പരിശോധനയിലെ സാങ്കേതികപ്പിഴവെന്ന് സംഘാടകർ, തായ്ലൻഡ് ഓപ്പണിൽ കളിക്കാൻ അനുമതി
ബാങ്കോക്ക്: തായ്‌ലാൻഡ് ഓപ്പണിൽ പങ്കെടുക്കാനെത്തിയ ഇന്ത്യൻ ബാഡ്മിന്റൺ താരങ്ങളായ സൈന നെഹ്‌വാളിനും എച്ച്.എസ് പ്രണോയ്ക്കും കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചെങ്കിലും പിന്നീട് മെഡിക്കൽ ബോർഡ് ചേർന്ന് രോഗമില്ലെന്ന് കണ്ടെത്തിയതിനാൽ മത്സരിപ്പിക്കാൻ തീരുമാനിച്ചു.
ബാങ്കോക്കിലെത്തി ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷം നടത്തിയ രണ്ട് പരിശോധനകളിൽ സൈനയും പ്രണോയ്‌യും കാശ്യപും നെഗറ്റീവായിരുന്നു. മൂന്നാം വട്ടവും പരിശോധന നടത്തിയിരുന്നു. ഇന്നലെ മത്സരത്തിന്റെ വാം അപ്പിനായി ഇറങ്ങുംമുമ്പാണ് താൻ പോസിറ്റീവാണെന്ന് സംഘാടകർ അറിയിച്ചതെന്ന് സൈന പറഞ്ഞു. തലേന്ന് നടത്തിയ പരിശോധനയുടെ ഫലം താരത്തിന് ലഭ്യമാക്കിയിരുന്നുമില്ല. സൈനയ്ക്കൊപ്പമുണ്ടായിരുന്ന ഭർത്താവും ഇന്ത്യൻ താരവുമായ പി.കാശ്യപിന്റെ പരിശോധനാഫലവും ലഭ്യമായില്ല.
കഴിഞ്ഞമാസം ഇന്ത്യൻ താരം ഗുരുസായ് ദത്തിന്റെ കല്യാണച്ചടങ്ങിൽ പങ്കെടുത്ത മൂവർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അത് ഭേദമായാണ് ടൂർണമെന്റിനായി തായ്ലൻഡിലേക്ക് പോയത്. ഒരു മാസത്തിനിടെ വീണ്ടും പോസിറ്റീവായത് സംശയം ജനിപ്പിച്ചിരുന്നു. തുടർന്ന് പരിശോധന നടത്തിയ ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടപ്പോഴാണ് അവർ വിശദമായി ഇക്കാര്യം പഠിച്ചത്. തുടർന്ന് വിദഗ്ധ ഉപദേശം തേടി. കൊവിഡ് നെഗറ്റീതായതിന് ശേഷം നിർവീര്യമായ വൈറസ് ശരീരത്തിൽ കണ്ടേക്കാമെന്നും ഇത് പരിശോധനയിൽ കണ്ടെത്തിയതാകുമെന്നുമാണ് മെഡിക്കൽബോർഡ് അറിയിച്ചത്.
പോസിറ്റീവ് ആണെന്ന വാർത്തവന്നതിനെതുടർന്ന് ഇന്നലെ സൈനയുടെ ആദ്യ മത്സരത്തിലെ എതിരാളിക്ക് വാക്കോവർ നൽകിയിരുന്നു. നെഗറ്റീവ് ആയെന്ന് സ്ഥിരീകരിച്ചതോടെ ഷെഡ്യൂൾ പരിഷ്കരിച്ച് ഇന്ന് സൈനയ്ക്ക് ആദ്യ മത്സരം ചാർട്ട് ചെയ്തിട്ടുണ്ട്.പ്രണോയ്‌യും മത്സരിക്കാനിറങ്ങും. അതേസമയം ഇന്നലെ ആദ്യ റൗണ്ട് മത്സരത്തിനിറങ്ങിയ പി.വി സിന്ധു തോറ്റുപുറത്തായി.