റീട്ടെയിൽ നാണയപ്പെരുപ്പം 15 മാസത്തെ താഴ്‌ചയിൽ
കൊച്ചി: സാധാരണക്കാർക്കും ബിസിനസ് ലോകത്തിനും കേന്ദ്രസർക്കാരിനും ഒരുപോലെ ആശ്വാസം പകർന്ന് ഡിസംബറിൽ വിലക്കയറ്റത്തെ നിർണയിക്കുന്ന ഉപഭോക്തൃ സൂചിക (റീട്ടെയിൽ) അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പം 4.59 ശതമാനത്തിലേക്ക് കുത്തനെ കുറഞ്ഞു. 15 മാസത്തെ താഴ്‌ചയാണിത്. നവംബറിൽ ഇത് 6.93 ശതമാനവും ഒക്‌ടോബറിൽ 7.61 ശതമാനവും 2019 ഡിസംബറിൽ 7.35 ശതമാനവുമായിരുന്നു.
റിസർവ് ബാങ്ക് മുഖ്യ പലിശനിരക്കുകൾ പരിഷ്‌കരിക്കാൻ പ്രധാനമായും പരിഗണിക്കുന്നത് റീട്ടെയിൽ നാണയപ്പെരുപ്പമാണ്. ഇതു നാലു ശതമാനത്തിൽ നിയന്ത്രിക്കുകയാണ് ലക്ഷ്യമെങ്കിലും 2-6 ശതമാനത്തിന് മദ്ധ്യേ ആണെങ്കിൽ പലിശ കുറയ്ക്കാൻ റിസർവ് ബാങ്ക് തയ്യാറാകും. നാണയപ്പെരുപ്പം ഏഴ് ശതമാനത്തിനുമേൽ എത്തിയത് ചൂണ്ടിക്കാട്ടി കഴിഞ്ഞ ധനനയ നിർണയ യോഗങ്ങളിൽ റിസർവ് ബാങ്ക് പലിശ കുറച്ചിരുന്നില്ല.
കഴിഞ്ഞമാസം നാണയപ്പെരുപ്പം ആശ്വാസനിരക്കിലേക്ക് താഴ്‌ന്ന സാഹചര്യത്തിൽ, ഫെബ്രുവരി അഞ്ചിന് പ്രഖ്യാപിക്കുന്ന ധനനയത്തിൽ പലിശഭാരം കുറയ്ക്കാൻ റിസർവ് ബാങ്ക് തയ്യാറായേക്കും. ഭക്ഷ്യോത്പന്നങ്ങളുടെ വിലനിലവാരം നവംബറിലെ 9.5 ശതമാനത്തിൽ നിന്ന് ഡിസംബറിൽ 3.41 ശതമാനത്തിലേക്ക് കുത്തനെ കുറഞ്ഞത് റിസർവ് ബാങ്കിന് ആശ്വാസമാണെന്നതും അനുകൂലഘടകമാണ്.
വ്യാവസായിക വളർച്ച
വീണ്ടും നെഗറ്റീവിൽ
കൊവിഡ് പ്രതിസന്ധിയിൽ നിന്ന് ശുഭസൂചന നൽകി പോസിറ്റീവ് വളർച്ചയുമായി ഒക്‌ടോബറിൽ കരകയറിയ വ്യാവസായിക ഉത്‌പാദന വളർച്ച നവംബറിൽ വീണ്ടും നെഗറ്റീവിലേക്ക് വീണു. ഒക്‌ടോബറിലെ പോസിറ്റീവ് 3.6 ശതമാനത്തിൽ നിന്ന് നെഗറ്റീവ് 1.9 ശതമാനത്തിലേക്കാണ് നംവബറിന്റെ വീഴ്‌ച.
മാനുഫാക്‌ചറിംഗ് നെഗറ്റീവ് 1.7 ശതമാനവും ഖനനം നെഗറ്റീവ് 7.3 ശതമാനവും തളർന്നതാണ് പ്രധാന തിരിച്ചടി.