palathankam-tp-madhavan

അന്തരിച്ച സിനിമാ താരവും ഡബ്ബിങ് ആർട്ടിസ്റ്റുമായ പാലാ തങ്കത്തോട് ചലച്ചിത്രതാര സംഘടനയായ 'അമ്മ' നീതി കാണിച്ചില്ലെന്നു നടൻ ടിപി മാധവൻ. ഇന്നത്തെ സംഘാടകർ കാട്ടുന്ന നീതികേടിനു താൻ മാപ്പു ചോദിക്കുന്നതായും അമ്മയുടെ ആദ്യ ജനറൽ സെക്രട്ടറിയായ മാധവൻ പറഞ്ഞു.

മലയാള സിനിമയിലെ മുതിർന്ന നടിമാരിൽ ഒരാളായ പാലാ തങ്കത്തിന്റെ ഭൗതികദേഹം കാണുന്നതിനോ, അന്ത്യോപചാരം ആർപ്പിക്കുന്നതിനോ അമ്മയുടെ ഭാരവാഹികളാരും എത്തിയില്ല. സംഘടനയുടെ വൈസ് പ്രസിഡന്റും സ്ഥലം എംഎൽഎയുമായ കെ.ബി.ഗണേഷ്‌കുമാർ പോലും പത്തനാപുരം ഗാന്ധിഭവനിലേക്ക് എത്തിയില്ലെന്ന് മാധവൻ പറഞ്ഞു.

അസുഖം ഗുരുതരമായ വെള്ളിയാഴ്ച തന്നെ അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെ വിവരം അറിയിച്ചിരുന്നതായി ഗാന്ധിഭവൻ അധികൃതർ അറിയിച്ചു. മരിച്ച ശേഷം ഇടവേള ബാബുവിന്റെ ഓഫിസിൽ നിന്നും വിളിച്ചു അമ്മയുടെ പേരിൽ നിങ്ങൾ തന്നെ റീത്തു വയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്നു ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ പറഞ്ഞു.

2013 മുതൽ പത്തനാപുരം ഗാന്ധിഭവനിൽ അന്തേവാസിയായിരുന്ന പാലാ തങ്കം ഇക്കഴിഞ്ഞ ഞായറാഴ്‌ചയാണ് അന്തരിച്ചത്.