സിഡ്നി : മൂന്നാം ടെസ്റ്റിനിടെ ഇന്ത്യൻ ബാറ്റ്സ്മാൻ രവിചന്ദ്രൻ അശ്വിനോട് മോശം വാക്കുകൾ ഉപയോഗിച്ചതിന് ആസ്ട്രേലിയൻ ക്യാപ്ടൻ ടിം പെയ്ൻ ഓൺലൈൻ പത്രസമ്മേളനം വിളിച്ച് മാപ്പുപറഞ്ഞു. അശ്വിനെ കളിയാക്കുകയും തൊട്ടുപിന്നാലെ ഒരു ക്യാച്ച് മിസാക്കുകയും ചെയ്തതോടെ താനാണ് മണ്ടനായതെന്നും പെയ്ൻ പറഞ്ഞു. മത്സരശേഷം താൻ അശ്വിനുമായി ഇക്കാര്യം സംസാരിച്ചെന്നും ഓസീസ് ക്യാപ്ടൻ പറഞ്ഞു.
മത്സരത്തിനിടെ പലതവണ പെയ്ൻ അശ്വിനെ സ്ളെഡ്ജ് ചെയ്തിരുന്നു.സഹികെട്ടപ്പോൾ അശ്വിനും മറുപടി നൽകിയിരുന്നു. അടുത്തടെസ്റ്റിൽ നിന്നെയെടുത്തോളാം എന്ന് പെയ്ൻ പറഞ്ഞപ്പോൾ നീ ഇനി ഇന്ത്യയിൽ വാ, അന്ന് അവസാനത്തെ കളിയായിരിക്കും എന്നായിരുന്നു അശ്വിന്റെ മറുപടി.
സിഡ്നിയിലെ തന്റെ ക്യാപ്ടൻസി മോശമായിരുന്നുവെന്നും പത്രസമ്മേളനത്തിൽ പെയ്ൻ സമ്മതിച്ചു. എന്നാൽ ഡ്രിംഗ്സ് ബ്രേക്കിൽ സ്മിത്ത് റിഷഭ് പന്തിന്റെ ബാറ്റിംഗ് ഗാർഡ് മായ്ക്കാൻ ശ്രമിച്ചത് മനപ്പൂർവ്വമായിരുന്നില്ലെന്ന് പെയ്ൻ പറഞ്ഞു.