adithya

ബംഗളൂരു: കർണാടക ലഹരിക്കടത്ത് കേസിലെ പ്രധാന പ്രതികളിലൊരാളും കർണാടക മുൻ മന്ത്രി ജീവരാജ് ആൽവയുടെ മകനുമായ ആദിത്യ ആൽവ ചെന്നൈയിൽ അറസ്റ്റിൽ. നടൻ വിവേക് ഒബ്‌റോയിയുടെ ഭാര്യ പ്രിയങ്ക ആൽവയുടെ സഹോദരനാണ് ആദിത്യ. കേസിൽ ആറാം പ്രതിയായ ആദിത്യ സെപ്തംബർ മുതൽ ഒളിവിലായിരുന്നു. ചെന്നൈയിലെ ഒരു ആഡംബര ഹോട്ടലിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രി ആദിത്യയെ പൊലീസ് പിടികൂടിയിരുന്നു. ഇന്നലെ ആദിത്യയെ ബംഗളൂരുവിലെ സെൻട്രൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തിച്ചു. ചോദ്യം ചെയ്യൽ തുടരുകയാണ്.

കർണാടക ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് സംവിധായകനായ ഇന്ദ്രജിത് ലങ്കേഷ് അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയ പേരുകളിൽ ആദിത്യ ആൽവയുമുണ്ടായിരുന്നു. ബംഗളൂരുവിലെ പ്രാന്തപ്രദേശത്തെ ഫാം ഹൗസിൽ ആദിത്യ ലഹരിപ്പാർട്ടികൾ നടത്തിയിരുന്നുവെന്നാണ് ആരോപണം. ഈ പാർട്ടികളിൽ മയക്കുമരുന്നുകളുടെ ഉപയോഗവും വില്പനയും നടത്തിയിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ആദിത്യ ഒളിവിൽ പോയതിനെ തുടർന്ന് ബംഗളൂരു പൊലീസ് നടൻ വിവേക് ഒബ്റോയിയുടെ മുംബയിലെ വസതിയിലടക്കം തെരച്ചിൽ നടത്തിയിരുന്നു.

സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയിൽ ലഹരിക്കടത്ത് ഉയർന്നുവന്നതിനെ തുടർന്നാണ് എൻ.സി.ബി കന്നഡ സിനിമാലോകത്തെ ലഹരി ഇടപാടുകളെക്കുറിച്ചും അന്വേഷിച്ചത്.

കേസുമായി ബന്ധപ്പെട്ട് നടിമാരായ സഞ്ജന ഗൽറാണി, രാഗിണി ദ്വിവേദി എന്നിങ്ങനെ 17 പേർ അറസ്റ്റിലായിരുന്നു. ബംഗളൂരുവിൽ നടത്തിയ റെയ്ഡിൽ 1.25 കോടിയുടെ മയക്കുമരുന്നാണ് പൊലീസ് പിടിച്ചെടുത്തത്.