covid-vaccine

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് സാഹചര്യത്തിന് പരിഗണന നൽകി കേന്ദ്ര സർക്കാർ. കേരളത്തിൽ കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിന് ആവശ്യമായ പരിഗണന നൽകണമെന്നും പ്രാഥമിക ഘട്ടത്തിൽ അഞ്ച് ലക്ഷം വാക്സിൻ ഡോസുകൾ നൽകണമെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തിന്റെ ഈ അഭ്യർത്ഥനയെ മാനിച്ചുകൊണ്ട് 4.3 ലക്ഷത്തിലധികം കൊവിഷീൽഡ് വാക്സിൻ വയ്ലുകളാണ് കേന്ദ്ര സർക്കാർ കേരളത്തിന് നൽകുന്നത്.

ഇക്കാര്യം കേന്ദ്ര സർക്കാർ ഔദ്യോഗികമായി അറിയിച്ചുവെന്ന് സംസ്ഥാന ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ വ്യക്തമാക്കിയിട്ടുണ്ട്. വിമാനമാർഗം നെടുമ്പാശേരിയിലേക്കും തിരുവനന്തപുരത്തേക്കുമാണ് വാക്സിൻ എത്തുക. തിരുവനന്തപുരത്ത് 1,34,000 ഡോസും എറണാകുളത്ത് 1,80,000 ഡോസും കോഴിക്കോട് 1,19,500 ഡോസുമാണ് എത്തിക്കുക.

ഈ ജില്ലകളിലെ മേഖലാ സംഭരണ ശാലകളിലേക്കാണ് കൊവിഡ് വാക്സിൻ എത്തിച്ചേരുക. ഇവിടെ നിന്നും ഡോസുകൾ പ്രത്യേകം ക്രമീകരിച്ച വാഹനങ്ങളിൽ ജില്ലകളിലെ വാക്സിനേഷൻ കേന്ദ്രങ്ങളിലേക്ക് എത്തിക്കും. കോഴിക്കോട്ടേക്ക് വന്നെത്തുന്ന വാക്സിനുകളിൽ 1,100 ഡോസുകൾ മാഹിയിൽ വിതരണം ചെയ്യുന്നതിന് വേണ്ടിയുള്ളതാണ്.

vaccine

സംസ്ഥാനത്തേക്ക് എത്തുന്ന വാക്സിൻ നിശ്ചയിക്കപ്പെട്ട കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിന് ആവശ്യമായ സംവിധാനങ്ങൾ ഏർപെടുത്തിയിട്ടുണ്ടെന്നും മന്ത്രി കെകെ ശൈലജ അറിയിച്ചിട്ടുണ്ട്.

തിരുവനന്തപുരത്തുനിന്നും ആലപ്പുഴ, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലെയും തിരുവന്തപുരത്തെയും വാക്സിനേഷൻ കേന്ദ്രങ്ങളിലേക്ക് ഡോസുകൾ എത്തിക്കും. കൊച്ചിയിൽ നിന്നും എറണാകുളം, ഇടുക്കി, പാലക്കാട്, തൃശൂർ വാക്സിനേഷൻ കേന്ദ്രങ്ങളിലേക്കും കോഴിക്കോട് നിന്നും കണ്ണൂർ, കോഴിക്കോട്, കാസർകോഡ്, മലപ്പുറം, വയനാട്‌ എന്നിവിടങ്ങളിലേക്കും വാക്സിൻ നൽകും.

നെടുമ്പാശേരിയിൽ എത്തിക്കുന്ന വാക്സിൻ റോഡ് മാർഗമാണ് കോഴിക്കോട്ടേക്ക് നൽകുക. എറണാകുളം ജില്ലയിൽ 12, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ 11 വീതം, ബാക്കി ജില്ലകളിൽ ഒൻപത് വീതം, എന്നിങ്ങനെ 133 കേന്ദ്രങ്ങളാണ് കൊവിഡ് വാക്സിനേഷനായി സംസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്. ഇവിടങ്ങളിൽ ശനിയാഴ്ച വാക്സിനേഷൻ നടക്കും.

vaccine-drive

ഇവിടങ്ങളിൽ നിന്നും ഒരു ദിവസം 100 പേർക്ക് വീതം വാക്സിൻ നൽകാൻ കഴിയും. വാക്സിൻ വയ്ൽ പൊട്ടിച്ചുകഴിഞ്ഞാൽ ആറ് മണിക്കൂറിനകം തന്നെ അത് ഉപയോഗിക്കേണ്ടതുണ്ട്. എല്ലാ കേന്ദ്രങ്ങളിലും കോവിഡ് വാക്‌സിനേഷനായി വിപുലമായ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തി വരുന്നത്. കോവിഡ് വാക്‌സിനേഷനായി ഇതുവരെ 3,62,870 പേരാണ് രജിസ്റ്റര്‍ ചെയ്തത്. സര്‍ക്കാര്‍ മേഖലയിലെ 1,70,259 പേരും സ്വകാര്യ മേഖലയിലെ 1,92,611 പേരുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.