അപ്രതീക്ഷിതമായി തേടിയെത്തിയ പുരസ്കാരവിശേഷങ്ങളുമായി നടൻ ഗിന്നസ് പക്രു
പൊക്കമില്ലായ്മയാണെന്റെ പൊക്കം എന്ന് എഴുതിയത് കവി കുഞ്ഞുണ്ണിമാഷാണ്. അദ്ദേഹത്തിന്റെ ആ വരികൾ ജീവിച്ചുകാട്ടുകയാണ് ഗിന്നസ് പക്രു എന്ന് മലയാളികൾ സ്നേഹത്തോടെ വിളിക്കുന്ന അജയകുമാർ. പൊക്കമില്ലായ്മയിൽ തല കുനിച്ച് നടന്നവർക്ക് മുന്നിൽ തന്റെ നേട്ടങ്ങളുമായി തല ഉയർത്തി നിൽക്കുകയാണ് അദ്ദേഹം. ലോക ഗിന്നസ് റെക്കാർഡിൽ തുടങ്ങിയ ആ നേട്ടപ്പട്ടികയിൽ ഏറ്റവും ഒടുവിൽ അഹമ്മദാബാദ് രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള പുരസ്കാരവും അദ്ദേഹം എഴുതിച്ചേർത്തിരിക്കുന്നു. ആളുകളെ തമാശ പറഞ്ഞ് പൊട്ടിച്ചിരിപ്പിക്കാൻ മാത്രമല്ല, കാമ്പുള്ള കഥാപാത്രങ്ങളെ കിട്ടിയാൽ അഭിനയിച്ചു തെളിയിക്കാനും കഴിയുമെന്ന് ഈ പുരസ്കാര നേട്ടത്തിലൂടെ അദ്ദേഹം പറഞ്ഞുവയ്ക്കുന്നു. പുരസ്കാര വിശേഷങ്ങളുമായി ഗിന്നസ് പക്രു.
എന്നെത്തേടിയെത്തിയ ഇളയരാജ
നിർമ്മാതാക്കളിൽ ഒരാളായ സജിത്തും സംവിധായകനായ മാധവ് രാംദാസും കൂടിയാണ് ചിത്രത്തിന്റെ കഥയുമായി എന്നെ വന്ന് കാണുന്നത്. കഥ കേട്ടപ്പോൾ എന്നെക്കൊണ്ട് ഇത് ചെയ്യാൻ പറ്റുമോ എന്ന് എനിക്ക് ചെറിയ സംശയമുണ്ടായിരുന്നു. ഉന്തുവണ്ടിയിൽ കപ്പലണ്ടിക്കച്ചവടം ചെയ്യുന്ന ഒരാൾ എന്ന് പറയുമ്പോൾ അതിനനുസരിച്ച് ശാരീരികഅദ്ധ്വാനം വേണ്ടിവരും. പക്ഷേ, അതേക്കുറിച്ച് വേവലാതിപ്പെടേണ്ട എന്നാണ് സംവിധായകൻ പറഞ്ഞത്. കുട്ടികൾ കൊണ്ട് നടക്കുന്ന ഒരച്ഛനാണ് 'ഇളയരാജ" യിലെ എന്റെ കഥാപാത്രമായ വനജൻ. ഉത്തരവാദിത്തമുള്ള ഒരച്ഛന്റെ കഥാപാത്രം. കഥ കേട്ടപ്പോൾ ഇതിനകത്ത് എന്തോ ഉണ്ടല്ലോ എന്ന തോന്നൽ എനിക്ക് വന്നു. കൊച്ചുകുട്ടികൾക്കും മുതിർന്നവർക്കും പ്രചോദനം ഉൾക്കൊള്ളാനുള്ളത് ഈ കഥയിൽ ഉണ്ടെന്ന് തോന്നി. എനിക്ക് വേണ്ടി എഴുതിയ, എന്നെ ഉദ്ദേശിച്ച് എഴുതപ്പെട്ട തിരക്കഥയാണെന്നും തോന്നി. അങ്ങനെയൊരു സബ്ജക്ട് വരികയെന്നത് തന്നെ ആക്ടറിനെ സംബന്ധിച്ച് വലിയ കാര്യമാണ്. ഈ സിനിമയും കഥാപാത്രവും എനിക്ക് നൽകിയ ആത്മവിശ്വാസം ചെറുതല്ല. ഇങ്ങനെയൊരു കഥാപാത്രം ചെയ്യണമെന്നോ ചെയ്യാനാകുമെന്നോ മനസ്സിൽ പോലും കരുതിയതല്ല. ഒരു റിയലിസ്റ്രിക് സിനിമയുടെ ഭാഗമാകുമെന്നോ, ജീവിതഗന്ധിയായ കഥാപാത്രം എന്നെ തേടി വരുമെന്നോ ഞാൻ കരുതിയിട്ടില്ല. പക്ഷേ, അപ്രതീക്ഷിതമായി ഇതെന്നെ തേടി വരികയായിരുന്നു.
വൈകിയെത്തിയ അഭിനന്ദനങ്ങൾ
ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല ഈ പുരസ്കാരം. ഒരു ഫെസ്റ്റിവലിൽ പോയി ആ സിനിമ ശ്രദ്ധിക്കപ്പെട്ടുവെന്നത് തന്നെ വലിയ കാര്യമാണ്. അതിന് ഇരട്ടി മധുരം പോലെയായിരുന്നു എനിക്ക് കിട്ടിയ മികച്ച നടൻ പുരസ്കാരം. കുട്ടികളുടേതാണെങ്കിൽ പോലും ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പരിഗണിക്കപ്പെടുകയെന്നത് പോലും വലിയ കാര്യമാണ്. ഇളയരാജ 2019ൽ തീയേറ്ററുകളിൽ വന്നിരുന്നു. പല കേന്ദ്രങ്ങളിലും ചിത്രം മൂന്നാഴ്ച തിയേറ്രറിൽ ഓടിയിരുന്നു. പല ചാനലുകൾ ഈ ചിത്രം പ്രദർശിപ്പിച്ചപ്പോൾ നിരവധി പേരെന്നെ വിളിച്ചു. അജയൻ ഇത്തരം കഥാപാത്രങ്ങൾ ചെയ്യണമെന്നാണ് പലരും പറഞ്ഞത്. ആളുകൾക്ക് നമ്മളുടെ കഥാപാത്രത്തെ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. തളർന്ന് പോയവർക്ക് ആത്മവിശ്വാസമേകാൻ, ജീവിതത്തിൽ ഉയർന്ന് വരാൻ പ്രചോദനമായെങ്കിൽ ആ ചിത്രം ചരിത്രത്തിന്റെ ഭാഗമായി എന്നും നിലനിൽക്കും എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. 'ഇളയരാജ" എന്നെ സംബന്ധിച്ച് അത്തരമൊരു ചിത്രമാണ്.
ചെറുതയ്യാറെടുപ്പുകൾ
സിനിമ തുടങ്ങാൻ പോകുന്നതിന് മുമ്പ് എന്നോട് സംവിധായകൻ പറഞ്ഞത് 'അജയൻ ഇതുപോലെ കപ്പലണ്ടി കച്ചവടമൊന്നും ചെയ്തിട്ടില്ലല്ലോ. അതുകൊണ്ട് അവരുടെ മാനറിസങ്ങളുമൊക്കെ ഒന്ന് കണ്ട് പഠിച്ചോളൂ." എന്നാണ്. ഞാനാണെങ്കിൽ അങ്ങനെ കപ്പലണ്ടി വാങ്ങി കഴിക്കുന്ന കൂട്ടത്തിലുമല്ല. സിനിമ തുടങ്ങുന്നത് മുമ്പ് എങ്ങോട്ട് യാത്ര പോയാലും കപ്പലണ്ടി കച്ചവടക്കാരെ കണ്ടാൽ വണ്ടി നിർത്തി അവരുടെ രീതികളൊക്കെ നോക്കി മനസ്സിലാക്കും. പിന്നെ, ശാരീരികമായ വിഷമതകളുണ്ടായിട്ടും കായികമായി അദ്ധ്വാനിക്കുന്നവരെയും നോക്കി പഠിച്ചിരുന്നു.
ചിത്രത്തിൽ വനജന് രണ്ട് മക്കളാണ്. അവരുടെ വിദ്യാഭ്യാസത്തിനും കലാവാസന വളർത്താനുമായി ജീവിക്കുന്ന, അവർക്കായി ഒരുപാട് കഷ്ടപ്പെടുന്ന ഒരച്ഛനാണ് വനജൻ. എന്റെ ജീവിതത്തിൽ എന്റെ അച്ഛനും അമ്മയും എന്നെ വളർത്തിയത് അങ്ങനെയാണ്. അവർ ഒരുപാട് കഷ്ടപ്പെട്ടാണ് എന്നെ ഒരു കലാകാരനായി വളർത്തിയത്. വനജന് ഉള്ളതുപോലെ സങ്കടങ്ങളും സന്തോഷങ്ങളും എല്ലാവരുടെയും ജീവിതത്തിലുണ്ട്. അതുകൊണ്ട് തന്നെ ഈ ചിത്രം എല്ലാവരോടും അടുത്തുനിൽക്കുന്നതാണ്.
വലിയ ചെറുസന്ദേശം
കുട്ടികൾക്ക് എന്തെങ്കിലും കലാവാസനയുണ്ടെങ്കിൽ അതിനെ പ്രോത്സാഹിപ്പിക്കണം. പ്രതീക്ഷിക്കാത്ത പലകാര്യങ്ങളും നമ്മുടെ ജീവിതത്തിൽ കുട്ടികളെ കൊണ്ട് നേടിയെടുക്കാനാകും. തിരികെ കുട്ടികൾക്ക് രക്ഷിതാക്കളോട് വലിയ കടപ്പാട് വേണം, കുറവുകളുണ്ടെങ്കിലും രക്ഷിതാക്കളെ സ്നേഹിക്കണമെന്ന വലിയ സന്ദേശവുമുണ്ട് ചിത്രത്തിൽ. പൂർണ്ണമായും സംവിധായകന്റെ ചിത്രമാണിതെന്ന് പറയും ഞാൻ. ഒരാളെ കഥാപാത്രമാക്കി മാറ്റുന്നതിൽ അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ രീതിയുണ്ട്. ചെറിയ ഭയമുണ്ടായിരുന്നത് മാധവ് രാംദാസ് ഇതിന് മുമ്പ് ചെയ്ത മേൽവിലാസം, അപ്പോത്തിക്കിരി എന്നീ രണ്ട് ചിത്രങ്ങളിലും വലിയ സ്റ്റാർ കാസ്റ്റ് ഉണ്ടായിരുന്നു. പക്ഷേ, ഇതെന്നെ വിശ്വസിച്ച് ഏൽപ്പിച്ചു. അതേപോലെ ഈ ചിത്രത്തിൽ എന്റെ മക്കളായി അഭിനയിച്ച രണ്ട് കുട്ടികൾ. ഇരുവരുടെയും ആദ്യചിത്രമായിരുന്നു ഇത്. പക്ഷേ, ആർക്കും അങ്ങനെ തോന്നുകയേ ഉണ്ടായിരുന്നില്ല. അതേപോലെ അശോകൻ ചേട്ടൻ, ഈയിടെ അന്തരിച്ച അനിൽ നെടുമങ്ങാട് ഇവരുടെയൊക്കെ കഥാപാത്രങ്ങൾ. ആളുകൾക്ക് സിനിമ കാണുന്നതിലുപരി ജീവിതം കാണുന്ന പോലെ ഒരു ഫീൽ കൊണ്ടുവന്നിട്ടുണ്ട് മാധവ് രാംദാസ്. അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യാൻ പറ്റിയത് തന്നെ വലിയ ഭാഗ്യമാണ്. ഇപ്പോൾ 'ബഗീര" എന്ന തമിഴ് ചിത്രത്തിൽ അഭിനയിക്കുകയാണ്. പ്രഭുദേവയുടെ സുഹൃത്തിന്റെ വേഷമാണ്. വേറെ ചിത്രങ്ങളൊന്നും കമ്മിറ്റ് ചെയ്തിട്ടില്ല. കൂടുതൽ നല്ല കഥാപാത്രങ്ങൾ തേടിയെത്തുമെന്ന പ്രതീക്ഷയിലാണ്.