krishnakumar

തിരുവനന്തപുരം: താൻ ഒരിക്കലും മമ്മൂട്ടിയെ വിമർശിക്കാൻ ആയിട്ടില്ലെന്നും അദ്ദേഹത്തെ വിമർശിക്കേണ്ട ആവശ്യം തനിക്കില്ലെന്നും നടനും ബിജെപി അനുഭാവിയുമായ കൃഷ്ണകുമാർ. താനും സുരേഷ് ഗോപിയും മാത്രം വിമർശിക്കപ്പെടുന്നുവെന്നും മമ്മൂട്ടി എന്തുകൊണ്ട് വിമർശിക്കപ്പെടുന്നില്ലെന്നുമുള്ള തന്റെ പ്രസ്താവന വിവാദമായ സഹാചര്യത്തിൽ വിഷയത്തെക്കുറിച്ച് ഒരു ഓൺലൈൻ വാർത്താ മാദ്ധ്യമത്തോട് പ്രതികരിക്കുകയായിരുന്നു കൃഷ്ണകുമാർ.

മമ്മൂട്ടിയുമായി തനിക്ക് നല്ല ബന്ധമാണുള്ളത്. ഈ വാര്‍ത്തകള്‍ മമ്മൂട്ടിയും കാണുമായിരിക്കും. സിനിമയില്‍ ഇത്രയും നീണ്ട കാലം താരരാജാവായിരുന്ന അദ്ദേഹത്തിന് ഇങ്ങനെയുള്ള വാര്‍ത്തകള്‍ എങ്ങനെ എടുക്കണമെന്ന് നന്നായി അറിയാം. കൃഷ്ണകുമാർ വിശദീകരിച്ചു. തന്റെ മകൾ അഹാന കൃഷ്ണ ഇപ്പോൾ അഭിനയിക്കുന്നത് മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാൻ നിർമ്മിക്കുന്ന 'അടി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണെന്നും കൃഷ്ണകുമാർ ചൂണ്ടിക്കാട്ടി.

അതേസമയം തന്റെ അച്ഛൻ പറഞ്ഞ കാര്യങ്ങൾ വളച്ചൊടിക്കപ്പെട്ടു എന്നാരോപിച്ചുകൊണ്ട്‌ അഹാന കൃഷ്ണ രംഗ രംഗത്തെത്തിയിട്ടുണ്ട്. കൃഷ്ണകുമാർ മമ്മൂട്ടിയെ കുറിച്ച് താൻ നടത്തിയ പ്രസ്താവനയെക്കുറിച്ച് വിശദീകരിക്കുന്ന അഭിമുഖത്തിന്റെ ഭാഗമാണ് അഹാന ഇൻസ്റ്റാ സ്റ്റോറിയാക്കിയത്. കാര്യങ്ങൾ വളച്ചൊടിച്ചുകൊണ്ട് വാർത്തകളുടെ തലക്കെട്ടുകൾ രസകരമാക്കാൻ മാദ്ധ്യമ സ്ഥാപനങ്ങൾ ശ്രമിക്കുന്നത് അങ്ങേയറ്റം തരംതാണ കാര്യമാണെന്നാണ് നടി തന്റെ സ്റ്റോറിയിലൂടെ ആരോപിക്കുന്നത്.