pangong

ശ്രീനഗർ: ചൈനയുമായുള്ള അതിർത്തി സംഘർഷം പുകയുന്നതിനിടയിലും ലഡാക്കിലെ പ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായ പാംഗോംഗ് തടാകം സന്ദർകർക്കായി ഇന്ത്യ വീണ്ടും തുറന്നുകൊടുത്തു. പാംഗോംഗ് തടാകം സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർ ലേയിലെ ഡി.സി ഓഫീസിൽ ഇന്നർ ലൈൻ പെർമിറ്റിന് (ഐ.എൽ.പി.) അപേക്ഷിക്കണമെന്ന് അധികൃതർ അറിയിച്ചു. ഓൺലൈൻ മുഖാന്തരവും അപേക്ഷിക്കാം. 13,862 അടി ഉയരത്തിലാണ് പാംഗോംഗ് തടാകം സ്ഥിതി ചെയ്യുന്നത്. ലവണാംശമുള്ള ജലം ഉൾക്കൊള്ളുന്നതും ഉയരത്തിൽ സ്ഥിതി ചെയ്യുന്നതുമായ അപൂർവം തടാകങ്ങളിലൊന്നാണ് പാംഗോംഗ്. മഞ്ഞുകാലത്ത് തടാകത്തിലെ ലവണാംശമുള്ള ജലം പൂർണമായും തണുത്തുറയും. നിറവ്യത്യാസവും കാണപ്പെടാറുണ്ട്.

തർക്ക പ്രദേശത്ത് സ്ഥിതിചെയ്യുന്ന തടാകത്തിന്റെ മൂന്നിലൊന്ന് ഭാഗം ഇന്ത്യയിലാണുള്ളത്. മൂന്നിൽ രണ്ടുഭാഗം ടിബറ്റിനുള്ളിലാണെങ്കിലും ഇവിടം നിയന്ത്രിക്കുന്നത് ചൈനയാണ്. യഥാർത്ഥ നിയന്ത്രണരേഖയ്ക്ക് സമീപം ഇന്ത്യൻ സൈനികരും പി.എൽ.എയും തമ്മിൽ കഴിഞ്ഞവർഷം സംഘർഷമുണ്ടായിരുന്നു. ഇതിന് പിന്നാലെ മേഖലയിൽ ജനങ്ങളുടെ സഞ്ചാരത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.