കാവ്യാശയത്തിലെ
പിത്തലാട്ടങ്ങൾ സഹിയാഞ്ഞ്
പിത്താശയത്തിൽ
ഇടിച്ചു കയറിയ കല്ലുകൾ
ഞെക്കാനും ഞെരുക്കാനും തുടങ്ങിയപ്പോൾ
പൊറുതി മുട്ടിയ ദേഹം
വീടുവിട്ടിറങ്ങി
ആശുപത്രി,
കല്ലുകളെ മാത്രമല്ല,
പിത്താശയത്തെയും നിഷ്‌കരുണം പുറത്താക്കി,
ഒരു ശരീരത്തിൽ
രണ്ടാശയങ്ങൾ കുടിപാർക്കേണ്ടതില്ലെന്ന ന്യായത്തിൽ,
എന്നോ തിരിച്ചെത്തുന്ന
ആശയത്തെയും കാത്ത്
കണ്ണിൽ മഷിയിട്ട് കാത്തിരിപ്പാണ്
കവി!