eee

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ കനത്ത പരാജയം ഏറ്റുവാങ്ങേണ്ടിവന്ന യു.ഡി.എഫിൽ പലവിധ അസ്വാരസ്യങ്ങളും തലപൊക്കി. ഞ്ഞെടുപ്പിനെ നേരിടുന്നതിൽ യുഡിഎഫ് നേതൃത്വം പരാജയപ്പെട്ടു എന്ന രീതിയിൽ പല കോണുകളിൽ നിന്നും വിമർശനം ഉയർന്നു. നേതൃമാറ്റം വേണം എന്നു വരെ പലരും ഒളിഞ്ഞും തെളിഞ്ഞും ആവശ്യപ്പെട്ടു. പരാജയത്തെ കുറിച്ച് കോൺഗ്രസ് നേതൃത്വം ചിന്തിക്കണം എന്ന് വിമർശന സ്വരവുമായി ലീഗും രംഗത്ത് വന്നത് ശ്രദ്ധേയമായി. യുഡിഎഫ് നേതൃത്വം ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് ഏറ്റെടുക്കുകയാണ് എന്ന സംശയം ഉയർത്തി മുഖ്യമന്ത്രി പിണറായി വിജയൻ എരിതീയിൽ എണ്ണ പകരുകയും ചെയ്തു. കോൺഗ്രസിന്റെ ആഭ്യന്തരകാര്യങ്ങളിൽ അഭിപ്രായം പറയുവാനും കോൺഗ്രസിനെ ആര് നയിക്കണമെന്ന് തീരുമാനിക്കാനുള്ള കേന്ദ്രമായി ലീഗ് മാറിയോ എന്ന് സംശയമാണ് മുഖ്യമന്ത്രി ഫേസ്ബുക്കിൽ ഉയർത്തിയത്. സ്വാഭാവികമായും ഇത് രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചു. യു.ഡി.എഫിനെ ലീഗ് നയിച്ചാൽ എന്താണ് കുഴപ്പം എന്ന് ലീഗ് സംസ്ഥാന സെക്രട്ടറി കെ പി എ മജീദ് അഭിപ്രായപ്പെട്ടു. വിവാദം മൂത്തപ്പോൾ ഹൈക്കമാന്റ് ഇടപെട്ടു.പരാജയപ്പെട്ട നേതൃത്വത്തെ മാറ്റില്ല എന്നും കോൺഗ്രസിനെ കൂട്ടായ നേതൃത്വം തന്നെ നയിക്കുമെന്ന് പ്രഖ്യാപനം വന്നു. ഇതിനിടയിലാണ് മുസ്ലിംലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറിയായ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവെച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരുന്നു എന്ന വാർത്ത പുറത്തുവന്നത്. എം.പി സ്ഥാനം രാജിവെച്ച് കുഞ്ഞാലിക്കുട്ടി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് മുസ്ലിംലീഗ് നേതൃത്വം അറിയിച്ചു.സംഘപരിവാറിനും ഫാസിസത്തിനുമെതിരെ യുദ്ധപ്രഖ്യാപനം നടത്തി മലപ്പുറത്തുനിന്ന് ഡൽഹിയിലേക്ക് പോയതായിരുന്നു കുഞ്ഞാലിക്കുട്ടി.

പാർട്ടിയുടെ അഖിലേന്ത്യാ പ്രസിഡന്റ് ആയിരുന്ന ഇ.അഹമ്മദ് എം.പിയുടെ നിര്യാണത്തെത്തുടർന്ന് ആയിരുന്നു മലപ്പുറം ലോക്‌സഭാ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. വേങ്ങരയിലെ എം.എൽ.എ സ്ഥാനം രാജി വെച്ച് മലപ്പുറത്ത് സ്ഥാനാർത്ഥിയായത് കുഞ്ഞാലിക്കുട്ടി ആയിരുന്നു. പിന്നീട് 2019ലെ തിരഞ്ഞെടുപ്പിലും മലപ്പുറത്തുനിന്ന് കുഞ്ഞാലിക്കുട്ടി തന്നെ സ്ഥാനാർത്ഥിയായി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേന്ദ്രത്തിൽ യു.പി.എ നയിക്കുന്ന സർക്കാരിന് സാധ്യതയുണ്ടെന്ന് കണ്ടായിരുന്നു കുഞ്ഞാലിക്കുട്ടി മലപ്പുറത്തെ സ്ഥാനാർത്ഥിയായത്. ബിജെപിയേയും സംഘപരിവാറിനേയും അവരുടെ മാളത്തിൽ ചെന്ന് പിടികൂടി തോൽപ്പിക്കാൻ പോവുകയാണെന്നും മുസ്ലിം ന്യൂനപക്ഷങ്ങളുടെ വിധി മാറ്റിയെഴുതുന്ന പോരാട്ടമാണിതെന്നും പ്രചരിപ്പിച്ചായിരുന്നു കുഞ്ഞാലിക്കുട്ടി തെരഞ്ഞെടുപ്പിനെ നേരിട്ടത്.കേന്ദ്രത്തിൽ യുപിഎ അധികാരത്തിൽ എത്തിയാൽ കേന്ദ്രമന്ത്രി ആകാം എന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെയും ലീഗിന്റേയും മോഹം. പക്ഷേ വീണ്ടും ബിജെപി അധികാരത്തിലെത്തിയതോടെ കുഞ്ഞാലിക്കുട്ടി ഡൽഹിയിൽ തുടരുന്നതിന് വലിയ പ്രസക്തി ഇല്ലാതായി.

ദേശീയപാർട്ടി എന്ന് പദവി ഉണ്ടെങ്കിലും മുസ്ലിം ലീഗിന്റെ പ്രസക്തി എപ്പോഴും സംസ്ഥാന രാഷ്ട്രീയത്തിൽ തന്നെയാണ് എന്ന് കുഞ്ഞാലിക്കുട്ടിയ്ക്ക് അറിയാം. എം.പി എന്ന നിലയിൽ കുഞ്ഞാലിക്കുട്ടിയുടെ ഡൽഹിയിലെ പ്രവർത്തനം വലിയ ചലനമുണ്ടാക്കിയതുമില്ല..മറ്റൊരു മുസ്ലിം ലീഗ് എംപിയായ ഇ.ടി മുഹമ്മദ് ബഷീറിന്റെ നിലവാരത്തിലേക്ക് കുഞ്ഞാലിക്കുട്ടിക്ക് ഉയരാൻ കഴിഞ്ഞില്ല എന്ന പൊതു വിലയിരുത്തലാണ് അണികൾക്ക് പോലും ഉള്ളത്.പാർലമെന്റിൽ നിർണായക സന്ദർഭങ്ങളിൽ പോലും എംപി ഹാജരായില്ല.

കേരളത്തിലെ നിലവിലുള്ള രാഷ്ട്രീയ സാഹചര്യം കൃത്യമായി വിലയിരുത്തിക്കൊണ്ടുള്ള ഒരു തീരുമാനം ആയിട്ടാണ് കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവിനെ രാഷ്ട്രീയനിരീക്ഷകർ വിലയിരുത്തുന്നത്. നിരവധി പ്രശ്നങ്ങളിൽ പെട്ട് ഉഴലുകയാണ് യു.ഡി. എഫ്. സർക്കാരിനെതിരെ നിരവധി വിഷയങ്ങൾ ആരോപണങ്ങളായി ഉന്നയിക്കുമ്പോഴും മുന്നണിയിലെ പ്രശ്‌നങ്ങൾ നിലനിൽക്കുകയാണ്. ലീഗിന് ഉള്ളിലും ഒരു നാഥനില്ലായ്മ അനുഭവപ്പെടുന്നുണ്ട്. മുസ്ലീംലീഗിനെ മുന്നിൽനിന്നും നയിക്കുക എന്നതുമാത്രമല്ല മുന്നണിയിലെ രണ്ടാം കക്ഷി എന്ന നിലയിൽ കോൺഗ്രസിനൊപ്പം തിരഞ്ഞെടുപ്പിന് നേതൃത്വം നൽകുക എന്നതും മുസ്ലിംലീഗ് മുന്നിൽ കാണുന്നുണ്ട്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഭരണം ലഭിക്കുന്ന സാഹചര്യമുണ്ടായാൽ വലിയൊരു വിലപേശൽ നടത്താനും ലീഗ് ലക്ഷ്യമിടുന്നുണ്ട്. കോൺഗ്രസിന് അടുത്ത തിരഞ്ഞെടുപ്പ് കോൺഗ്രസിന് ലീഗിനെക്കാൾ കുറഞ്ഞ സീറ്റുകൾ ലഭിക്കുകയും ചെയ്താൽ മുഖ്യമന്ത്രി സ്ഥാനം തന്നെ നഷ്ടമായേക്കാം ഇത്തരം ഒരു സാഹചര്യത്തിൽ കുഞ്ഞാലിക്കുട്ടിയെ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടാൻ മുസ്ലിംലീഗിനാകും. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ഏതുവിധേനയും സംസ്ഥാനത്ത് അധികാരം പിടിക്കാനാണ് ലീഗ് ശ്രമിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരായിരിക്കണം എന്ന തർക്കം കോൺഗ്രസിൽ ഇപ്പോൾ തന്നെ ഉടലെടുത്തിട്ടുണ്ട്.ചെറിയ കാലത്തേക്ക് ആണെങ്കിലും സി എച്ച് മുഹമ്മദ് കോയയിലൂടെ കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനം അലങ്കരിച്ച പാർട്ടിയാണ് മുസ്ലിം ലീഗ് .അത്തരം ഒരു അവസരം തന്നെയാണ് ലീഗ് ഇപ്പോഴും സ്വപ്നം കാണുന്നതും. കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവ് കേരളകൗമുദി ആഴ്ചപ്പതിപ്പിൽ കാർട്ടൂൺ ആയി. വലിയ ബുൾഡോസർ ഉപയോഗിച്ച് യുഡിഎഫ് എന്ന കോട്ട തകർത്തു പോവുകയാണ് പിണറായി വിജയൻ. തകർന്ന

വീടിനുമുന്നിൽ പുറത്തേക്ക് നോക്കി നിൽക്കുന്ന ചെന്നിത്തല. വേണമെങ്കിൽ ഞാൻ കാർന്നോരാകാം എന്നുപറഞ്ഞ് പടി കടന്നുവരുന്ന കുഞ്ഞാലിക്കുട്ടി. ഇതായിരുന്നു കാർട്ടൂൺ.