അപകടത്തിൽ പരിക്കേറ്റ മന്ത്രിയുടെ ഭാര്യയും പ്രൈവറ്റ് സെക്രട്ടറിയും മരിച്ചു
ന്യൂഡൽഹി: വാഹനാപകടത്തിൽ പരിക്കേറ്റ കേന്ദ്ര ആയുഷ് സഹമന്ത്രി ശ്രീപദ് യശോ നായിക്കിന്റെ ആരോഗ്യ നിലയിൽ പുരോഗതി. ശ്രീപദ് നായിക്ക് മരുന്നുകളോട് മികച്ച രീതിയിൽ പ്രതികരിക്കുന്നുവെന്നും അദ്ദേഹം അപകടനില തരണം ചെയ്തതായും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് വ്യക്തമാക്കി. പ്രമോദ് സാവന്ത് ഇന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി ശ്രീപദ് നായിക്കിനെ സന്ദർശിച്ചിരുന്നു.
കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഇന്ന് ഗോവയിലെത്തി നായിക്കിനെ സന്ദർശിക്കും. നോർത്ത് ഗോവയിൽ നിന്നുള്ള എം.പിയാണ് ശ്രീപദ് നായിക്ക്.
കുടുംബവുമൊത്ത് ക്ഷേത്ര ദർശനത്തിനായി ഗോകർണ്ണത്തിലേക്ക് പോകുന്ന വഴി കർണാടകയിലെ അങ്കോലയ്ക്കടുത്ത് വച്ച് അദ്ദേഹത്തിന്റെ കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ അദ്ദേഹത്തിന്റെ ഭാര്യ വിജയ നായികും, പേഴ്സണൽ സെക്രട്ടറി ദീപക്കും ആശുപത്രിയിലേക്ക് പോകുന്ന വഴി മദ്ധ്യേ മരണമടഞ്ഞിരുന്നു. സാരമായി പരിക്കേറ്റ മന്ത്രിയെ ഇന്നലെ രാത്രിയോടെയാണ് വിദഗ്ദ്ധ ചികിത്സയ്ക്കായി അങ്കോലയിൽ നിന്ന് ഗോവ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. പ്രധാനമന്ത്രി ഗോവ മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ച് ശ്രീപദ് നായിക്കിന്റെ ആരോഗ്യവിവരങ്ങൾ അന്വേഷിച്ചു.