൻ സംരംഭങ്ങളിൽ ബ്രിട്ടന്റെ നിക്ഷേപം വർദ്ധിക്കാനും സാദ്ധ്യതയുണ്ട്. ബ്രിട്ടനിലെ പ്രൊഫഷണലുകളുടെ അഭാവത്തിൽ യൂറോരാജ്യങ്ങളിലും ഇന്ത്യയിലെ യുവാക്കൾക്ക് തൊഴിൽസാദ്ധ്യത വർദ്ധിക്കും. വ്യാപാര - തൊഴിൽ സാദ്ധ്യതകളുള്ള ബ്രിട്ടീഷ്, യൂറോ കമ്പോളങ്ങളിലെ ഇത്തരം സാദ്ധ്യതകളുടെ ഫലങ്ങൾ ' നേരത്തെ വിളവെടുപ്പ് നടത്തി ' പിന്നീട് മറ്റു മേഖലകളിലെ വ്യാപാരചർച്ചകളിലേക്ക് നീങ്ങാനാണ് ഇന്ത്യയുടെ ശ്രമം. ഇന്ത്യയുമായി സുദൃഢമായ വ്യാപാരബന്ധവും സേവനമേഖലകളിലെ സഹകരണവും നിർണായകമാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസണും പ്രഖ്യാപിച്ചിട്ടുണ്ട്.
രാഷ്‌ട്രീയ മാറ്റങ്ങൾ
സാമ്പത്തിക വ്യാപാര നയതന്ത്രരംഗങ്ങളിലൊക്കെ, സൂപ്പർ പവറായ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുവന്നത്, ബ്രിട്ടന്റെ രാഷ്ട്രീയരംഗത്ത് മാറ്റങ്ങൾക്ക് വഴിതെളിച്ചു കൂടെന്നില്ല. ഇംഗ്ലീഷ്, സ്‌കോട്ടിഷ്, ഐറിഷ്, വെൽഷ് എന്നീ നാല് ശക്തമായ ദേശീയതയുടെ ഒത്തൊരുമയാണ് യുണൈറ്റഡ് കിങ്ഡം. യൂറോപ്യൻ യൂണിയനുമായുള്ള ബന്ധം വേർപെടുത്താൻ അനുകൂലമായിരുന്നില്ല സ്‌കോട്ട്ലൻഡും ഉത്തര അയർലൻഡും. അത് 2016 ലെ ജനഹിത പരിശോധനയിൽ തെളിഞ്ഞതാണ്. പക്ഷേ ജനസംഖ്യ കൂടുതലുള്ള ഇംഗ്ലണ്ടും വെയിൽസും അനുകൂലമായതിനാലാണ് അത് വിജയിച്ചത്.
സ്‌കോട്ട്ലൻഡിൽ 2014 ൽ നടന്ന ജനഹിത പരിശോധനയിൽ യു.കെയിൽ നിന്ന് വേർപെട്ട് പുതിയ രാജ്യമാകണോ എന്ന ആവശ്യത്തെ 45 ശതമാനമാണ് അനുകൂലിച്ചത്. അതിനുശേഷമുള്ള ബ്രിട്ടീഷ് രാഷ്ട്രീയം വളരെയേറെ മാറിയിരിക്കുന്നു. ഇന്ന് രാജ്യത്തെ പ്രമുഖകക്ഷികളായ കൺസേർവേറ്റീവ് ലേബർ പാർട്ടികൾക്ക് സ്‌കോട്ട്ലൻഡിൽ പിന്തുണ തുലോം കുറവാണ്. സ്‌കോട്ടിഷ് ദേശീയത ഉയർത്തിപ്പിടിക്കുന്ന സ്‌കോട്ടിഷ് നാഷണൽ പാർട്ടിയാണ് വൻഭൂരിപക്ഷത്തോടെ അവിടം ഭരിക്കുന്നത്. ഇപ്പോൾ തങ്ങളുടെ ആഗ്രഹത്തിന് വിരുദ്ധമായി യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുവരാൻ അവർ നിർബന്ധിതരായിരിക്കുന്നു . സ്‌കോട്ട്ലൻഡിലെ ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജൺ ബ്രെക്സിറ്റിനോട് പ്രതികരിച്ചത് ' സ്‌കോട്ട്ലൻഡ് മടങ്ങിയെത്തും, യൂറോപ്പ്, വിളക്കുകൾ അണയ്‌ക്കേണ്ട' എന്നാണ്. ബ്രിട്ടനിൽ നിന്ന് സ്വതന്ത്രമാകണമെന്ന ശക്തമായ വികാരം മുൻനിറുത്തി ജനഹിത പരിശോധന വേണമെന്ന് പലതവണ പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ സർക്കാർ വഴങ്ങിയിട്ടില്ല. ഉത്തര അയർലന്റിലെ പാർട്ടികളും തങ്ങളുടെ ദേശീയത പങ്കിടുന്ന ഐറിഷ് റിപ്പബ്ലിക് അംഗമായ യൂറോപ്യൻ യൂണിയനിൽ നിന്ന് പിൻവാങ്ങുന്നതിനെതിരാണ്. ബ്രിട്ടന്റെ ഭാഗമായ ഉത്തര അയർലൻഡിന്റെയും അയൽരാജ്യമായ ഐറിഷ് റിപ്പബ്ളിക്കിന്റെയും രാജ്യാന്തര അതിർത്തിയിലെ പരിശോധനയും, സഞ്ചാരസ്വാതന്ത്ര്യവും ഉദാരവും മൃദുവുമായിരിക്കുമെന്ന് കരാറിൽത്തന്നെ സൂചിപ്പിച്ച് ഇരുഭാഗത്തുമുള്ള ഐറിഷുകാരെ സമാധാനിപ്പിച്ച് നിറുത്തിയിരിക്കുകയാണ് ബ്രിട്ടൻ. അതിനിടയിലാണ് ജനിതകമാറ്റം വന്ന കൊറോണ വൈറസ് ഒന്നരമാസത്തോളമുള്ള സമ്പൂർണ ലോക്ഡൗണിലേക്ക് രാജ്യത്തെ വീണ്ടും തള്ളിവിട്ടിരിക്കുന്നത്. തുടർച്ചയായ ലോക്ഡൗൺ മൂലമുള്ള തൊഴിൽരംഗത്തെ അസ്ഥിരതയും, സാമ്പത്തികരംഗത്തെ ശോഷണവും, പുതിയ നയങ്ങളുമായി പൊരുത്തപ്പെട്ടു വരാനുള്ള കാലതാമസവുമൊക്കെ, യൂറോപ്പിന്റെ പിന്തുണ ഉപേക്ഷിച്ച ബ്രിട്ടന് വെല്ലുവിളികളാണ്.
ലേഖകന്റെ ഇ - മെയിൽ - nvasudev27@gmail.com