ജകാർത്ത: യാത്രാമദ്ധ്യേ കടലിൽ തകർന്നുവീണ ഇന്തോനേഷ്യയുടെ ശ്രീവിജയ എയർ വിമാനത്തിന്റെ ബ്ലാക് ബോക്സ് നാവികസേന പുറത്തെത്തിച്ചു. അപകടം നടന്ന് നാലാമത്തെ ദിവസമാണ് ബ്ലാക് ബോക്സ് പുറത്തെത്തിക്കുന്നത്. ഫ്ലൈറ്റ് ഡേറ്റാ റെക്കോർഡർ ഉൾപ്പെടുന്ന ബ്ലാക് ബോക്സിലെ വിവരങ്ങൾ പരിശോധിച്ച് അപകടത്തിന്റെ വിശദാംശങ്ങൾ അറിയാനാകുമെന്നാണ് പ്രതീക്ഷ. വിവരങ്ങൾ വിശദമായി പരിശോധിക്കാൻ അഞ്ചുദിവസം വരെയെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
വിമാനത്തിന്റെ വേഗത, ഉയരം, ദിശ, ഫ്ലൈറ്റ് ക്രൂ സംഭാഷണങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ രേഖപ്പെടുത്തുന്ന ബ്ലാക്ക് ബോക്സ് ഡാറ്റ എല്ലാ വിമാന അപകടങ്ങളുടെയും 90 ശതമാനം വിവരങ്ങളും നൽകാൻ സഹായിക്കുമെന്ന് വ്യോമയാന വിദഗ്ദ്ധർ അറിയിച്ചു. തകർന്ന വിമാനത്തിന്റെ കൂടുതൽ അവശിഷ്ടങ്ങളും മറ്റും കണ്ടെത്തുന്നതിന് 160ഓളം മുങ്ങൽ വിദഗ്ദ്ധരെ നിയോഗിച്ചിട്ടുണ്ടെന്ന് നേവി ചീഫ് അഡ്മിറൽ യൂഡോ മാർഗോനോ പറഞ്ഞു.
ബ്ലാക് ബോക്സിലെ വിവരങ്ങളിൽ നിന്ന് അപകടത്തിന്റെ കാരണം വ്യക്തമായാൽ ഭാവിയിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ നടപടിയെടുക്കാമെന്ന് നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി കമ്മിറ്റി അദ്ധ്യക്ഷൻ സൊർജാൻറോ ജാജാനോ വ്യക്തമാക്കി. വിമാന എൻജിന്റെ ഫാൻ ബ്ലേഡുകൾക്ക് തകരാർ സംഭവിച്ച നിലയിലാണ് കണ്ടെത്തിയത്. അപകടസമയത്ത് എൻജിൻ പ്രവർത്തിച്ചിരുന്നുവെന്നാണ് ഇതിൽ നിന്ന് മനസിലാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ക്രാഷ് സൈറ്റിന്റെ 150 മുതൽ 200 മീറ്റർ ഉള്ളിൽ ബ്ലാക്ക് ബോക്സുകൾ എന്ന് സംശയിക്കാവുന്ന രണ്ട് അടയാളങ്ങൾ കണ്ടെത്തിയെന്ന് ഇന്തോനേഷ്യൻ നാൽണൽ സെർച്ച് ആൻഡ് റെസ്ക്യൂ ഏജൻസി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനായി ഒരു ഡൈവിംഗ് ടീമിനെ നിയോഗിച്ചതായും ഉപകരണങ്ങൾ ഉടൻ തന്നെ വീണ്ടെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അഡ്മിറൽ യൂഡോ മാർഗോനോ പറഞ്ഞു. ഇതിന് പിന്നാലെയാണ് ബ്ലാക് ബോക്സുകൾ പുറത്തെത്തിച്ചത്.