kamal

കേരളചലച്ചിത്ര അക്കാദമിയിലെ നാല് കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നുള്ള ചെയർമാൻ കമലിന്റെ ശുപാർശ വിവാദമാവുകയാണ്. ഇടതുപക്ഷക്കാരായ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് ചലച്ചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിറുത്തുന്നതിന് സഹായകമാകും എന്ന ശുപാർശയാണ് സാംസ്‌കാരികവകുപ്പ് മന്ത്രികൂടിയായ എ.കെ ബാലന് കത്ത് മുഖാന്തിരം കമൽ അയച്ചത്.

സംഭവം വിവാദമായതോടെ കടുത്ത വിമർശനമാണ് പ്രതിപക്ഷത്തു നിന്നും ഉയരുന്നത്. സംസ്ഥാന ചലച്ചിത്ര അക്കാദമിയിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യം പിഎസ്‌സി വഴി ജോലി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് യുവാക്കളോടുള്ള അനീതിയാണെന്ന് കോൺഗ്രസ് എം എൽ എ ശബരീനാഥൻ വിമർശിച്ചു. എല്ലാ മാനുഷികമൂല്യങ്ങളും കാറ്റിൽ പറത്തിക്കൊണ്ട് ഇടതുപക്ഷ അനുഭാവികൾക്ക് അക്കാദമിയിൽ സ്ഥിരനിയമനം നൽകാനുള്ള നീക്കമാണ് കമൽ നടത്തുന്നതെന്നും എംഎൽഎ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിക്കുന്നു.

പിസി വിഷ്‌ണുനാഥ് എംഎൽഎയും വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. കമലിന്റെ മാതൃകയിൽ സർക്കാർ ഓഫീസുകളിലെല്ലാം ഇടതുപക്ഷക്കാരെ നിയമിച്ചാൽ പിഎസ്‌സിയുടെ ജോലി എളുപ്പമായി എന്നും, കേരളത്തിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും തൊഴിൽ കിട്ടാത്ത ലക്ഷോപലക്ഷം യുവജനങ്ങളെ വഞ്ചിച്ചുകൊണ്ട് നടത്തുന്ന ഈ തോന്നിവാസത്തിനെതിരെ സമൂഹ മന:സാക്ഷി ഉണരണമെന്നും വിഷ്‌ണുനാഥ് ഫേസ്ബുക്കിൽ കുറിച്ചു.

കമലിൻ്റെ മാതൃകയിൽ സംസ്ഥാനത്തെ സർക്കാർ ഓഫിസുകളിലെല്ലാം 'ഇടതുപക്ഷ' സ്വഭാവമുള്ളവരെ ഇപ്രകാരം ഉൾക്കൊള്ളിക്കാൻ തീരുമാനിച്ചാൽ...

Posted by Pc vishnunadh on Monday, 11 January 2021