തിരുവനന്തപുരം : രണ്ട് പതിറ്റാണ്ടുമുമ്പ് തിരുവനന്തപുരം പൂവാറിൽ സ്ഥാപിച്ച കളരിപ്പയറ്റ് അക്കാഡമി കാടുപിടിച്ചു കിടക്കുന്നത് മറന്ന് സർക്കാർ വീണ്ടും പണംമുടക്കി കോവളത്ത് കളരിപ്പയറ്റ് അക്കാഡമി കൊണ്ടുവരുന്നത് വിവാദമാകുന്നു.
1991-92 കാലത്താണ് പതിനെട്ടരലക്ഷം രൂപയോളം ചെലവിട്ട് സർക്കാർ പൂവാറിൽ കളരി അക്കാഡമി സ്ഥാപിച്ചത്.രണ്ടേക്കർ സ്ഥലത്ത് താമസിച്ച് പഠിക്കാനുള്ള ഹോസ്റ്റൽ കെട്ടിടവും ഇവിടെ നിർമ്മിച്ചു. എന്നാൽ ഇവിടേക്ക് വൈദ്യുതി, കുടിവെള്ള കണക്ഷനുകൾ നൽകുന്നതിൽ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെട്ടതോടെ പൂഴിക്കടകൻ പഠിപ്പിക്കേണ്ട അക്കാഡമി പൂഴിക്കടിയിലേക്ക് പോയി.കെട്ടിടം കാടുപിടിച്ച് നശിച്ചുകാെണ്ടിരിക്കുകയാണ്. ഇത് നല്ലരീതിയിൽ നടത്താനുള്ള നടപടികൾ സ്വീകരിക്കാതെയാണ് കോവളം വെള്ളാറിലെ ടൂറിസം വില്ലേജിൽ പുതിയ അക്കാഡമി സ്ഥാപിക്കാനൊരുങ്ങുന്നതെന്ന് ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി.
ടൂറിസം വില്ലേജിൽ 3500 സ്ക്വയർ ഫീറ്റ് സ്ഥലത്താണ് പുതിയ അക്കാഡമി സ്ഥാപിക്കാനൊരുങ്ങുന്നത്.അക്കാഡമിയുടെ സിലബസ് പ്രകാശനം ഈ മാസം നടത്താനിരിക്കുകയാണ്. എന്നാൽ സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷനെ സഹകരിപ്പിക്കാതെയാണ് ഇക്കാര്യം നടത്തുന്നതെന്നും അവർ നൽകിയ പരാതിയിൽ പറയുന്നു.പൂവാറിലെ അക്കാഡമിക്ക് വേണ്ടിയും സംസ്ഥാനത്തെ സ്കൂളുകളിൽ പാഠ്യവിഷയമാക്കുന്നതിനും ഫെഡറേഷൻ സർക്കാരിനും സ്പോർട്സ് കൗൺസിലിനും പലകുറി സിലബസ് നൽകിയെങ്കിലും അതൊന്നും നടപ്പിലാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും പരാതിയിൽ പറയുന്നു