kim

സോൾ: ഉത്തര കൊറിയയിൽ മുൻ ഭരണാധികാരി കിം ജോംഗ് ഇല്ലിനുണ്ടായിരുന്ന പാർട്ടി ജനറൽ സെക്രട്ടറി പദവി ഏറ്റെടുത്ത് മകൻ കിം ജോംഗ് ഉൻ. 2011 ൽ കിം ജോംഗ് ഇൽ മരിച്ചപ്പോൾ ഭരണം ഏറ്റെടുത്ത കിം ജോംഗ് ഉന്നിന്റെ സമ്പൂർണ ആധിപത്യം ഔദ്യോഗികമായി അംഗീകരിക്കുന്നതാണ് ഞായറാഴ്ച നടന്ന വർക്കേഴ്സ് പാർട്ടി തിരഞ്ഞെടുപ്പ്. ഇതുവരെ പാർട്ടി ഫസ്റ്റ് സെക്രട്ടറി എന്ന സ്ഥാനമായിരുന്നു കിമ്മിന്. മുത്തച്ഛൻ കിം ഇൽ സുങ്ങും ജനറൽ സെക്രട്ടറിയായിരുന്നു. അടുത്ത 5 വർഷത്തേക്കു നയതീരുമാനങ്ങൾ എടുക്കുന്ന പാർട്ടി കേന്ദ്ര കമ്മിറ്റിയിൽ കിമ്മിന്റെ സഹോദരി കിം യൊ ജോംഗ് ഉണ്ടെങ്കിലും അവർ പൊളിറ്റ്ബ്യൂറോയിലില്ല. 2017 ൽ പൊളിറ്റ്ബ്യൂറോയിലേക്കു തിരഞ്ഞെടുത്തിരുന്നു. കൂടുതൽ പ്രഹരശേഷിയുള്ള അണുവായുധങ്ങൾ ഇനിയും നിർമിക്കുമെന്ന് കേന്ദ്ര കമ്മിറ്റിയിൽ യോഗത്തിൽ കിം വ്യക്തമാക്കി.