abhaya

തൃശൂർ: കോട്ടയത്തെ കോൺവെന്റിൽ വച്ച് കൊല്ലപ്പെട്ട സിസ്റ്റർ അഭയയെ വാക്കുകൾ കൊണ്ട് അപമാനിച്ചും സഭയെ ന്യായീകരിച്ചും വൈദികൻ. മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തിലെ ഫാദർ മാത്യു നായ്ക്കംപറമ്പിലാണ് അഭയയെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയത്. മനുഷ്യാവകാശ പ്രവർത്തകനായ ജോമോൻ പുത്തൻപുരയ്ക്കൽ പങ്കുവച്ച ഒരു വീഡിയോയിലൂടെയാണ് വൈദികൻ നടത്തിയ പരാമർശങ്ങൾ കൂടുതൽപേരുടെ ശ്രദ്ധയിലേക്ക് വന്നതും പരാമർശങ്ങൾക്കെതിരെ വ്യാപക വിമർശനം ഉയർന്നതും.

അഭയ 'ദുരുപയോഗം ചെയ്യപ്പെട്ട' വ്യക്തിയാണെന്നും 'കള്ളനെ കണ്ട് പേടിച്ചോടിയപ്പോഴാണ്' കിണറ്റിൽ വീണതെന്നും മറ്റുമാണ് വൈദികൻ പറയുന്നത്. 'അഭയയുടെ ആത്മാവ് വെളിപ്പെടുത്തുന്നു' എന്ന് പറഞ്ഞുകൊടുള്ള ഒരാളുടെ വാട്‌സാപ്പ് സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് പറയുന്നതെന്നും മാത്യു നായ്ക്കംപറമ്പില്‍ പറഞ്ഞു.

'ഒരാളുടെ അടുത്ത് ചെന്ന് അഭയ പറഞ്ഞ കാര്യമാണ്. എന്നെ ആരും കൊന്നതുമല്ല, ഞാനൊട്ട് ആത്മഹത്യ ചെയ്തതുമല്ല. ഞാന്‍ ഒരു കാലത്ത് ദുരുപയോഗിക്കപ്പെട്ട ഒരു വ്യക്തിയാണ്. പുരുഷന്മാരാല്‍ ദുരുപയോഗിക്കപ്പെട്ട്, പുരുഷന്മാരെ കാണുമ്പോള്‍ പേടി. പല ധ്യാനങ്ങള്‍ കൂടിയിട്ടും ആന്തരികസൗഖ്യം കിട്ടിയില്ല. അങ്ങനെ ഞാന്‍ കന്യാസ്ത്രീയായെങ്കിലും ഒരു കള്ളനെ കണ്ട് ഞാന്‍ പേടിച്ചോടിയപ്പോള്‍ കിണറ്റില്‍ വീണതാണ്. കിണറ്റില്‍ വീണ് മരിച്ചു. അന്ന് തൊട്ട് കൊലപാതകമാണെന്നാണ് പറയുന്നത്.'-ഇങ്ങനെ പോകുന്നു വൈദികന്റെ വാക്കുകൾ.

വീഡിയോ ചുവടെ: