ഹോങ്കോഗ്: പ്രമുഖ ബിസിനസ് സംരംഭക ലുവോ ലിലി (34) അഞ്ചുമാസമുള്ള പെൺകുഞ്ഞിനൊപ്പം അപ്പാർട്ട്മെന്റിൽനിന്ന് ചാടി ആത്മഹത്യ ചെയ്തു. ലുവോയെയും കുഞ്ഞിനെയും ബുധനാഴ്ച അപ്പാർട്ട്മെന്റിനു താഴെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യാകുറുപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല.
പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രസവത്തെ തുടർന്നുണ്ടായ വിഷാദമാണ് ആത്മഹത്യ ചെയ്യാൻ കാരണമെന്നാണ് പ്രാഥമിക വിവരം.
28ാം വയസ്സിൽ ആദ്യത്തെ ബിസിനസ് സംരംഭം ആരംഭിച്ച ലുവോയ്ക്ക് യുഎസ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ നിന്നും പിന്തുണ ലഭിച്ചിരുന്നു. ഹിലരി ക്ലിന്റൻ, പ്രശസ്ത ഗായിക റിറ്റ ഓറ എന്നിവരടക്കമുള്ളവരുമായി അടുപ്പമുള്ള വ്യക്തിയാണ് ലുവോ.
സമൂഹമാദ്ധ്യമങ്ങളിൽ സജീവമായിരുന്ന ലുവോ ലിലോ, അടുത്തിടെയാണ് താൻ സിംഗിൾ മദറെന്ന കാര്യം തുറന്നു പറഞ്ഞത്. കുഞ്ഞിന്റെ പിതാവ് ആരെന്ന് ഇതുവരെയും വ്യക്തമല്ല. അതേസമയം മകൾ ജനിച്ചതിന്റെ 100ാംനാൾ മകളുടെ ചിത്രത്തിനൊപ്പം പങ്കുവച്ച പോസ്റ്റിൽ, ദൈവത്തിന്റെ ദാനമെന്ന് കുറിച്ചിരുന്നു. അമ്മ ചൈനയിലെ റിയൽ എസ്‌റ്റേറ്റ് സംരംഭകയാണ്. പിതാവ് ഡോക്ടറും..