ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒൻപത് കോടി പതിനഞ്ച് ലക്ഷം പിന്നിട്ടു. പത്തലക്ഷത്തിലധികം മരണവും റിപ്പോർട്ട് ചെയ്തു. വൈറസ് വ്യാപനത്തിൽ അമേരിക്ക, ഇന്ത്യ, ബ്രിട്ടൺ തുടങ്ങിയ രാജ്യങ്ങൾ ആദ്യ മൂന്ന് സ്ഥാനത്തുതന്നെ തുടരുകയാണ്. അതേസമയം, കൊവിഡ് മഹാമാരി ചൈനയിൽ മുളപൊട്ടിയിട്ട് ഒരുവർഷം കഴിയുമ്പോഴും മരണം കൊവിഡ് രൂപത്തിൽ രാജ്യത്ത് നിലനിൽക്കുകയാണ്. വുഹാനിലെ വൈറ്റ് മാർക്കറ്റിൽ നിന്നും ആരംഭിച്ച മഹാമാരി ഇന്ന് ലോകം മുഴുവൻ പിടിമുറുക്കി. ആദ്യവൈറസിൽ നിന്നും വകഭേദങ്ങളും ലോകം കീഴടക്കാൻ തുടങ്ങി. എന്നാൽ വൈറസിന്റെ ഉത്ഭവം എവിടെനിന്നാണെന്ന് ഇതുവരെ കണ്ടെത്താൻ ആർക്കും കഴിഞ്ഞിട്ടില്ല.
ഈ സാഹചര്യം നിലനിൽക്കുമ്പോഴും മറ്റ് രാജ്യങ്ങളിലെ കൊവിഡ് വ്യാപനം വ്യത്യസ്തമല്ല. ദക്ഷിണാഫ്രിക്കയിൽ പുതിയ കൊവിഡ് വകഭേദംകണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ മൂന്നാം ഘട്ട ലോക്ക്ഡൗൺ തുടരുമെന്ന് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമാഫോസ അറിയിച്ചു. രാജ്യത്ത് പ്രഖ്യാപിച്ചിട്ടുള്ള അലേർട്ട് തുടരാനും മന്ത്രിസഭയിൽ തീരുമാനമായി. ദേശീയ കൊറോണ വൈറസ് കമാൻഡ് കൗൺസിലിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ഡിസംബറിൽ പ്രഖ്യാപിച്ച മിക്ക നടപടികളും നിലനിൽക്കാനും തീരുമാനമായി.
കൊവിഡിന്റെ പുതിയ വകഭേദം രാജ്യത്ത് വന്നതോടെ രോഗികളുടെ എണ്ണവും മരണവും വർദ്ധിച്ചിരിക്കുകയാണ്. പുതുവർഷ ദിനം മുതൽ ഇതുവരെ രാജ്യത്ത് ഒരുലക്ഷത്തിന് മേൽ പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ പ്രക്യാപിച്ച നിയന്ത്രണങ്ങൾ തുടർന്നാൽ വൈറസിനെ ചെറുക്കാൻ കഴിയും. പ്രസിഡന്റ് സിറിൽ റമാഫോസ പറഞ്ഞു.
അതേസമയം മോഡേണ വാക്സിൻ കൊവിഡ് വൈറസിനെ കുറഞ്ഞത് ഒരു വർഷമെങ്കിലും പ്രതിരോധിക്കുമെന്ന് ആദ്യത്തെ ഫാർമസ്യൂട്ടിക്കൽ കമ്പനികളിലൊന്നായ മോഡേണ ഇങ്ക് ആവകാശപ്പെടുന്നു. വാക്സിൻ മനുഷ്യശരീരത്തി 90 ശതമാനത്തോളം ഫലപ്രാപ്തി ഉണ്ടാകുമെന്നും കമ്പനി അവകാശപ്പെടുന്നു. വാക്സിൻ നിർമ്മിച്ചിരിക്കുന്ന പുതിയ സാങ്കേതിര വിദ്യയായ മെസഞ്ചർ ആർഎൻഎ(എം ആർഎൻഎ) ലോകത്തിന്റെ പലഭാഗത്തും രൂപപ്പെട്ട കൊവിഡ് വൈറസിനെയും അതിന്റെ വകഭേദങ്ങളെയും നേരിടാൻ കരുത്തുണ്ടെന്നും കമ്പനി അറിയിച്ചു.
വൈറസിനെതിരെ വാക്സിൻ എത്രത്തോളം പ്രവർത്തിക്കുമെന്നുള്ളത് പരിശോധിക്കുമെന്ന് ഡിസംബറിൽ മോഡേണ പറഞ്ഞിരുന്നു.
മൃഗശാലയിലെ ഗോറില്ലയ്ക്കും കൊവിഡ്
സാന്റിയാഗൊ: സാന്റിയോഗൊ മൃഗശാലയിലെ സഫാരി പാർക്കിലുള്ള എട്ട് ഗോറില്ലകൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് മൃഗശാല അധികൃതർ അറിയിച്ചു. ഈ മാസം ആദ്യവാരം രണ്ടു ഗൊറില്ലകൾക്ക് ചുമയും പനിയും കണ്ടിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് കണ്ടെത്തിയത്. ഗൊറില്ലകൾക്ക് ചെറിയ തരത്തിൽ ശ്വാസതടസവും ചുമയും ഉണ്ട്. എന്നാൽ ആരോഗ്യസ്ഥിതി ഗുരുതരമല്ല. ഇവയെ ക്വാറന്റീൻ ചെയ്തിട്ടുണ്ടെന്ന് മൃഗശാല എക്സിക്യൂട്ടീവ് ഡയറക്ടർ ലിസ പീറ്റഴ്സൺ അറിയിച്ചു.. മൃഗശാലയിലെ മറ്റ് മൃഗങ്ങൾക്ക് കൊവിഡ് ബാധിച്ചിട്ടുണ്ടോയെന്ന് വ്യക്തമല്ല. കൊവിഡ് ബാധിതനായ മൃഗശാലയിലെ ജീവനക്കാരനിൽ നിന്നാകാം ഗോറില്ലകൾക്ക് രോഗം ബാധിച്ചതെന്നാണ് സൂചന. യുഎസിൽ ഗോറില്ലകൾക്ക് കൊവിഡ് സ്ഥിരീകരിക്കുന്ന ആദ്യ സംഭവമാണിത്. നേരത്തെ പൂച്ച, പട്ടി എന്നിവയ്ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു.