home

ഒരു കെട്ടിടം നിർമ്മിക്കുകയോ, പുനർനിർമ്മിക്കുകയോ, വിപുലീരിക്കുകയോ, കെട്ടിടത്തിന് മാറ്റം വരുത്തുകയോ ചെയ്യുന്നതിന് മുമ്പ് ആദ്യം അത്തരത്തിലുള്ള ഓരോ ജോലിക്കും പ്രത്യേകമായി ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളായ കോർപ്പറേഷൻ, നഗരസഭ, മുനിസിപ്പാലിറ്റി, പഞ്ചായത്ത് എന്നിവിടങ്ങളിലെ സെക്രട്ടറിയിൽ നിന്ന് കെട്ടിടനിർമ്മാണ പെർമിറ്റ് നേടിയിരിക്കേണ്ടതാണ്. കെട്ടിടനിർമ്മാണ ചട്ടങ്ങളെ കുറിച്ച് ഓരോ പൗരനും ബോധവാൻ ആയിരിക്കേണ്ടത് അനിവാര്യമാണ്. കെട്ടിടനിർമ്മാണത്തിനുള്ള അപേക്ഷ നൽകിയാൽ 30 ദിവസത്തിനകം നിർമ്മാണാനുമതി നൽകണമെന്നാണ് ചട്ടം. എന്നാൽ പലർക്കും മാസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയാണുള്ളത്. അപേക്ഷ സമർപ്പിക്കപ്പെടുന്ന അന്നുതന്നെ നിർമ്മാണാനുമതി ലഭിക്കുന്ന വൺ ഡേ പെർമിറ്റ് സേവനം പൊതുജനത്തിന് അത്ര സുപരിചിതമില്ല. ഏകദിന പെർമിറ്റ് സമ്പ്രദായത്തിന് സാധാരണ ഫീസ് മാത്രമേ സർക്കാർ ഈടാക്കുന്നുമുള്ളൂ.


കെട്ടിട നിർമ്മാണ പെർമിറ്റിനുള്ള അപേക്ഷ എങ്ങനെ സമർപ്പിക്കണം:
ഒരു കെട്ടിടം നിർമ്മിക്കുവാനോ പുനർനിർമ്മിക്കാനോ നിർമ്മാണത്തിൽ മാറ്റം വരുത്താനോ വിപൂലീകരണത്തിനോ ഉദ്ദേശിക്കുന്ന ഏതൊരാളും ബന്ധപ്പെട്ട ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിനുള്ള അസൽ പ്രമാണത്തിന്റെ, പകർപ്പും, വസ്‌തുവിന്റെ നടപ്പുവർഷത്തെ കരം വില്ലേജ് ഓഫീസിൽ അടച്ചതിന്റെ പകർപ്പ്, ഭൂമിയുടെ കൈവശാവകാശം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ബി.റ്റി.ആർ. പകർപ്പ്, ബന്ധപ്പെട്ട ഓഫീസിൽ ചട്ടം എ ഫോറത്തിൽ രേഖാമൂലം സെക്രട്ടറിക്ക് അപേക്ഷ സമർപ്പിക്കേണ്ടതാണ്.

അപേക്ഷ സമർപ്പിക്കുമ്പോൾ പ്രമാണത്തിന്റെ ഒറിജിനലും, വസ്‌തുവിന്റെ കരം ഒടുക്കിയ രസീതുകളും, ബന്ധപ്പെട്ട പരിശോധനയിൽ ഹാജരാക്കേണ്ടതാണ്. ഒറിജിനൽ പ്രമാണം ബാങ്കിലാണെങ്കിൽ ബന്ധപ്പെട്ട ബാങ്കിൽ നിന്നും പ്രമാണത്തിന്റെ പകർപ്പിൽ ഞങ്ങളുടെ കൈവശമാണെന്ന് സാക്ഷ്യപ്പെടുത്തിയിരിക്കണം.


കെട്ടിട നിർമ്മാണ പെർമിറ്റ് ഒറ്റ ദിവസം കൊണ്ട് ലഭിക്കുന്നതിന്
2019ലെ കേരള മുനിസിപ്പാലിറ്റി കെട്ടിടനിർമ്മാണ ചട്ടത്തിൽ ഏകവാസഗൃഹം (300 ച.മീ അകത്ത് വരുന്നവ) നിർമ്മാണത്തിൽ വളരെയധികം ഇവകൾ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ പ്രയോജനം ജനങ്ങൾക്ക് എളുപ്പത്തിൽ ലഭിക്കുന്നതിനു വേണ്ടിയാണ് കേരള സർക്കാർ 2000ൽ ഏകദിന പെർമിറ്റ് സമ്പ്രദായം' കൊണ്ടു വന്നത്.


ഏകദിന പെർമിറ്റ് സകീം പ്രകാരം അപേക്ഷ സമർപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ


1. ഒരു വാസഗൃഹം നിർമ്മിക്കുന്നതിന് വേണ്ടിയാണ് ഈ സമ്പ്രദായം. അതായത്; ഒരു അടുക്കളയുള്ള വാസഗൃഹം. കൂടാതെ വാസ ഗ്രഹത്തിൽ സ്‌റ്റെയർകേസ് അകത്തുകൂടി വേണം വരേണ്ടത്.


2. അപേക്ഷയോടൊപ്പം അപേക്ഷനും, പ്ലാൻ തയ്യാറാക്കുന്ന ഡിസൈനറും കൂട്ടുത്തരവാദിത്വത്തോടെ 200/- രൂപയുടെ മുദ്രപത്രത്തിൽ അംഗീകൃത ഫോറത്തിൽ നൽകുന്ന സമ്മതപത്രത്തിന്റെ അടിസ്ഥാനത്തിലാണ് അനുവാദം നൽകുന്നത്.


3. ചട്ടപ്രകാരമുള്ള സൈറ്റ് പ്ലാൻ, ബിൽഡിംഗ് പ്ലാൻ, എലിവേഷൻ പ്ലാൻ, സർവ്വീസ് പ്ലാൻ എന്നിവയും കൂടാതെ ഒരു ചെക്ക് ലിസ്റ്റ്, അപേക്ഷകനും ലൈസൻസിയും ഒപ്പിട്ട് അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്.


4. കേരള കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ ലംഘനം ഇല്ലായെന്ന് ഉറപ്പായാൽ ഉടനെ അനുവാദം നൽകുന്നതാണ്.


5. അപേക്ഷയിന്മേൽ സ്ഥലപരിശോധന നിർബന്ധമല്ല. സ്ഥലപരിശോധന ഇല്ലാതെ അനുവാദം നൽകുമ്പോൾ നൽകിയ പെർമിറ്റിൽ വ്യതിയാനം ഉണ്ടായാൽ ഉദ്യോഗസ്ഥർക്കുമേൽ ഉത്തരവാദിത്വം ഒഴിവാക്കുന്നതായിരിക്കും. മറിച്ച് കെട്ടിടനിർമ്മാണ ചട്ടങ്ങളിൽ ലംഘനം ഉണ്ടായാൽ പൂർണ്ണ ഉത്തരവാദിത്വം അപേക്ഷകനിൽ നിക്ഷിപ്‌തമായിരിക്കുന്നതാണ്.


6. സ്ഥലപരിശോധനകളൊന്നുമില്ലാതെ തൽസമയ പെർമിറ്റ് നൽകുമ്പോൾ അപേക്ഷകനും, പ്ലാൻ തയ്യാറാക്കുന്ന ഡിസൈനറും ബോദ്ധ്യപ്പെട്ട് ഉറപ്പാക്കേണ്ട കാര്യങ്ങളെ സംബന്ധിച്ചുള്ള വിശദവിവരങ്ങൾ വായിച്ച് ബോധ്യപ്പെടേണ്ടതാണ്.

7. ഏകദിന പെർമിറ്റ് സമ്പ്രദായത്തിന് പ്രത്യേകമായി സർക്കാർ ഫീസ് ഒന്നും ഏർപ്പെടുത്തിയിട്ടില്ല. സാധാരണ ഫീസ് മാത്രമേ ഈടാക്കാറുള്ളു.

8. അപേക്ഷ സമർപ്പിക്കുമ്പോൾ അപേക്ഷകനും ഡിസൈനറും ഹാജരാകുന്നത് നല്ലതാണ്. ന്യൂനതകൾ എന്തെങ്കിലുമുള്ള പക്ഷം, അപേക്ഷ തിരികെ നൽകുകയും ന്യൂനത പരിഹരിച്ച് അതേ അപേക്ഷ നൽകുകയും ചെയ്യാം.


9. സർക്കാരിന്റെ വികസനം വരുന്ന റോഡുകൾ, മറ്റ് വികസന പ്രവർത്തനങ്ങൾ എന്നീ മേഖലകളിൽ ഏകദിന പെർമിറ്റ് സമ്പ്രദായം വഴി പെർമിറ്റ് ലഭിക്കുന്നതല്ല. അവിടെ സ്ഥലപരിശോധന വേണ്ടതാണ്.

(ഹരികുമാർ കവടിയാർ

സംസ്ഥാന പ്രസിഡന്റ്, ആൾ കേരള ബിൽഡിംഗ് ഡിസൈനേഴ്‌സ് ഓർഗനൈസേഷൻ

9447154035)