വാഷിംഗ്ടൺ: യു.എസ് പ്രസിഡന്റ് ട്രംപിനെതിരെ ഉണ്ടായ ഇംപീച്ച്മെന്റ് നടപടിക്കെതിരെ പ്രതികരിച്ച് ട്രംപ്. രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ മന്ത്രവാദ വേട്ടയുടെ തുടർച്ചയാണ് ഇംപീച്ച്മെന്റെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം യു.എസ് ക്യാപിറ്റോൾ ട്രംപ് അനുകൂലികൾ നടത്തിയ കലാപത്തിന് ട്രംപ് പ്രേരിപ്പിച്ചെന്ന് ആരോപിച്ചാണ് ഇംപീച്ച്മെന്റ് പ്രമേയം പാസാക്കിയത്. യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബൈഡൻ വിജയിച്ചത് ചതിയിലൂടെയാണെന്നും ആക്രമണം നടന്ന ക്യാപിറ്റോളിലേക്ക് മാർച്ച് നടത്തണമെന്നും തന്റെ അനുയായികളോട് അഭ്യർത്ഥിച്ചിരുന്നെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.
വൈസ് പ്രസിഡന്റ് മൈക്ക് പെൻസും മന്ത്രിസഭയും അദ്ദേഹത്തെ സ്ഥാനത്തുനിന്നും നീക്കണമെന്ന് ഡെമോക്രാറ്റുകൾ ആവശ്യപ്പെട്ടിരുന്നു. ഭരണഘടനയുടെ 25ാം ഭേദഗതി നടപ്പാക്കാനും ട്രംപിനെ വൈറ്റ്ഹൗസിൽ നിന്ന് നീക്കംചെയ്യാനും ഡെമോക്രാറ്റുകൾ പെൻസിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. താൻ തെരഞ്ഞെടുപ്പിൽ വിജയിച്ചെന്ന തെറ്റായ അവകാശവാദങ്ങളും ജനക്കൂട്ടത്തോട് നടത്തിയ പ്രസംഗവും ട്രംപ് അനുകൂലികളെ കലാപത്തിന് പ്രേരിപ്പിച്ചതെന്ന് ഇംപീച്ച്മെന്റ് ലേഖനത്തിൽ ചൂണ്ടിക്കാട്ടി.
എന്നാൽ ജോ ബൈഡന്‍ അധികാരമേറ്റടുത്ത് നൂറ് ദിവസങ്ങൾക്കു ശേഷം മാത്രമേ ഇംപീച്ച്‌മെന്റ് സെനറ്റിന്റെ പരിഗണനക്ക് സമർപ്പിക്കുകയുള്ളൂവെന്നാണ് സൂചന. ക്യാപിറ്റോൾ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് കാലാവധിക്ക് മുമ്പ് ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കം നടക്കുന്നത്.