വാഷിംഗ്ടൺ: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഒറാംഗ് ഊട്ടൻ എന്നറിയപ്പെടുന്ന ഇൻജിയെ ദയാവധത്തിന് വിധേയമാക്കി.പ്രായാധിക്യം മൂലമുള്ള ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് ദയാവധം. യു.എസിലെ ഓറിഗൺ മൃഗശാലയിലെ ആംഗമാണ് സുമാത്രൻ ഒറാംഗ് ഊട്ടാനായ ഇൻജി. ഓറാംഗ് ഊട്ടാന്‍ സാധാരണ പ്രായം 40 വയസാണ്.. എന്നാൽ ഇൻജിക്ക് 61 വയസുണ്ട്. കഴിഞ്ഞ കുറച്ച് നാളുകളായി ഇൻജിയ്ക്ക് ഭക്ഷണത്തോട് താത്പര്യമില്ലായിരുന്നു. മരുന്നുകൾ ഫലം ചെയ്യുന്നില്ലെന്ന് കണ്ടതോടെയാണ് ദയാവധത്തിന് വിധേയമാക്കാൻ അധികൃതർ തീരുമാനിച്ചത്.
ഇൻജിയുടെ ജനന തീയതി വ്യക്തമല്ല. ഏകദേശം 1960 ഓടെ ജനിച്ച പെൺ ഒറാംഗ് ഊട്ടാനായ ഇൻജിയെ 1961ലാണ് അമേരിക്കയിലെ മൃഗശാലയിലെത്തിച്ചത്. മൃഗശാലയിലെത്തുമ്പോൾ ഏകദേശം ഒരു വയസുണ്ടായിരുന്നെന്നാണ് കണക്കാക്കുന്നത്.. ഓസ്ട്രേലിയയിലെ പെർത്ത് മൃഗശാലയിൽ ജീവിച്ചിരുന്ന പുവാൻ എന്ന ഒറാംഗ് ഊട്ടാൻ ആയിരുന്നു ഇതിന് മുമ്പ് ലോകത്ത് ഏറ്റവും കൂടുതൽ കാലം ജീവിച്ചിരുന്നത്. 2018ൽ 62 വയസുള്ളപ്പോഴാണ് പുവാൻ ചത്തത്.