കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ വി തോമസ് എൽ ഡി എഫിലേക്കെന്ന് പ്രചാരണം. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ട കെ വി തോമസിന് പാർട്ടി പദവി വാഗ്ദാനം ചെയ്‌തിരുന്നുവെങ്കിലും ഇതുവരെ അർഹമായ സ്ഥാനമാനങ്ങൾ അദ്ദേഹത്തിന് നൽകിയിട്ടില്ല.
യു ഡി എഫ് കൺവീനർ, കെ പി സി സി വർക്കിംഗ് പ്രസിഡന്റ്, എ ഐ സി സി ജനറൽ സെക്രട്ടറി തുടങ്ങി പല സ്ഥാനവും കെ വി തോമസിന് നോട്ടമുണ്ടായിരുന്നു. എന്നാൽ അരൂർ ഉപതിരഞ്ഞെടുപ്പിന് മുമ്പ് മണ്ഡലത്തിലെ സംഘടനാ ചുമതലയാണ് കെ വി തോമസിന് നൽകിയത്. തിരഞ്ഞെടുപ്പിന് ശേഷം കാര്യമായ സ്ഥാനങ്ങൾ ഇല്ലാതിരുന്ന അദ്ദേഹത്തെ കെ പി സി സി വർക്കിംഗ് പ്രസിഡന്റാക്കുമെന്ന് വീണ്ടും അഭ്യൂഹങ്ങൾ പരന്നു. തന്നെ വിളിച്ച മാദ്ധ്യമപ്രവർത്തകരോട് അദ്ദേഹം ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്‌തു.
അതേസമയം, കടത്തിൽ മുങ്ങിയ പാർട്ടി ചാനലിന്റേയും മുഖപത്രത്തിന്റേയും ചുമതലയായിരുന്നു കെ വി തോമസിനെ തേടിയെത്തിയത്. സാമ്പത്തിക ബാദ്ധ്യത ഏറ്റെടുക്കാൻ തയ്യാറല്ലെന്ന് പറഞ്ഞ് കെ വി തോമസ് ഈ പദവി ഒഴിയുകയായിരുന്നു. ഇതിനുപിന്നാലെയാണ് കെ വി തോമസ് എൽ ഡി എഫിലേക്ക് ചേക്കേറും എന്ന അഭ്യൂഹം ശക്തിപ്പെട്ടിരിക്കുന്നത്.
ഒഴിവുവരുന്ന മൂന്ന് രാജ്യസഭ സീറ്റുകളിൽ ഒന്നോ നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വമോ കെ വി തോമസിന് ലഭിക്കുമെന്നാണ് പറയപ്പെടുന്നത്. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ സി പി എമ്മോ കെ വി തോമസോ തയ്യാറായിട്ടില്ല. ഈ മാസം 28ന് പ്രതികരിക്കാമെന്നാണ് കെ വി തോമസ് പറയുന്നത്. അടിസ്ഥാനരഹിതമായ പ്രചാരണമാണോ നടക്കുന്നതെന്ന ചോദ്യത്തിന്, ഇപ്പോൾ അതേക്കുറിച്ച് ഒന്നും പറയുന്നില്ലെന്നും പിന്നീട് മാദ്ധ്യമങ്ങളെ കാണുമെന്നും കെ വി തോമസ് പറഞ്ഞു.
എൽ ഡി എഫ് സ്വതന്ത്രനായി എറണാകുളത്ത് കെ വി തോമസ് മത്സരിക്കുമെന്നാണ് വലിയ പ്രചാരണം നടക്കുന്നത്. എ കെ ആന്റണി മന്ത്രിസഭയിൽ 2001 മുതൽ 2004വരെ മന്ത്രിയായിരുന്ന കെ വി തോമസ് മൻമോഹൻ സിംഗ് മന്ത്രിസഭയിലും അംഗമായിരുന്നു. എറണാകുളം ലോക്‌സഭാ സീറ്റ് നിഷേധിച്ചതിൽ ദുഃഖമുണ്ടെന്നും തന്റെ അയോഗ്യത എന്താണെന്ന് പാർട്ടി പറയണമെന്നും ആവശ്യപ്പെട്ട കെ വി തോമസ് പാർട്ടി നിലപാടുകളെ നേരത്തെ രൂക്ഷമായി വിമർശിച്ചിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിനുളള സ്ഥാനാർത്ഥി നിർണയത്തിൽ പാർട്ടി മാനദണ്ഡമുണ്ടെങ്കിൽ അത് എല്ലാപേർക്കും ഒരുപോലെ ബാധകമാക്കണമെന്നും ചിലരെ ഒഴിവാക്കാൻ മാനദണ്ഡം കൊണ്ടുവരരുതെന്നും കെ വി തോമസ് ആവശ്യപ്പെട്ടിരുന്നു.