രാജ്യത്ത് ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ പ്രവർത്തനങ്ങൾ നടന്നാൽ അതിൽ മുസ്ളിം ഉണ്ടായാൽ പിന്നെ ആ മതസമൂഹത്തെയൊന്നാകെ പ്രതിക്കൂട്ടിൽ നിറുത്തുന്ന പതിവ് ഇപ്പോഴും തുടരുന്നുണ്ട്. അതുകൊണ്ട് തന്നെ പിന്നീട് കാണുന്ന പരിചയമില്ലാത്ത ഏതൊരു മുസ്ളിമിനെയും സംശയത്തോടെ നോക്കുന്നുമുണ്ട് സമൂഹം. അത്തരത്തിലൊരു പ്രമേയം പശ്ചാത്തലമാക്കിയാണ് രാജേഷ് മാധവൻ സംവിധാനം ചെയ്ത മുഷ്താഖ് അലി എന്ന ഹ്രസ്വ ചിത്രം ഒരുക്കിയിരിക്കുന്നത്.
കത്തി, കഠാര പോലുള്ള ആയുധങ്ങൾ വിൽക്കുന്ന മുഷ്താഖ് അലി എന്ന ചെറുപ്പക്കാരന്റെ കഥയാണ് സിനിമയിലൂടെ അനാവരണം ചെയ്യുന്നത്. മുസ്ളിം ആയതിനാൽ തന്നെ ആയുധങ്ങൾ വിൽക്കുന്ന അലി ഭീകരനായി ചിത്രീകരിക്കപ്പെടുന്നുന്നുണ്ട്. യാഥാർത്ഥ്യം എന്താണെന്ന് മനസിലാക്കാനുള്ള മനസ് കാണിക്കാതെ തീവ്രവാദവും രാജ്യദ്രോഹവുമൊക്ക അവർക്കു മേൽ മുദ്ര കുത്തപ്പെടുന്നുണ്ട്. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളിൽ എല്ലാം കൊടുവാളിന് പ്രത്യേക പങ്കുണ്ടെന്ന് പറയുന്ന സിനിമ, രാഷ്ട്രീയവും ചർച്ച ചെയ്യുന്നുണ്ട്. ഷിജു പവിത്രൻ ആണ് മുഷ്താഖിനെ അവതരിപ്പിച്ചിരിക്കുന്നത്.