exoskeleton

ന്യൂഡല്‍ഹി : സര്‍ജിക്കല്‍ സ്‌ട്രൈക്ക് പോലെ പ്രതിരോധ സേനയില്‍ അത്യപൂര്‍വമായ ഓപ്പറേഷനുകളില്‍ നിയോഗിക്കപ്പെടുന്ന കമാന്‍ഡോകള്‍ ഉപയോഗിക്കുന്ന ആയുധങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ സാധാരണയായി പുറത്ത് വരാറില്ല. 2016ല്‍ പാക് മണ്ണില്‍ കയറി തീവ്രവാദ ക്യാമ്പുകളില്‍ നടത്തിയ മിന്നലാക്രമണത്തില്‍ ഉപയോഗിച്ച വിദേശരാജ്യങ്ങളില്‍ നിന്നടക്കം സ്വന്തമാക്കിയ ആയുധങ്ങളെ കുറിച്ച് മാദ്ധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ടെങ്കിലും ഇതൊന്നും തള്ളാനോ കൊള്ളാനോ സൈന്യം തയ്യാറായിട്ടില്ല. ഇപ്പോള്‍ അത്തരത്തിലൊരു റിപ്പോര്‍ട്ട് ചില ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. രാജ്യത്തിന്റെ അഭിമാനമായ ഡി ആര്‍ ഡി ഒ ബയോ എഞ്ചിനീയറിംഗ്, ഇലക്ട്രോമെഡിക്കല്‍ ടെക്‌നോളജിയില്‍ രൂപം കൊടുത്ത എക്സ്‌സോക് സ്‌കെല്‍റ്റണുകളെ കുറിച്ചാണ് ഇവ.

പട്രോളിംഗ് ഡ്യൂട്ടിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന സൈനികരുടെ യൂണിഫോമിലോ, സ്‌പെഷല്‍ ഗിയറിലോ എളുപ്പത്തില്‍ ഘടിപ്പിക്കാവുന്ന എക്സ്‌സോക് സ്‌കെല്‍റ്റണുകള്‍ക്ക് സൈനികരുടെ ശക്തി ഇരട്ടിയാക്കാനാവും. മൈനസ് മുപ്പത് നാല്‍പ്പത് ഡിഗ്രി തണുപ്പിലും ഡ്യൂട്ടി ചെയ്യാന്‍ സൈനികരെ സഹായിക്കുന്ന ലെഗ് ഗിയര്‍ പോലെ മറ്റു ശരീരഭാഗങ്ങളെ ഏറെ നേരം ഊര്‍ജ്ജത്തോടെ തുടരാന്‍ സഹായിക്കുന്ന വിവിധ തരം എക്സ്‌സോക് സ്‌കെല്‍റ്റണുകള്‍ ഇന്ത്യന്‍ പ്രതിരോധ രംഗത്തെ വിദഗ്ദ്ധര്‍ വികസിപ്പിക്കുന്നതായാണ് പുറത്ത് വരുന്ന വിവരങ്ങള്‍. അതേസമയം ഇന്ത്യന്‍ സൈന്യം നിലവില്‍ ഇത്തരം ഉപകരണങ്ങള്‍ ഉപയോഗിക്കുന്നുണ്ടോ എന്ന് വ്യക്തമല്ല.

ആത്മനിഭര്‍ ഭാരതത്തില്‍ പ്രതിരോധ രംഗത്ത് മികച്ച പിന്തുണ നല്‍കുന്ന സര്‍ക്കാര്‍, ഇത്തരം ഗവേഷണ ഫലങ്ങള്‍ സ്വകാര്യ സംരഭകരുമായി ചേര്‍ന്ന് മികവുറ്റ ഉപകരണങ്ങള്‍ നിര്‍മ്മിക്കാന്‍ നല്‍കിയേക്കുമെന്നും കരുതുന്നു. യുദ്ധമുന്നേറ്റം നടത്തുമ്പോള്‍ ഭാരമേറിയ ആയുധങ്ങള്‍ കൊണ്ടുപോകുന്നതിനും, ആയാസരഹിതമായി ഉപയോഗിക്കുന്നതിനും ഇത്തരം ഉപകരണങ്ങള്‍ സഹായകമാണ്. അമേരിക്ക അടക്കമുള്ള രാജ്യങ്ങളില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഇത്തരം ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.