
ഇസ്താംബുൾ: പ്രായപൂർത്തിയാകാത്തവരെ ഉൾപ്പടെ ലൈംഗികമായി ചൂഷണം ചെയ്ത മുസ്‌ലിം ടെലിവിഷൻ മതപ്രഭാഷകൻ അദ്നാൻ ഒക്തറിന് 1,075 വർഷത്തെ കഠിന തടവിന് വിധിച്ച് തുർക്കി കോടതി. 10 വ്യത്യസ്ത കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ക്രിമിനൽ സംഘത്തെ നയിക്കുക, രാഷ്ട്രീയ, സൈനിക ചാരവൃത്തിയിൽ ഏർപ്പെടുക, പ്രായപൂർത്തിയാകാത്തവരെ ലൈംഗികമായി ദുരുപയോഗം ചെയ്യുക, ബലാത്സംഗം, ബ്ലാക്ക് മെയിൽ, പീഡനം എന്നീ കുറ്റങ്ങളാണ് ചുമത്തപ്പെട്ടത്.
സമാനമായ കുറ്റങ്ങൾ ചുമത്തി ഒക്തറിന്റെ പതിമൂന്ന് കൂട്ടാളികൾക്കും കഠിന ശിക്ഷ കോടതി വിധിച്ചിട്ടുണ്ട്.
എന്നാൽ 64 കാരനായ ഒക്തർ ആരോപണങ്ങളെല്ലാം നിഷേധിച്ചു. താൻ ഒരു ഗൂഢാലോചനയുടെ ഇരയാണെന്നും വിധിന്യായത്തിനെതിരേ അപ്പീൽ നൽകുമെന്നും ഒക്തർ പറഞ്ഞു.
ടർക്കിഷ് മാദ്ധ്യമ നിരീക്ഷണ സ്ഥാപനം ഇദ്ദേഹത്തിന്റെ ടിവി ചാനലിന് പിഴ ചുമത്തുകയും അദ്ദേഹത്തിന്റെ ഷോകളുടെ പ്രക്ഷേപണം താത്കാലികമായി നിറുത്തിവയ്ക്കുകയും ചെയ്തതിനു പിന്നാലെയായിരുന്നു അറസ്റ്റ്.